ADVERTISEMENT

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) പുതിയ സീസൺ തുടങ്ങുന്നത് സെപ്റ്റംബർ 19നാണ്. എന്നാൽ അതിനും കൃത്യം ഒരു മാസം മുൻപേ ഭൂഗോളത്തിന്റെ മറുപാതിയിൽ ഏറ്റവും വലിയ ട്വന്റി20 ക്രിക്കറ്റ് മാമാങ്കം തുടങ്ങിക്കഴിഞ്ഞു- കരീബിയൻ പ്രീമിയർ ലീഗ് (സിപിഎൽ‌)! ഐപിഎൽ തുടങ്ങുന്നതിനു മുൻപായി സെപ്റ്റംബർ 10നു അവസാനിക്കുകയും ചെയ്യും. ഐപിഎല്ലിന്റെ ഒരു ഡ്രസ്സ് റിഹേഴ്സലാണ് സിപിഎൽ എന്നു പറയാം. കോവിഡ് കാലത്തു നടക്കുന്ന ആദ്യത്തെ പ്രഫഷനൽ ട്വന്റി20 ലീഗ് ആണ് എന്ന പ്രത്യേകതയുമുണ്ട്.

ഒറ്റ ഇന്ത്യൻ താരം പോലും കരീബിയൻ പ്രീമിയർ ലീഗിൽ കളിക്കുന്നില്ല. പക്ഷേ ചാംപ്യൻഷിപ്പിലെങ്ങും ഇന്ത്യൻ മയമാണ്. ലീഗിൽ കളിക്കുന്ന ആറു ടീമുകളുടെയും ഉടമസ്ഥർ ഇന്ത്യക്കാരോ ഇന്ത്യൻ വംശജരോ ആണ്. ടിക്കറ്റ് വിൽപ്പന നിയന്ത്രിക്കുന്നത് ഇന്ത്യൻ കമ്പനിയായ ‘ബുക് മൈ ഷോ’! കരീബിയൻ പ്രീമിയർ ലീഗിലെ ഇന്ത്യൻ സാന്നിധ്യത്തെക്കുറിച്ച് വായിക്കാം...

∙ ഡ്രീം ഇലവൻ ഇവിടെയും!

2013ൽ ആരംഭിച്ച ലീഗിന്റെ പ്രധാന സ്പോൺസർ ഇന്ത്യൻ കമ്പനിയായ ഹീറോ മോട്ടോർ കോർപ് ആണ്. ഇരുചക്ര വാഹനങ്ങൾ വളരെ അപൂർവമായിരുന്ന കരിബീയൻ ദ്വീപുകളിൽ ഹീറോ മോട്ടോർ കോർപ്പിന് ആകെയുള്ളത് ഒരു സ്ഥാപനം മാത്രം. 2023 വരെ ഹീറോ തന്നെ ആയിരിക്കും പ്രധാന സ്പോൺസർ. മറ്റൊരു പ്രധാന സ്പോൺസർ ഇത്തവണത്തെ ഐപിഎല്ലിന്റെ ടൈറ്റിൽ സ്പോൺസർ മുംബൈ ആസ്ഥാനമായുള്ള ഫാന്റസി ഗെയിമിങ് സംരംഭം ഡ്രീം 11. കളി നടക്കുന്നത് വെസ്റ്റിൻഡീസിലാണെങ്കിലും  ഡ്രീം11ന്റെ പരസ്യത്തിൽ കാണിക്കുന്ന സമ്മാനത്തുക ഡോളറിന് പകരം ഇന്ത്യൻ രൂപ തന്നെയാണ്.

imran-tahir-cpl
സിപിഎൽ മത്സരത്തിനിടെ ബ്ലാക്ക് ലൈവ്‌സ് മാറ്റർ ക്യാംപയിന് പിന്തുണ പ്രഖ്യാപിക്കുന്ന ഗയാന ആമസോൺ വാരിയേഴ്സിന്റെ ദക്ഷിണാഫ്രിക്കൻ താരം ഇമ്രാൻ താഹിർ.

കാരണം, കളി ഇവിടെയാണെങ്കിലും കച്ചവടം ഇന്ത്യയിൽ തന്നെയാണ്. ടിക്കറ്റ് വിൽപന നിയന്ത്രിക്കുന്നത് ആദ്യം 'ക്യാ സൂൻഗ' ആയിരുന്നെങ്കിൽ കഴിഞ്ഞ വർഷം മുതൽ അത് 'ബുക്ക് മൈ ഷോ ' ആയി. രണ്ടും ഇന്ത്യയിൽ നിന്നുള്ള കമ്പനികൾ. കളിക്കാരുടെ ജഴ്സി ഉൾപ്പെടെയുള്ള വസ്ത്രങ്ങളും ബാറ്റ്, പാഡുകൾ തുടങ്ങിയ അനുബന്ധ ഉപകരണങ്ങളും നൽകുന്ന കമ്പനിയുടെ ഓഫിസ് കാനഡയിൽ ഉണ്ടെങ്കിലും കമ്പനി റജിസ്റ്റർ ചെയ്തിരിക്കുന്നത് ഇന്ത്യയിൽ തന്നെ. ഉടമസ്ഥനും ഇന്ത്യക്കാരൻ! 

∙ ഷാറൂഖ് ഖാൻ മുതൽ അഭിഷേക് നായർ വരെ

കരീബീയൻ പ്രീമിയർ ലീഗിലെ ഇന്ത്യൻ സാന്നിധ്യത്തിന് മറ്റൊരു കാരണം കൂടെയുണ്ട്. ലീഗിലെ ആറ് ടീമുകളുടെയും ഉടമസ്ഥർ ഇന്ത്യക്കാരോ ഇന്ത്യൻ വംശജരോ ആണ്. ഷാരൂഖ് ഖാൻ, ജൂഹി ചൗള തുടങ്ങിയവരുടെ ഉടമസ്ഥയിലുള്ള റെഡ് ചില്ലീസ് എന്റർടൈൻമെന്റ് ആണ് മൂന്നുവട്ടം സിപിഎൽ ചാമ്പ്യന്മാരായ ട്രിബാംഗോ നൈറ്റ് റൈഡേഴ്‌സിന്റെ ഉടമസ്ഥർ. കോച്ച് ബ്രണ്ടൻ മക്കല്ലം. അസിസ്റ്റന്റ് കോച്ച് മുൻ ഐപിഎൽ താരവും മലയാളിയുമായ അഭിഷേക് നായർ. കഴിഞ്ഞ വർഷം വരെ ക്രിസ് ഗെയ്ൽ നായകനായിരുന്ന ജമൈക്ക തലവസ്സിന്റെ ഉടമസ്ഥാവകാശം വേൾഡ് സ്പോർട്സ് മാനേജ്‌മെന്റ് ഗ്രൂപ്പിനാണ്. ഇന്ത്യൻ വംശജനായ കൃഷ്ണ ക്രിസ് പ്രസാദ് ആണ് വേൾഡ് സ്പോർട്സ് മാനേജ്‌മന്റ് ഗ്രൂപ്പിന്റെ പ്രസിഡന്റ്. 2013ലും 2016ലും സിപിഎൽ ചാംപ്യന്മാരായിരുന്നു ജമൈക്ക തലവാസ്.

അഞ്ചു പ്രാവശ്യം ഫൈനലിൽ പരാജയപ്പെട്ട ടീമാണ് ഗയാന ആമസോൺ വാരിയേഴ്സ്. കഴിഞ്ഞ തവണ ഒരു കളി പോലും തോൽക്കാതെ നേരിട്ട് ഫൈനലിലേക്ക് പ്രവേശിച്ചു. പക്ഷെ ഫൈനലിൽ ബാർബഡോസ് ട്രൈഡന്റിനോട് തോൽവി ഏറ്റുവാങ്ങി. ഇന്ത്യൻ വംശജനും വ്യവസായിയുമായ രഞ്ജിസിങ് ബോബി റാംരൂപാണ് ഗയാന ആമസോൺ വാരിയേഴ്സിന്റെ ഉടമസ്ഥൻ. 

∙ മല്യയെ പുറത്താക്കി

വിവാദ വ്യവസായി വിജയ് മല്യ ആയിരുന്നു ജെയ്സൺ ഹോൾഡർ നായകനായ ബാർബഡോസ് ട്രൈഡന്റ്സിന്റെ ഉടമസ്ഥൻ. ഇപ്പോഴത്തെ ഉടമസ്ഥർ ഡാലസ് ആസ്ഥാനമായ ചലക് മിത്ര ഗ്രൂപ്പ് ആണ്. മനീഷ് പട്ടേൽ ആണ് ചലക് മിത്ര ഗ്രൂപ്പിന്റെ സാരഥി. 2016 ൽ ആണ്  മല്യ ബാർബഡോസ് ട്രൈഡന്റ്സിന്റെ ഉടമസ്ഥാവകാശം നേടുന്നത്. പ്രതിഫലം ലഭിക്കുന്നില്ല എന്ന കളിക്കാരുടെ നിരന്തരമായ പരാതികളെ തുടർന്ന് സിപിഎൽ മാനേജ്‍മെന്റ് മല്യയെ ഒഴിവാക്കുകയായിരുന്നു.

മുൻ വെസ്റ്റിൻഡീസ് താരം ഡാരൻ സമി നായകനായ ടീം ആണ് സെന്റ് ലൂസിയ സൂക്സ്. ഗുജറാത്ത് സ്വദേശിയും അമേരിക്കയിൽ വ്യവസായിയുമായ ജയ് പാണ്ഡ്യയ്ക്കായിരുന്നു ടീമിന്റെ ഉടമസ്ഥാവകാശം. സാമ്പത്തിക ക്രമക്കേടുകളെത്തുടർന്ന് തുടർന്ന് 2019ൽ ടീമിനെ സിപിഎൽ മാനേജ്മെന്റ് തിരിച്ചെടുത്തു സെന്റ് ലൂസിയ സൂക്സ് എന്ന് പേര് മാറ്റി പകരം സെന്റ് ലൂസിയ സ്റ്റാർ എന്നാക്കുകയും ചെയ്തു. കിങ്‌സ് ഇലവൻ പഞ്ചാബാണ് ടീമിന്റെ പുതിയ ഉടമസ്ഥർ. കൊൽക്കത്തയ്ക്കു പുറമെ സിപിഎൽ ടീം സ്വന്തമാക്കുന്ന രണ്ടാമത്തെ ഐപിഎൽ ഫ്രാഞ്ചൈസിയാണ് കിങ്‌സ് ഇലവൻ പഞ്ചാബ്. മലയാളിയായ സതീഷ് മേനോൻ ആണ് രണ്ടു ടീമിനെയും നിയന്ത്രിക്കുന്നത്.

∙ വിദേശി ഐപിഎൽ

ഒരുകാലത്തു കിങ്ഫിഷർ എയർലൈനിനു വിമാനങ്ങൾ വാടകയ്ക്കു നൽകിയിരുന്ന കയാൻ ഏവിയേഷൻ കമ്പനിയുടെ സ്ഥാപകനും ചെയർമാനും ആയിരുന്ന ഡോ. ഉദയ് നായക് ആയിരുന്നു 2014 മുതൽ സെന്റ് കിറ്റ്സ് ആൻഡ് നെവിസ് പാട്രിയറ്റ്സിന്റെ ഉടമസ്ഥൻ. എങ്കിലും കഴിഞ്ഞ സീസസിൽ ഉടമസ്ഥാവകാശം സിറ്റി സ്പോർട്സ് എന്ന കമ്പനിയ്ക്ക് വിറ്റു. ഹോങ്കോങ് ആസ്ഥാനമായ സിറ്റി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഭാഗമാണ് സിറ്റി സ്പോർട്സ്.

കേരളത്തിൽ വേരുകളുള്ള, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ പ്രബോഷനറി ഓഫീസർ ആയി തുടങ്ങി, 1991 ൽ ഹോങ്കോങ്ങിലേയ്ക്ക് കുടിയേറിയ സുശീൽ കുമാർ കേശവൻ ആണ് സിറ്റി സ്പോർട്സിന്റെ അമരക്കാരൻ. സിനിമാ താരങ്ങൾ മുതൽ റിയൽ എസ്റ്റേറ്റുകാരൻ വരെ... ഫാസ്റ്റ് ഫുഡ് വിതരണക്കാരൻ മുതൽ കുപ്രസിദ്ധനായ വ്യവസായി വരെ... വെസ്റ്റിൻഡീസ് ക്രിക്കറ്റ് ഇന്ത്യൻ വ്യവസായികൾക്കായി തുറന്നിട്ട ആകാശം വളരെ വലുതാണ്, വിശാലവും....!

English Summary: Indian Presence in Caribbian Premier League (CPL)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com