ADVERTISEMENT

ന്യൂഡൽഹി∙ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 13–ാം സീസണിനായി യുഎഇയിലെത്തിയ ചെന്നൈ സൂപ്പർ കിങ്സിന്റെ താരങ്ങളിൽ ഒരാൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ത്യയുടെ സമീപകാല മത്സരങ്ങളിൽ കളത്തിലിറങ്ങിയ യുവ ബോളർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. താരത്തിനു പുറമെ സ്റ്റാഫ് അംഗങ്ങളിൽ ചിലർക്കും കോവിഡ് സ്ഥിരീകരിച്ചതോടെ ക്വാറന്റീൻ കാലാവധി നീട്ടാൻ ചെന്നൈ സൂപ്പർ കിങ്സ് തീരുമാനിച്ചു. സംഘത്തിലെ പത്തിലധികം പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ യുഎഇയിലേക്ക് മാറ്റിയ ഐപിഎല്ലിനായി ചെന്നൈ താരങ്ങൾ ഈ മാസം 21നാണ് യുഎഇയിലെത്തിയത്. ചെന്നൈയിൽ നിന്നുള്ള ചാർട്ടേഡ് വിമാനത്തിൽ ക്യാപ്റ്റൻ എം.എസ്. ധോണി ഉൾപ്പെടെയുള്ളവർ ഒരുമിച്ചാണ് യുഎഇയിലെത്തിയത്.അടുത്ത മാസം 19 മുതൽ നവംബർ 30 വരെയാണ് ഇത്തവണ ഏപിഎൽ അരങ്ങേറുക.

യുഎഇയിലെത്തിയ ശേഷം ഒന്നാം ദിനവും മൂന്നാം ദിനവും ആറാം ദിനവുമായി മൂന്നു ഘട്ടങ്ങളിലായാണ് ചെന്നൈ താരങ്ങൾക്ക് കോവിഡ് പരിശോധന നടത്തിയത്. ഇന്ത്യയിൽനിന്ന് യാത്ര തിരിക്കും മുൻപും കോവിഡ് പരിശോധന നടത്തിയിരുന്നു. യുഎഇയിലെത്തിയ ശേഷമുള്ള പരിശോധനകളിൽ ഒന്നിലാണ് ഇന്ത്യൻ താരത്തിനും സ്റ്റാഫ് അംഗങ്ങളിൽ ചിലർക്കും കോവിഡ് സ്ഥിരീകരിച്ചത്.

‘അതെ, ചെന്നൈ സൂപ്പർ കിങ്സ് ടീമിലെ ഒരു വലംകയ്യൻ മീഡിയം പേസ് ബോളർക്ക് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം അടുത്തിടെ ഇന്ത്യയ്ക്കായി കളിച്ചിരുന്നു. ഏതാനും സ്റ്റാഫ് അംഗങ്ങൾക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്’ – ഐപിഎൽ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. ചെന്നൈ സൂപ്പർ കിങ്സിൽ ഇന്ത്യൻ ജഴ്സിയണിഞ്ഞ രണ്ട് പേസ് ബോളർമാരാണുള്ളത്; ഷാർദുൽ താക്കൂറും ദീപക് ചാഹറും. ഇവരിൽ ഒരാൾക്കാണ് കോവിഡ് സ്ഥിരീകരിച്ചതെന്നാണ് വിവരം.

‘സിഎസ്കെ മാനേജ്മെന്റിന്റെ ഭാഗമായിട്ടുള്ള മുതിർന്ന വ്യക്തിക്കും അദ്ദേഹത്തിന്റെ ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചതായാണ് വിവരം. അവരുടെ സോഷ്യൽ മീഡിയ ടീമിലെ കുറഞ്ഞത് രണ്ടു പേർക്കും കോവിഡ് സ്ഥിരീകരിച്ചു’ – ഐപിഎൽ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.

യുഎഇയിലെത്തിയ ശേഷമുള്ള ക്വാറന്റീനിൽ കാലയളവ് അവസാനിച്ചെങ്കിലും സംഘത്തിലെ ചിലർക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ചെന്നൈ സൂപ്പർ കിങ്സ് ക്വാറന്റീൻ സെപ്റ്റംബർ ഒന്നുവരെ നീട്ടി. ബിസിസിഐയുടെ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം കോവിഡ് സ്ഥിരീകരിക്കുന്നവർ ഏഴു ദിവസം കൂടുതലായി ക്വാറന്റീനിൽ കഴിയണം. തുടർച്ചയായ പരിശോധനകളിൽ ഫലം നെഗറ്റീവാണെന്ന് ഉറപ്പാക്കിയശേഷം മാത്രമേ ഇവർക്ക് വീണ്ടും ബയോ സെക്യുർ ബബ്ളിന്റെ ഭാഗമാകാനാകൂ.

English Summary: Indian pacer among 10 members of CSK contingent to test positive for COVID-19

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com