ADVERTISEMENT

ദുബായ്∙ ഐപിഎൽ 2020 സീസണിലേക്കുള്ള താരലേലം കൊൽക്കത്തയിൽ സമാപിക്കുമ്പോൾ ഏറ്റവും കൂടുതൽ വില ലഭിച്ച താരമെന്ന വിലാസം ഓസീസ് താരം പാറ്റ് കമ്മിൻസിനായിരുന്നു. 15.5 കോടി രൂപയ്ക്കാണ് കമ്മിന്‍സിനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയത്. രണ്ടാമതെത്തിയ ഓസീസിന്റെ തന്നെ ഗ്ലെൻ മാക്സ്‌വെലിനേക്കാൾ ഏതാണ്ട് അഞ്ച് കോടിയോളം രൂപയാണ് കമ്മിൻസിനു കൂടുതൽ ലഭിച്ചത്. ഈ സീസണിൽ കൊൽക്കത്ത ബോളിങ്ങിന്റെ കുന്തമുനയും ഈ ഇരുപത്തേഴുകാരൻ തന്നെ. എന്നാൽ, താരലേലത്തിൽ സൂപ്പർതാരമായി ഉദിച്ചുയർന്നെങ്കിലും സീസണിലെ ആദ്യ മത്സരത്തിൽ അത്ര നല്ല സ്വീകരണമല്ല കമ്മിൻസിന് ലഭിച്ചത്.

നിലവിലെ ചാംപ്യൻമാരായ മുംബൈ ഇന്ത്യൻസിനെതിരെ കൊൽക്കത്ത ബോളിങ്ങിനെ നയിച്ച കമ്മിൻസ് വഴങ്ങിയത് 49 റൺസാണ്, അതും വെറും മൂന്ന് ഓവറിൽ! ഒരു ഓവറിൽ വിട്ടുകൊടുത്തത് ശരാശരി 16.30 റൺസ്! വിക്കറ്റൊന്നും ലഭിച്ചുമില്ല. മുംബൈ ബാറ്റ്സ്മാൻമാരുടെ പ്രഹമേറ്റു വാങ്ങിയ മലയാളി താരം സന്ദീപ് വാരിയർ പോലും ഓവറിൽ 11.30 റൺസ് വഴങ്ങിയപ്പോഴാണ് 15.5 കോടി രൂപയ്ക്കെടുത്ത കമ്മിൻസ് ‘അടി മേടിച്ച്’ വലഞ്ഞത്. മുംബൈ താരങ്ങളുടെ ‘പ്രിയപ്പെട്ട’ ബോളറായതോടെ അനുവദനീയമായ നാല് ഓവർ പോലും തികച്ച് ബോൾ ചെയ്യാൻ കൊൽക്കത്ത നായകൻ കമ്മിൻസിനെ അനുവദിച്ചില്ല. കമ്മിൻസിനെ മുംബൈ താരങ്ങൾ കടന്നാക്രമിച്ച ഇന്നിങ്സിൽ കൊൽക്കത്ത നിരയിൽ ശ്രദ്ധ നേടിയ പേസ് ബോളർ യുവതാരം ശിവം മാവിയായിരുന്നു. അവസാന ഓവർ ഉൾപ്പെടെ നാല് ഓവർ ബോൾ ചെയ്ത മാവി ഒരു മെയ്ഡൻ ഓവർ സഹിതം വഴങ്ങിയത് 32 റൺസ് മാത്രം. രണ്ടു വിക്കറ്റും സ്വന്തമാക്കി.  

ശിവം മാവിയും സന്ദീപ് വാരിയരും ചേർന്ന് തുടക്കമിട്ട കൊൽക്കത്ത ബോളിങ്ങിൽ ആദ്യ മാറ്റമായാണ് അഞ്ചാം ഓവറിനായി കമ്മിൻസ് എത്തുന്നത്. അപ്പോഴേയ്ക്കും നിലയുറപ്പിച്ചു കഴിഞ്ഞിരുന്ന മുംബൈ നായകൻ രോഹിത് ഇരട്ട സിക്സുകളുമായാണ് കമ്മിൻസിനെ വരവേറ്റത്. ആദ്യ ഓവറിൽ വഴങ്ങിയത് 15 റൺസ്.‍ ഇതോടെ കൊൽക്കത്ത നായകൻ കമ്മിൻസിനെ പിൻവലിച്ചു. പിന്നീട് 15–ാം ഓവറിലാണ് കമ്മിൻസ് വീണ്ടുമെത്തുന്നത്. തുടർച്ചയായി ഫോറും സിക്സും നേടിയാണ് സൗരഭ് തിവാരി താരത്തെ വരവേറ്റത്. ഈ ഓവറിലും വഴങ്ങി, 15 റൺസ്. മൂന്നാം വരവ് 17–ാം ഓവറിലായിരുന്നു. ഇക്കുറി ഹാർദിക് പാണ്ഡ്യയുടെ ഊഴമായിരുന്നു. അവസാന നാലു പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം ഈ ഓവറിൽ പിറന്നത് 19 റൺസ്. ഇതോടെ കാർത്തിക് കമ്മിൻസിനെ ബോളിങ്ങിൽനിന്ന് പിൻവലിക്കുകയും ചെയ്തു.

ഐപിഎലിൽ ഒരു ഇന്നിങ്സിൽ മൂന്ന് ഓവർ ബോൾ ചെയ്ത കൊൽക്കത്ത ബോളർമാരുടെ രണ്ടാമത്തെ മോശം പ്രകടനമാണ് കമ്മിൻസിന്റെ പേരിലായത്. ആദ്യത്തെ മൂന്നു മോശം പ്രകടനങ്ങളും മുംബൈയ്‌ക്കെതിരെയാണെന്ന പ്രത്യേകതയുമുണ്ട്. 2016ൽ ഇന്ത്യൻ താരം ജയ്ദേവ് ഉനദ്കടും കൊൽക്കത്ത ജഴ്സിയിൽ മൂന്ന് ഓവറിൽ 49 റൺസ് വഴങ്ങിയിട്ടുണ്ട്. അതേസമയം, ഇക്കാര്യത്തിൽ ‘ഒന്നാമൻ’ ഇപ്പോൾ ചെന്നൈ സൂപ്പർ കിങ്സിന്റെ ബോളിങ് പരിശീലകൻ കൂടിയായ ലക്ഷ്മിപതി ബാലാജിയാണ്. 2011ൽ മുംബൈയ്‌ക്കെതിരെ കൊൽക്കത്തയിൽവച്ച് വഴങ്ങിയത് 51 റൺസ്!

∙ ബാറ്റിങ്ങിൽ പരിഹാരം

ബോളിങ്ങിൽ തീർത്തും നിരാശപ്പെടുത്തിയെങ്കിലും ബാറ്റിങ്ങിൽ പരിഹാരം കണ്ടാണ് കമ്മിൻസ് മടങ്ങിയത്. മുംബൈ ഉയർത്തിയ 196 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്ത 15.4 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 101 റൺസെന്ന നിലയിൽ നിൽക്കെയാണ് കമ്മിൻസ് ക്രീസിലെത്തുന്നത്. ഈ സമയത്ത് നിഖിൽ നായിക്കായിരുന്നു കൂട്ടിന്.

ആദ്യ മൂന്നു പന്തിൽ കമ്മിൻസ് നേടിയത് രണ്ടു റൺസ്. നാലാം പന്തിൽ ട്രെന്റ് ബോൾട്ടിനെതിരെ ആദ്യ ഫോർ. ജസ്പ്രീത് ബുമ്രയെറിഞ്ഞ 18–ാം ഓവറിൽ കമ്മിൻസ് പ്രതികാരദാഹിയായി. മുംബൈ നിരയിലെ ഒന്നാം നമ്പർ പേസ് ബോളർക്കെതിരെ തകർത്തടിച്ച കമ്മിൻസ് സ്കോർ ബോർഡിലേക്ക് റണ്ണൊഴുക്കി. ആറു പന്തിൽനിന്ന് നാലു സിക്സറുകൾ സഹിതം നേടിയത് 27 റൺസ്! മൂന്ന് ഓവറിൽ അഞ്ച് റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റുമായി അവസാന ഓവർ എറിയാനെത്തിയ ബുമ്രയുടെ ആ ഓവറിലെ പ്രകടനം ഇങ്ങനെ. 1–0–27–0 !

തൊട്ടടുത്ത ഓവറിൽ ജയിംസ് പാറ്റിൻസന്റെ പന്തിൽ ഹാർദിക് പാണ്ഡ്യയ്‌ക്ക് ക്യാച്ച് സമ്മാനിച്ച് മടങ്ങുമ്പോഴേയ്ക്കും 12 പന്തിൽനിന്ന് ഒരു ഫോറും നാലു പടുകൂറ്റൻ സിക്സറുകളും സഹിതം കമ്മിൻസ് നേടിയത് 33 റൺസ്! ഈ മത്സരത്തിലെ ഏറ്റവും ഉയർന്ന സ്ട്രൈക്ക് റേറ്റും (275) കമ്മിൻസിനു തന്നെ! സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബോളറായി എണ്ണപ്പെടുന്ന ബുമ്രയ്‌ക്കെതിരെ ഒരു ഐപിഎൽ മത്സരത്തിൽ നാലു സിക്സർ നേടിയവർ രണ്ടു പേരേയുള്ളൂ; ജെ.പി. ഡുമിനിയും (2015) ഡ്വെയിൻ ബ്രാവോയും (2018). എന്തായാലും ബോളിങ്ങിൽ മോശമാക്കിയെങ്കിലും ബാറ്റിങ്ങിൽനിന്ന് ഒരു ലക്ഷം രൂപയുടെ പുരസ്കാരവും നേടിയാണ് കമ്മിൻസ് മടങ്ങിയത്; ‘സൂപ്പർ സ്ട്രൈക്കർ ഓഫ് ദ് മാച്ച്’. 

ബോളിങ്ങിൽ നിരാശപ്പെടുത്തിയെങ്കിലും കൊൽക്കത്ത നായകൻ ദിനേഷ് കാർത്തിക് മത്സരശേഷം കമ്മിൻസിനെ ന്യായീകരിച്ചു. ക്വാറന്റീൻ പൂർത്തിയാക്കി മത്സരത്തിനു മുൻപു മാത്രം പുറത്തിറങ്ങിയ കമ്മിൻസിന് ഫോമിലെത്താൻ സമയം വേണ്ടിവരുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മത്സരത്തിന് മണിക്കൂറുകൾക്കു മുൻപു മാത്രമാണ് കമ്മിൻസിന് കളത്തിലിറങ്ങാൻ അനുവാദം ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

English Summary: Pat Cummins takes home INR 1 Lakh even after being expensive with ball

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com