ADVERTISEMENT

ഐപിഎൽ പൂരത്തിനു ശനിയാഴ്ച കൊടി ഉയരുമ്പോൾ ബാറ്റിങ്, ബോളിങ് വെടിക്കെട്ടിനു തിരികൊളുത്താൻ കെൽപ്പുള്ള യുവതാരങ്ങൾ ആരൊക്കെയാവും? ടീമുകൾ പ്രതീക്ഷയർപ്പിക്കുന്ന യുവതാരങ്ങളിൽ ചിലരിതാ...

∙ യശസ്സ് ഉയർത്താൻ

യശസ്വി ജയ്‌സ്വാൾ

പ്രായം: 18

ടീം: രാജസ്ഥാൻ റോയൽസ്

2.40 കോടി രൂപയ്ക്കു ടീമിലെത്തിച്ച ഈ ഇടംകൈ ബാറ്റ്സ്മാനി‍ൽനിന്നു രാജസ്ഥാൻ പ്രതീക്ഷിക്കുന്നതു ബാറ്റിങ് വെടിക്കെട്ടല്ലാതെ മറ്റൊന്നുമല്ല. കഴിഞ്ഞ അണ്ടർ 19 ലോകകപ്പിലെ ടോപ് സ്കോറർ. ലിസ്റ്റ് എ മത്സരങ്ങളിൽ ഇരട്ട സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം. അന്നത്തെ ആ ഡബിൾ സെഞ്ചുറിയിൽ കണ്ട 17 ഫോറും 12 സിക്സറുകളുമടങ്ങിയ ആളിക്കത്തൽ ദുബായിൽ ഒരിക്കൽക്കൂടി പ്രതീക്ഷിക്കുകയാണു റോയൽസ്. പാർട്‌ടൈം സ്പിന്നറായും താരത്തെ പ്രയോജനപ്പെടുത്താം. ഇതുവരെ ഒരൊറ്റ ട്വന്റി20 മത്സരംപോലും താരം കളിച്ചിട്ടില്ല.

∙ കറക്കി വീഴ്ത്താൻ

രവി ബിഷ്ണോയി

പ്രായം: 20

ടീം: കിങ്സ് ഇലവൻ പഞ്ചാബ്

അണ്ടർ 19 ലോകകപ്പിൽ 6 മത്സരങ്ങളിലായി 17 പേരെ കറക്കി വീഴ്ത്തിയ ഈ കൈക്കുഴ സ്പിന്നർ യുഎഇയിലെ സ്പിൻ വിക്കറ്റുകളിൽ പഞ്ചാബിനു ഭാഗ്യമെത്തിക്കുമോ? അനിൽ കുംബ്ലൈ പരിശീലകനായി ഉള്ളതിനാൽ രവിക്കു പ്ലേയിങ് ഇലവനിൽ സാധ്യതയേറെയാണ്. രവിയുടെ ഗൂഗ്ലികൾക്കായി പഞ്ചാബ് ആരാധകർ കാത്തിരിക്കുന്നു. ഇതുവരെ 6 ട്വന്റികൾ കളിച്ചിട്ടുണ്ട്. 6 വിക്കറ്റും വീഴ്ത്തി. ശരാശരി: 23.

∙ കമോൺ ദേവു

ദേവ്ദത്ത് പടിക്കൽ

പ്രായം: 20

ടീം: റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ

ബെംഗളൂരുവിൽ താമസിക്കുന്ന മലപ്പുറം സ്വദേശികളുടെ മകനായ ദേവ്‌ദത്തിന് ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനമാണു കരുത്ത്. വിജയ് ഹസാരെയിലെയും മുഷ്താഖ് അലി ട്രോഫിയിലെയും ടോപ് സ്കോററായ ഈ ഇടംകൈ ബാറ്റ്സ്മാൻ ടീമിൽ ഇടംകിട്ടിയാൽ മിടുക്കു തെളിയിക്കാൻ കാത്തുനിൽന്നു. വീട്ടുകാരുടെ പ്രിയപ്പെട്ട ‘ദേവു’ ഇതുവരെ 12 ട്വന്റി20 മത്സരങ്ങൾ കളിച്ചു. 580 റൺസ്. സ്ട്രൈക് റേറ്റ്: 175.75!

∙ സൂപ്പർ സായ്

ആർ.സായ് കിഷോർ

പ്രായം: 23

ടീം: ചെന്നൈ സൂപ്പർ കിങ്സ്

ചെന്നൈ ടീം പട്ടികയെടുത്താൽ പലപ്പോഴും അവസാന സ്ഥാനത്തേ ഈ ഇടംകൈ സ്പിന്നറുടെ പേരു കാണൂ. കഴിഞ്ഞ മുഷ്താഖ് അലി ട്രോഫി ട്വന്റി20യിൽ തമിഴ്നാടിനായി 20 വിക്കറ്റുകൾ വീഴ്ത്തിയ കിഷോർ റൺസ് വിട്ടുകൊടുക്കുന്നതിൽ പക്ഷേ, പിശുക്കനായിരുന്നു. ഇക്കോണമി: 4.63. പ്രതിഭ തിരിച്ചറിയുന്നതിൽ മിടുക്കനായ എം.എസ്.ധോണി കിഷോറിന് അവസരം കൊടുക്കുമോ? ഇതുവരെ 22 ട്വന്റി20കളിൽനിന്നായി 25 വിക്കറ്റ്. ശരാശരി: 16.76.

∙ പേസ് കരുത്ത്

കമലേഷ് നാഗർകോട്ടി

പ്രായം: 20

ടീം: കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്

2018ലെ അണ്ടർ 19 ലോകകപ്പിനുശേഷം താരപ്പകിട്ടിലായിരുന്നു കമലേഷ്. പക്ഷേ, പരുക്ക് വലച്ചു. താരം ഫിറ്റാണെന്നാണു കൊൽക്കത്ത ക്യാപ്റ്റൻ ദിനേശ് കാർത്തിക്കിന്റെ പ്രതികരണം. അവസരത്തിനായി കാത്തിരിക്കുകയാണു താരം; പൊട്ടിത്തെറിക്കാൻ. ഇതുവരെ ഒരൊറ്റ ട്വന്റി20യിൽപ്പോലും ബോ‍ൾ ചെയ്തിട്ടില്ല.

English Summary: Indian Youngsters To Star In IPL 2020 At UAE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com