ADVERTISEMENT

ദുബായ്∙ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 13–ാം സീസണിലെ രണ്ടാം മത്സരത്തിൽ കിങ്സ് ഇലവൻ പഞ്ചാബിന്റെ തോൽവിക്കു കാരണമായ പിഴവ് വരുത്തിയ അംപയർ മലയാളി. രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) എലീറ്റ് അംപയറിങ് പാനലിലെത്തുന്ന ഏറ്റവും പ്രായംകുറഞ്ഞയാളെന്ന റെക്കോർഡ് സ്വന്തമാക്കി ഇക്കഴിഞ്ഞ ജൂണിലാണ് നിതിൻ മേനോൻ ചരിത്രത്തിന്റെ ഭാഗമായത്. മധ്യപ്രദേശിലെ ഇൻഡോറിൽ താമസമാക്കിയ മലയാളി കുടുംബത്തിലെ അംഗമാണ് ഇദ്ദേഹം.

ഡൽഹി – പഞ്ചാബ് മത്സരത്തിന്റെ നിർണായക ഘട്ടത്തിൽ 19–ാം ഓവറിൽ പഞ്ചാബ് താരങ്ങളായ മായങ്ക് അഗർവാളും ക്രിസ് ജോർദാനും നേടിയ ഡബിളിൽ ഒരു റൺ, ജോർദാൻ ക്രീസിൽ സ്പർശിച്ചില്ലെന്ന കാരണത്താൽ അപംയർ റദ്ദാക്കിയിരുന്നു. എന്നാൽ, ജോർദാൻ ക്രീസിൽ സ്പർശിച്ചുവെന്ന് തെളിയിക്കുന്ന ചിത്രങ്ങളും വിഡിയോകളും പുറത്തുവന്നതോടെയാണ് വിവാദം കടുത്തത്. ‘ടൈ’യിൽ അവസാനിച്ച മത്സരത്തിൽ അംപയറിന്റെ പിഴവിൽ നിഷേധിക്കപ്പെട്ട ഈ ഒരു റൺ, പഞ്ചാബിന്റെ തോൽവിക്കു കാരണമായെന്നാണ് വാദം.

പുതിയ പാനലിൽനിന്ന് ഇംഗ്ലണ്ടിന്റെ നൈജൽ ലോങ്ങിനെ ഒഴിവാക്കിയപ്പോഴാണ് നിതിന് അവസരം കിട്ടിയത്. ഇതുവരെ 3 ടെസ്റ്റുകളും 24 ഏകദിനങ്ങളും 16 ട്വന്റി20 മത്സരങ്ങളും നിയന്ത്രിച്ചിട്ടുണ്ട്. ഐസിസി എലീറ്റ് പാനലിലെത്തുന്ന 3–ാമത്തെ ഇന്ത്യക്കാരനെന്ന നേട്ടവും സ്വന്തം. എസ്.വെങ്കട്ടരാഘവൻ, എസ്.രവി എന്നിവരാണു മറ്റുള്ളവർ. ഏറ്റവും മികച്ചവരെയാണ് എലീറ്റ് പാനലിൽ ഉൾപ്പെടുത്തുന്നത്. രാജ്യാന്തര പാനലാണ് ഇതിനു താഴെയുള്ളത്. 22–ാം വയസ്സിൽ കളിക്കളം വിട്ടാണു നിതിൻ അംപയറിങ്ങിലേക്കെത്തിയത്.

ക്രിക്കറ്റ് ആരാധകരുടെ ഹൃദയം നിലച്ച കഴിഞ്ഞ വർഷത്തെ ഐപിഎൽ ഫൈനലിൽ ചാംപ്യമാരെ നിശ്ചയിച്ച അവസാന ബോളിലെ വിധി നിർണയമടക്കം നിതിൻ മേനോൻ എന്ന അംപയർ മനസിൽ പതിഞ്ഞ നിമിഷങ്ങൾ പലതുണ്ട്. അന്ന് ഷാർദൂൽ താക്കൂറിനെതിരെ മലിംഗയുടെ ബോളിൽ നിതിൻ മേനോൻ എൽബി വിധിച്ചതോടെയാണ് കൈവിട്ടെന്നു തോന്നിയ കളി തിരിച്ചു പിടിച്ചു മുംബൈ ചാംപ്യൻമാരായത്. ലെഗ് സ്റ്റംപിനു പുറത്തേക്കാണോ എന്നു സംശയം തോന്നുന്ന ബോളിൽ നിതിന്റെ വിധി ചെന്നൈ റിവ്യു ചെയ്തെങ്കിലും ഫലമുണ്ടായില്ല.

പേരു കൊണ്ടു കേരള ബന്ധം ഊഹിച്ചിട്ടും മലയാളി ഏറെയൊന്നും അറിയാത്ത നിതിന്റേത് അംപയറിങ് കുടുംബമാണ്. അച്ഛൻ നരേന്ദ്ര മേനോൻ 4 രാജ്യാന്തര മത്സരങ്ങളടക്കം നിയന്ത്രിച്ചിട്ടുള്ള അംപയർ. അനുജൻ നിഖിൽ മേനോനും ബിസിസിഐ പാനൽ അംപയർ.

‘രണ്ടു തലമുറ മുന്നേ തന്നെ ഇൻഡോറിൽ സ്ഥിര താമസമാക്കിയ കുടുംബമാണു ഞങ്ങളുടേത്. അച്ഛന്റെ നാട് തൃശൂരാണ്. അമ്മ ഗീതയുടയുടേത് ആലുവയിലും. ആലുവയിൽ ബന്ധുക്കളൊക്കെയുണ്ട്. 2 വർഷം മുൻപും ഞാനവിടെ വന്നിരുന്നു. ഭാര്യ സംഗീതയും മലയാളിയാണ്. എനിക്കു മലയാളം വഴങ്ങില്ലെങ്കിലും നാട്ടിലെ കാര്യങ്ങളൊക്കെ വീട്ടിൽ സംസാരിക്കുന്നതു കൊണ്ട് അറിയാം’ – അടുത്തിടെ ‘മനോരമ’യ്ക്ക് നൽകിയ അഭിമുഖത്തിൽ നിതിൻ മേനോൻ പറഞ്ഞു.

തന്റെ അംപയറിങ് കരിയറിനെക്കുറിച്ച് അന്ന് അദ്ദേഹം നൽകിയ മറുപടി ഇങ്ങനെ:

കളിക്കാരനായാണു തുടക്കം. 2005ൽ മധ്യപ്രദേശ് അണ്ടർ 23 ടീമിൽ എത്തുകയും ചെയ്തു. മിഡിൽ ഓർഡർ ബാറ്റ്സ്മാനായിരുന്നു. പക്ഷേ പ്രകടനം മികച്ചതായിരുന്നില്ല. അപ്പോഴാണ് 10 വർഷത്തെ ഇടവേളയ്ക്കു ശേഷം ബിസിസിഐ അംപയർ തിരഞ്ഞെടുപ്പിനുള്ള പരീക്ഷ പ്രഖ്യാപിച്ചത്. ശ്രമിച്ചു നോക്കാൻ പറഞ്ഞത് അച്ഛനാണ്. അതു വിജയിച്ചതോടെ കളി അല്ലെങ്കിൽ അംപയറിങ് എന്ന തീരുമാനം വേണ്ടി വന്നു. 22-ാം വയസിൽ തന്നെ കളി ഉപേക്ഷിച്ച് അംപയറായി. രഞ്ജി ട്രോഫി അടക്കം അഭ്യന്തര മത്സരങ്ങളിലെ പരിചയമാണ് അംപയറെന്ന നിലയിൽ തുണയായത്. പിന്നീട് ഐപിഎല്ലിലേക്കും അവിടെ നിന്നു രാജ്യാന്തര മത്സരങ്ങളിലേക്കുമെത്തി. ആദ്യ രാജ്യാന്തര മത്സരം നിയന്ത്രിക്കാനിറങ്ങുമ്പോൾ അൽപം സമ്മർദമുണ്ടായിരുന്നു. പക്ഷേ വേഗം മറികടക്കാനായി.

English Summary: ICC’s Elite Panel Umpire Nitin Menon Poor Error Affects Result of Delhi Capitals vs Kings XI Punjab Match in Dubai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com