ADVERTISEMENT

ന്യൂഡൽഹി∙ പിതൃസഹോദരി ആശാ റാണിയുടെ കുടുംബത്തെ ആക്രമിച്ച കൊള്ളസംഘത്തിലെ മൂന്നു പേരെ പിടികൂടിയ പഞ്ചാബ് പൊലീസിനും പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്ങിനും നന്ദിയറിയിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്ന. തങ്ങൾക്ക് നഷ്ടമായവരെ തിരികെ ലഭിക്കില്ലെങ്കിലും ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ പഞ്ചാബ് പൊലീസിന്റെ നടപടി കാരണമാകുമെന്ന് റെയ്ന ചൂണ്ടിക്കാട്ടി. റെയ്നയുടെ ബന്ധുക്കളെ ആക്രമിച്ച സംഭവത്തിൽ കൊള്ളസംഘാംഗങ്ങളായ മൂന്നു പേരെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് റെയ്നയുടെ പ്രതികരണം.

‘മൂന്ന് അക്രമികളെ പിടികൂടിയ അന്വേഷണ സംഘത്തെ ഇന്നു രാവിലെ പഞ്ചാബിലെത്തി കണ്ടിരുന്നു. അവരുടെ പരിശ്രമങ്ങളെ ആത്മാർഥമായി അഭിനന്ദിക്കുന്നു. ഞങ്ങളുടെ നഷ്ടം നികത്താവുന്നതല്ല. പക്ഷേ, ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കാതിരിക്കാൻ ഇത് കാരണമാകട്ടെ. എല്ലാ സഹായങ്ങൾക്കും പഞ്ചാബ് പൊലീസിനും മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്ങിനും നന്ദി’ – റെയ്ന ട്വിറ്ററിൽ കുറിച്ചു.

പഞ്ചാബിലെ പഠാൻകോട്ടിൽ ഓഗസ്റ്റ് 19നാണ് റെയ്നയുടെ പിതൃസഹോദരിയുടെ കുടുംബം ആക്രമിക്കപ്പെട്ടത്. പിതൃസഹോദരിയുടെ ഭർത്താവ് അശോക് കുമാർ അന്നും മകൻ കൗശൽ കുമാർ ഓഗസ്റ്റ് 31ന് ആശുപത്രിയിൽവച്ചും മരണത്തിനു കീഴടങ്ങി. ഇതിനു പിന്നാലെയാണ് ഐപിഎല്ലിനായി യുഎഇയിലെത്തിയ റെയ്ന, ക്വാറന്റീൻ കാലയളവ് പൂർത്തിയായതിനു പിന്നാലെ നാട്ടിലേക്ക് മടങ്ങിയത്. അക്രമികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് റെയ്ന പഞ്ചാബ് പൊലീസിനെയും മുഖ്യമന്ത്രി അമരീന്ദർ സിങ്ങിനെയും സമീപിച്ചിരുന്നു. തുടർന്ന് മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മൂന്നു പേർ വലയിലായത്. 11 പേർക്കായി തിരച്ചിൽ തുടരുകയാണ്.

English Summary: Suresh Raina thanks Punjab CM, police for nabbing attackers of his kin: Truly appreciate all their efforts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com