ADVERTISEMENT

‘ഇതാ ഇങ്ങനെയാണ് അവസാന ഓവറുകളിൽ പന്തെറിയേണ്ടത്. ഔട്ട്സ്റ്റാൻഡിങ് നടരാജൻ’– മുൻ ഓസീസ് പേസർ ബ്രെറ്റ് ലീയുടെ വാക്കുകൾ കേട്ട് തമിഴ്നാട്ടിലെ ഉൾനാടൻ ഗ്രാമമായ ചിന്നപ്പംപട്ടിയിലെ ജനങ്ങളുടെ കണ്ണു നിറഞ്ഞിരിക്കാം. സേലം ജില്ലയിലെ ചിന്നപ്പംപട്ടിയിൽ കളിച്ചു നടന്ന പയ്യൻ ഇന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയെപ്പോലും വിറപ്പിക്കാൻ കെൽപുള്ളവനായി വളർന്നിരിക്കുന്നു.

സീസണിലെ ആദ്യ മത്സരത്തിൽ ബാംഗ്ലൂർ ക്യാപ്റ്റൻ കോലിയെ പുറത്താക്കിയാണു സൺറൈസേഴ്സ് ഹൈദരാബാദ് താരം ടി.നടരാജൻ എന്ന തങ്കരസു നടരാജൻ തുടങ്ങിയതെങ്കിലും കഴിഞ്ഞ ദിവസം ഡൽഹിയെ പിടിച്ചുകെട്ടിയ യോർക്കറുകളിലൂടെയാണു നടരാജന്റെ പേരു ക്രിക്കറ്റ് ലോകം ചർച്ച ചെയ്യാൻ തുടങ്ങിയത്.

ഡൽഹിക്കെതിരെ 14, 18 ഓവറുകളിൽ നടരാജൻ തന്റെ ‘ടോ ക്രഷിങ്’ യോർക്കറുകൾ തുടർച്ചയായി എറിഞ്ഞതോടെയാണു കളി തിരിഞ്ഞത്. പവർ ഹിറ്റിങ്ങിനു പേരുകേട്ട ഋഷഭ് പന്ത്, ഷിമ്രോൺ ഹെറ്റ്മയർ, മാർക്കസ് സ്റ്റോയ്നിസ് എന്നിവർ ക്രീസിൽ നിന്നുവിയർത്തു. 14–ാം ഓവറിൽ 4 പെർഫക്ട് യോർക്കറുകളും 2 ലോ ഫുൾടോസുകളുമാണു (യോർക്കറുകളെപ്പോലെ കൂറ്റൻ അടിക്കു വിലങ്ങുതടിയാണു ലോ ഫുൾടോസുകൾ) നടരാജൻ എറിഞ്ഞത്. 18–ാം ഓവറിൽ 4 യോർക്കറുകളും. മത്സരത്തിൽ ആകെ 12 യോർക്കറുകൾ. 4 ഓവറിൽ 25 റൺസ് വഴങ്ങി ഒരു വിക്കറ്റും.

ടെന്നിസ് ബോൾ ക്രിക്കറ്റിലാണു നടരാജന്റെ തുടക്കം. അതുവഴി തമിഴ്നാട് പ്രീമിയർ ലീഗിലേക്ക്. അവിടെയും മികവു തെളിയിച്ചപ്പോൾ 3 കോടി രൂപയ്ക്ക് 2017 സീസണിൽ കിങ്സ് ഇലവൻ പഞ്ചാബ് നടരാജനെ റാഞ്ചി. പക്ഷേ, ആ സീസണിൽ നടരാജൻ നിരാശപ്പെടുത്തി. 6 മത്സരങ്ങളിൽ 2 വിക്കറ്റ്. അടുത്ത സീസണിൽ നടരാജന്റെ വിലയിടിഞ്ഞു. 40 ലക്ഷം രൂപയ്ക്കു ഹൈദരാബാദിൽ. തുടരെ 2 സീസണുകളിൽ ഡഗ് ഔട്ടിലിരുന്നു കളി കാണാൻ വിധി. പക്ഷേ, നടരാജൻ തളർന്നില്ല. തിരിച്ചു തമിഴ്നാട് പ്രീമിയർ ലീഗിലേക്ക്. നഷ്ടപ്പെട്ട ഫോം വീണ്ടെടുത്തു സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള തമിഴ്നാട് ടീമിൽ. ടൂർണമെന്റിൽ തമിഴ്നാടിന്റെ ഫൈനൽ വരെയുള്ള കുതിപ്പിനു ചുക്കാൻ പിടിച്ചത് നടരാജന്റെ യോർക്കറുകളായിരുന്നു.

‘ഐപിഎലിൽ നിന്നു ലഭിച്ച തുക ഉപയോഗിച്ച് എന്റെ കടങ്ങളെല്ലാം വീട്ടി. നല്ലൊരു വീടു വച്ചു. നാട്ടിൽ ഒരു ക്രിക്കറ്റ് അക്കാദമിയും ആരംഭിച്ചു. എന്നെക്കാൾ കഴിവുള്ള എത്രയോ പേർ എന്റെ നാട്ടിലുണ്ട്. എന്റെ നേട്ടങ്ങൾ അവർക്കു പ്രചോദനമാകുമെന്നാണു പ്രതീക്ഷ’– ഇരുപത്തൊമ്പതുകാരൻ നടരാജൻ പറയുന്നു. 

English summary: Story of T Natarajan, The Yorker King in IPL 2020

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com