ADVERTISEMENT

മുംബൈ∙ മഹേന്ദ്രസിങ് ധോണിക്കൊപ്പം വിരമിക്കൽ പ്രഖ്യാപിച്ചതോടെ യാത്രയയപ്പിന് ‘തിളക്കം കുറഞ്ഞു’പോയ സുരേഷ് റെയ്നയെ പുകഴ്ത്തി മുൻ ഇന്ത്യൻ താരവും ദേശീയ ക്രിക്കറ്റ് അക്കാദമി തലവനുമായ രാഹുൽ ദ്രാവിഡ് രംഗത്ത്. ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഉണ്ടായിരുന്ന കാലത്തെല്ലാം ഏറ്റവും ബുദ്ധിമുട്ടേറിയ ജോലികൾ മാത്രം ചെയ്യേണ്ടി വന്ന വ്യക്തിയാണ് റെയ്നയെന്ന് ദ്രാവിഡ് അനുസ്മരിച്ചു. ബിസിസിഐയുടെ ഔദ്യോഗിക ട്വിറ്റർ പേജിൽ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് ദ്രാവിഡിന്റെ വാക്കുകൾ. അദ്ദേഹത്തിന്റെ നല്ല വാക്കുകൾക്ക് നന്ദിയറിയിച്ച് റെയ്നയും രംഗത്തെത്തി. 2005 ജൂലൈയിൽ ശ്രീലങ്കയ്‌ക്കെതിരായ ഏകദിനത്തിലൂടെ റെയ്ന രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറുമ്പോൾ ടീമിന്റെ നായകനായിരുന്നു ദ്രാവിഡ്.

‘2004–05 കാലഘട്ടത്തിൽ ഇന്ത്യൻ ക്രിക്കറ്റിൽ ഉദിച്ചുയർന്ന താരമായിരുന്നു സുരേഷ് റെയ്ന. അന്ന് അണ്ടർ 19 വിഭാഗത്തിൽ കളിക്കുമ്പോൾ പുറത്തെടുത്ത തകർപ്പൻ പ്രകടനമാണ് റെയ്നയ്ക്ക് ദേശീയ ടീമിലേക്ക് വാതിൽ തുറന്നത്. ഇന്ത്യൻ ക്രിക്കറ്റിനെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട താരമായി റെയ്ന മാറുമെന്ന് അന്ന് തന്നെ വിശ്വാസമുണ്ടായിരുന്നു. അത് ശരിയായിരുന്നുവെന്ന് അതിനുശേഷമുള്ള ഒന്നര പതിറ്റാണ്ടു കാലം നമ്മെ ഓർമിപ്പിക്കുന്നു’ – ദ്രാവിഡ് പറഞ്ഞു.

‘ലിമിറ്റഡ് ഓവർ മത്സരങ്ങളിൽ ഇന്ത്യ നേടിയ ചില അവിസ്മരണീയ വിജയങ്ങളിൽ റെയ്നയുടെ കയ്യൊപ്പുണ്ട്. ഇന്ത്യൻ ക്രിക്കറ്റിന് അദ്ദേഹം നൽകിയ സംഭാവനകൾ തീരെ ചെറുതല്ല. പ്രത്യേകിച്ചും ലിമിറ്റഡ് ഓവർ മത്സരങ്ങളിൽ. ലോകകപ്പ്, ചാംപ്യൻസ് ട്രോഫി കീരിടങ്ങൾ ചൂടിയ ടീമിൽ അംഗമാണ് റെയ്നയെന്ന് മറക്കരുത്’ – ദ്രാവിഡ് ചൂണ്ടിക്കാട്ടി.

ഇന്ത്യൻ ബാറ്റിങ് നിരയിൽ ടോപ് ഓർഡറിൽ ബാറ്റു ചെയ്യാൻ അവസരം കിട്ടിയിരുന്നെങ്കിൽ ഇപ്പോഴത്തേതിലും മികച്ച റെക്കോർഡുകൾ അദ്ദേഹത്തിന്റെ പേരിനു നേരെ കാണുമായിരുന്നുവെന്ന് ദ്രാവിഡ് ചൂണ്ടിക്കാട്ടി. ഐപിഎല്ലിൽ സുരേഷ് റെയ്നയുടെ പേരിലുള്ള റെക്കോർഡുകൾ ചൂണ്ടിക്കാട്ടിയാണ് ദ്രാവിഡ് തന്റെ വാദത്തെ സാധൂകരിച്ചത്. ചെന്നൈ സൂപ്പർ കിങ്സിനു വേണ്ടി മൂന്നാം നമ്പറിൽ ബാറ്റുചെയ്യുന്ന റെയ്ന, റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ നായകൻ വിരാട് കോലി കഴിഞ്ഞാൽ ഐപിഎല്ലിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമാണ്.

‘ഇന്ത്യൻ ടീമിനായി എക്കാലവും ഏറ്റവും ബുദ്ധിമുട്ടുള്ള ജോലികൾ മാത്രം ചെയ്യേണ്ടി വന്ന താരമാണ് റെയ്നയെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ബാറ്റിങ്ങിൽ എക്കാലവും മധ്യനിരയിൽ ഏറ്റവും താഴെയായിരുന്നു അദ്ദേഹത്തിന്റെ സ്ഥാനം. ടോപ് ഓർഡറിൽ ബാറ്റു ചെയ്യാൻ അവസരം ലഭിക്കേണ്ട താരമായിരുന്നു റെയ്നയെന്ന് മനസ്സിലാക്കാൻ ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനു വേണ്ടി പുറത്തെടുക്കുന്ന കളി മാത്രം നോക്കിയാൽ മതി’ – ദ്രാവിഡ് ചൂണ്ടിക്കാട്ടി.

‘ഇന്ത്യയ്ക്കു വേണ്ടി അദ്ദേഹം ബാറ്റിങ് ഓർഡറിൽ ഏറ്റവും താഴെ കളിക്കാനിറങ്ങി, ഏറ്റവും ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിൽ ഫീൽഡ് ചെയ്തു, നിർണായക സമയത്ത് കൊള്ളാവുന്ന ഓവറുകളിലൂടെ ബോളിങ്ങിലും കരുത്തുകാട്ടി. ടീം മാൻ എന്ന നിലയിൽ ഏറ്റവും കൂടുതൽ കയ്യടി ലഭിക്കേണ്ട താരമെന്ന് ഉറപ്പ്’ – ദ്രാവിഡ് പറഞ്ഞു.

ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ലഘു കുറിപ്പിലൂടെയാണ് ദ്രാവിഡിന്റെ വാക്കുകൾക്ക് റെയ്ന നന്ദിയറിയിച്ചത്.

‘രാഹുൽ ഭായ്, താങ്കളുടെ പ്രോത്സാഹനത്തിന്റെ വാക്കുകൾക്ക് നന്ദി. കുട്ടിക്കാലത്ത് എന്റെ പ്രധാന പ്രചോദനം താങ്കളായിരുന്നു. പിന്നീട് താങ്കൾക്കു കീഴിൽത്തന്നെ അരങ്ങേറ്റം കുറിക്കാൻ കഴിഞ്ഞത് സ്വപ്നസമാനമായിരുന്നു. ഏകദിന, ടെസ്റ്റ് ക്യാപ്പുകൾ ആദ്യമായി താങ്കളിൽനിന്ന് സ്വീകരിക്കാൻ കഴിഞ്ഞത് ഇന്നും എന്റെ ജീവിതത്തിലെ ഏറ്റവു സുന്ദരമായ നിമിഷമാണ്. എന്നെ എക്കാലവും താങ്കളുടെ സ്വന്തമായി കണ്ടാണ് പെരുമാറിയിട്ടുള്ളത്. ഈ സന്ദേശത്തിലൂടെ എന്റെ ഈ ദിവസം താങ്കൾ ധന്യമാക്കി’ – റെയ്ന പറഞ്ഞു.

English Summary: Raina did all the difficult things playing for India: Dravid

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com