ADVERTISEMENT

സതാംപ്ടൺ∙ കോവിഡ് വ്യാപനം സൃഷ്ടിച്ച പ്രതിസന്ധിക്കുശേഷമുള്ള തിരിച്ചുവരവിൽ കരുത്തരായ ഓസ്ട്രേലിയയ്ക്ക് തോൽവിത്തുടക്കം. വിജയസാധ്യത അവസാന പന്തുവരെ ഇരുപക്ഷത്തേക്കും മാറിമറിഞ്ഞ മത്സരത്തിൽ ആതിഥേയരായ ഇംഗ്ലണ്ട് രണ്ട് റൺസിനാണ് ഓസീസിനെ വീഴ്ത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 162 റൺസെടുത്തു. അർധസെഞ്ചുറി നേടിയ ഡേവിഡ് മലാന്റെ പ്രകടനമാണ് ഇംഗ്ലിഷ് ഇന്നിങ്സിന്റെ നട്ടെല്ല്. 43 പന്തിൽ അഞ്ച് ഫോറും മൂന്നു സിക്സും സഹിതം മലാൻ നേടിയത് 66 റൺസ്. മറുപടി ബാറ്റിങ്ങിൽ മികച്ച തുടക്കമിട്ട ഓസീസ്, അവസാന ഓവറുകളിൽ പിടിച്ചുനിൽക്കാനാകാതെ രണ്ടു റൺസ് അകലെ പോരാട്ടം അവസാനിപ്പിച്ചു. മലാനാണ് കളിയിലെ കേമൻ.

ഓസീസിനെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് നിരയിൽ രണ്ടക്കം കണ്ടത് വെറും മൂന്നു പേരാണ്. പക്ഷേ, ഓസീസിനെ പിടിച്ചുകെട്ടാനുള്ള ടോട്ടൽ ഉറപ്പാക്കാൻ അവർക്കത് ധാരാളമായിരുന്നു. ഓപ്പണറായെത്തിയ ജോസ് ബട്‍ലർ 29 പന്തിൽ അഞ്ച് ഫോറും രണ്ടു സിക്സും സഹിതം 44 റൺസെടുത്തു. സഹ ഓപ്പണർ ജോണി ബെയർസ്റ്റോ എട്ടു റൺസുമായി മടങ്ങിയെങ്കിലും വൺഡൗണായെത്തിയ ഡേവിഡ് മലാന്‍ അർധസെഞ്ചുറി കുറിച്ചതോടെ ഇംഗ്ലണ്ട് ഭേദപ്പെട്ട സ്കോറിലേക്കെത്തി. എട്ടു പന്തിൽ പുറത്താകാതെ 14 റൺസെടുത്ത ക്രിസ് ജോർദാനാണ് രണ്ടക്കം കണ്ട മൂന്നാമൻ.

ബെയർസ്റ്റോയ്ക്കു പുറമെ ടോം ബാന്റൻ (എട്ട്), ക്യാപ്റ്റൻ ഒയിൻ മോർഗൻ (അഞ്ച്), മോയിൻ അലി (രണ്ട്), ടോം കറൻ (ആറ്) എന്നിവർ നിരാശപ്പെടുത്തി. ഓസീസിനായി ആഷ്ടൺ ആഗർ, കെയ്ൻ റിച്ചാർഡ്സൻ, ഗ്ലെൻ മാക്സ്‌വെൽ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസിന് ഓപ്പണർമാരായ ഡേവിഡ് വാർണറും ആരോൺ ഫിഞ്ചും ചേർന്ന് സമ്മാനിച്ചത് സ്വപ്നതുല്യമായ തുടക്കം. അർധസെഞ്ചുറി നേടിയ വാർണറും അർധസെഞ്ചുറിക്ക് നാലു റൺസ് അകലെ പുറത്തായ ഫിഞ്ചും ചേർന്ന് ഓപ്പണിങ് വിക്കറ്റിൽ കൂട്ടിച്ചേർത്തത് 98 റൺസ്. വാർണർ 47 പന്തിൽ നാലു ഫോറുകൾ സഹിതം 58 റൺസും ഫിഞ്ച് 32 പന്തിൽ ഏഴു ഫോറും ഒരു സിക്സും സഹിതം 46 റൺസുമെടുത്തു. സ്റ്റീവ് സ്മിത്ത് (11 പന്തിൽ 18), മാർക്കസ് സ്റ്റോയ്നിസ് (18 പന്തിൽ 23) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ച വച്ചെങ്കിലും വിജയലക്ഷ്യത്തിലെത്താനായില്ല.

ടോം കറൻ എറിഞ്ഞ അവസാന ഓവറിൽ ഓസീസിന് വിജയത്തിലേക്ക് 15 റൺസ് വേണ്ടിയിരുന്നെങ്കിലും ക്രീസിലുണ്ടായിരുന്ന സ്റ്റോയ്നിസിന് ഒരു സിക്സ് സഹിതം നേടാനായത് 12 റൺസ് മാത്രം. ഇംഗ്ലണ്ടിനായി ജോഫ്ര ആർച്ചർ, ആദിൽ റഷീദ് എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

English Summary: Dawid Malan, Jos Buttler star as England beat Australia by 2 runs in Southampton

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com