ADVERTISEMENT

സ്ഥിരം മുഖങ്ങളെന്നു പറയാവുന്ന താരങ്ങളുമായി പ്രീമിയർ ലീഗിൽ സ്ഥിരതയാർന്ന പ്രകടനം നടത്തുന്ന ടീമുകളിലൊന്നാണു സൺറൈസേഴ്സ്. ബാറ്റിലും ബോളിലും വിശ്വസ്തരുടെ നിരയുള്ള ഹൈദരാബാദിന്റെ സാധ്യതകൾക്ക് ഈ വരവിലും കിരീടത്തിളക്കമുണ്ട്. കഴിഞ്ഞ സീസണിൽ എലിമിനേറ്റർ വരെയെത്തി മടങ്ങിയ മുൻ ജേതാക്കൾ ആ കരുത്തൊട്ടും ചോരാതെയാണ് യുഎഇയിലെത്തിയിട്ടുള്ളത്. താരലേലത്തിൽ പഴുതുകൾ അധികമില്ലാതെയെത്തിയ സൺറൈസേഴ്സ് പലപ്പോഴും കാഴ്ചക്കാരുടെ റോളിലായിരുന്നു.

പക്ഷേ ലേലത്തിനൊടുവിൽ ‘സ്മാർട്’ എന്നുതന്നെ പറയാവുന്ന താരങ്ങളെയും സ്വന്തമാക്കിയാണു ടീം പുതിയ സീസണിനു തുടക്കം കുറിച്ചത്. തലയെടുപ്പുള്ള ഓൾറൗണ്ട് താരങ്ങളെയും ആഭ്യന്തര ക്രിക്കറ്റിൽ ഉദിച്ചുയരുന്ന യുവനക്ഷത്രങ്ങളെയും കൂട്ടിച്ചേർത്ത കരുത്തുമായാണു ട്രെവർ ബെയ്‌ലിസിന്റെ ഓറഞ്ച് ആർമിയുടെ കിരീടാന്വേഷണം.

∙ ബാറ്റിങ് ഹീറോസ്

ഡേവിഡ് വാർണർ, ജോണി ബെയർസ്റ്റോ, കെയ്ൻ വില്യംസൺ – ഇവർ മൂന്നു പേരുമാണു ടീമിന്റെ ഹീറോസ്. എന്നാൽ ബോളിങ് / ഓൾറൗണ്ട് സാധ്യതകളെക്കൂടി ബലപ്പെടുത്തേണ്ടതിനാൽ കിവീസ് നായകൻ വില്യംസൺ ഇലവനിലെ സ്ഥിരക്കാരനായേക്കില്ല. കയ്യടി നേടുന്ന പ്രകടനത്തിലൂടെ ടീമിനെ നയിച്ചിട്ടും സൺറൈസേഴ്സ് നായകസ്ഥാനം വില്യംസണിൽ നിന്നു ഓസ്ട്രേലിയൻ താരം ഡേവിഡ് വാർണറെ ഏൽപ്പിച്ചതുതന്നെ ഇതു മുന്നിൽക്കണ്ടാണ്. ഇന്ത്യൻ പ്രതീക്ഷകളാകും മധ്യത്തിൽ.

മനീഷ് പാണ്ഡെ, വൃദ്ധിമാൻ സാഹ, വിജയ് ശങ്കർ, അഭിഷേക് ശർമ, യുവതാരങ്ങളായ പ്രിയം ഗാർഗ്, അബ്ദുൾ സമദ്, വിരാട് സിങ് എന്നിങ്ങനെ നീളും ആ നിര. മുഹമ്മദ് നബി, മിച്ചൽ മാർഷ്, ഫാബിയൻ അലൻ ത്രയം വിദേശ ഓൾറൗണ്ടർമാരായും ഇടം പ്രതീക്ഷിക്കുന്നു. വാർണർ – ബെയർസ്റ്റോ കൂട്ടുകെട്ട് വെടിക്കെട്ടു തുടക്കം സമ്മാനിക്കുന്നതാണെങ്കിലും മധ്യനിരയ്ക്കും ഫിനിഷിങ്ങിനും അത്ര ഭദ്രത ഇല്ലെന്നതു സൺറൈസേഴ്സിന് ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ടാകും.

പാണ്ഡെയുടെയും വിജയ് ശങ്കറിന്റെയും മുൻ സീസണിലെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. ഫയർ ബ്രാൻഡ് ഓപ്പണർമാർ നൽകുന്ന തുടക്കം മുതലാക്കി സ്കോറിങ് മുന്നോട്ടുനീക്കാൻ ഇരുവരും പരാജയപ്പെട്ടു. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ സാഹയെ വൺഡൗണിൽ പരീക്ഷിക്കാനൊരുങ്ങിയാകും ഹൈദരാബാദ് ഇക്കുറിയെത്തുക. അണ്ടർ–19 ലോകകപ്പിൽ ഇന്ത്യയെ നയിച്ച പ്രിയം ഗാർഗും ആഭ്യന്തര ടൂർണമെന്റുകളിൽ തകർത്തുകളിച്ച വിരാട് സിങ്ങും നാളെയുടെ താരങ്ങളെന്ന ലേബലുള്ള പ്രതിഭകളാണ്.

കശ്മീരിൽ നിന്നെത്തുന്ന ബാറ്റിങ് ഓൾറൗണ്ടർ അബ്ദുൾ സമദിലും ഹൈദരാബാദിനു പ്രതീക്ഷകളേറെയാണ്. ബിഗ്ബാഷ് ലീഗിലെ മിന്നുന്ന പ്രകടനം വഴി ടീമിലെത്തുന്ന മിച്ചൽ മാർഷിന്റെ സാന്നിധ്യം ഫിനിഷർ റോളിൽ ആൾക്ഷാമം നേരിടുന്ന സൺറൈസേഴ്സിന് ആശ്വാസം പകരുന്ന ഒന്നാകും. അഫ്ഗാൻ താരം മുഹമ്മദ് നബിയും വെസ്റ്റിൻഡീസ് യുവതാരം ഫാബിയൻ അലനുമാണ് ഓൾറൗണ്ടർ സ്ഥാനത്തേയ്ക്കു മിച്ചൽ മാർഷുമായി മത്സരിക്കുന്നവർ. അറേബ്യൻ മണ്ണിലെ സ്പിൻ സൗഹൃദം ഈ താരങ്ങൾക്കു പ്ലേയിങ് ഇലവനിലേയ്ക്കു വഴി തുറക്കുന്ന ഘടകങ്ങളിലൊന്നായി ഉദിച്ചുനിൽക്കുന്നുമുണ്ട്.

∙ അഫ്ഗാൻ ആവേശം

ടീം ഇന്ത്യയുടെ വിശ്വസ്ത താരം ഭുവനേശ്വർ കുമാർ നയിക്കുന്ന പേസ് പടയിൽ ഖലീൽ അഹമ്മദ്, സന്ദീപ് ശർമ, സിദ്ധാർഥ് കൗൾ, മലയാളി താരം ബേസിൽ തമ്പി, ടി. നടരാജൻ എന്നീ പഴയ മുഖങ്ങൾതന്നെയാണു ഹൈദരാബാദിന്റെ പോരാളികൾ. വൈവിധ്യം കൊണ്ടും വിശാലമാണു ഭുവനേശ്വർ മുതൽ നടരാജൻ വരെ നീളുന്ന ആഭ്യന്തര പേസ് കരുത്ത്. ഓസ്ട്രേിയൻ പേസർ ബില്ലി സ്റ്റാൻലേക്കും ഓൾറൗണ്ടർ മാർഷുമാണ് ഇക്കൂട്ടത്തിലെ വിദേശസാന്നിധ്യങ്ങൾ. പേസർമാരുടെ നീളൻ നിരയുണ്ടെങ്കിലും സൺറൈസേഴ്സിന്റെ വജ്രായുധമെന്നു വിശേഷിപ്പിക്കുന്നതൊരു സ്പിന്നറാണ് – അഫ്ഗാൻ താരം റാഷിദ് ഖാൻ. ട്വന്റി 20 യിലെ ഹോട്ടസ്റ്റ് സ്പിന്നർ പതിമൂന്നാം ലീഗിലെ വിലപിടിപ്പുള്ള താരമായി മടങ്ങുമെന്നു വിശ്വസിക്കുന്നവർ ഏറെയാണ്.

അബുദാബിയും ദുബായിയും ഷാർജയും പോലുള്ള വേദികളിൽ കളിച്ചും തിളങ്ങിയും നേടിയെടുത്ത റെക്കോർഡ് റാഷിദ് ഖാനും ടീമിനും സമ്മാനിക്കുന്ന ആത്മവിശ്വാസവും ചെറുതാകില്ല. ബാറ്റ് കൊണ്ടും സംഭാവന നൽകാൻ മിടുക്കുള്ള റാഷിദ് ഖാനു കൂട്ടാളിയായി ഹൈദരാബാദ് സംഘത്തിലുള്ളത് ഓൾറൗണ്ടർമാരായ മുഹമ്മദ് നബിയും വിൻഡീസിന്റെ ഫാബിയൻ അലനും പരിചയസമ്പത്തേറെയുള്ള ഇന്ത്യൻ താരം ഷഹബാസ് നദീമുമാണ്.

അറേബ്യൻ വേദികളിലെ പരിചയം കൂടിയാകുമ്പോൾ മുഹമ്മദ് നബിയെ ഉൾപ്പെടുത്തി അഫ്ഗാൻ ആക്രമണമൊരുക്കാനാകും ക്യാപ്റ്റൻ വാർണർ ലക്ഷ്യം വയ്ക്കുന്നത്. ബാറ്റ് കൊണ്ടും പന്ത് കൊണ്ടും സൺറൈസേഴ്സിനു നിർണായകമാകും ഈ കൂട്ടുകെട്ട്. ഐപിഎല്ലിൽ തിളക്കമുള്ള റെക്കോർഡുള്ള ഷഹബാസിന്റെ ഇടംകയ്യൻ സ്പിന്നും യുഎഇയിലെ സ്‌ലോ ട്രാക്കുകളിൽ ബാറ്റ്സ്മാൻമാരെ പരീക്ഷിക്കാൻ പോന്നതുതന്നെ.

∙ XI IDEAL

ഡേവിഡ് വാർണർ
ജോണി ബെയർസ്റ്റോ
വൃദ്ധിമാൻ സാഹ
മനീഷ് പാണ്ഡെ
പ്രിയം ഗാർഗ്
വിജയ് ശങ്കർ
മുഹമ്മദ് നബി
ഭുവനേശ്വർ കുമാർ
റാഷിദ് ഖാൻ
ഖലീൽ അഹമ്മദ്
സിദ്ധാർഥ് കൗൾ

English Summary: Team Analysis of Sunrisers Hyderabad - IPL 2020

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com