ADVERTISEMENT

ദുബായ്∙ ‘ധോണി ഫിനിഷസ് ഓഫ് ഇൻ‌ സ്റ്റൈൽ’ എന്ന രവി ശാസ്ത്രിയുടെ പ്രശസ്തമായ ആ വാക്യം അതിന്റെ പൂർണമായ അർഥത്തിൽ ഒരിക്കൽക്കൂടി ആരാധകർക്ക് പാടിനടക്കാൻ വേദിയൊരുങ്ങിയതാണ്, ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ. പക്ഷേ, ആരാധകർ കാത്തിരുന്ന ആ ധോണി മാജിക്ക് സംഭവിച്ചില്ല. ചെന്നൈയുടെ ‘തല’വരയും മാറിയില്ല. അവസാന ഓവറിലെ ഐതിഹാസിക പ്രകടനങ്ങളുടെ ഓർമകൾ ബാക്കിയാക്കി ഇക്കുറി ധോണി തോറ്റവനായി. ചെന്നൈ തോറ്റ ടീമും. ഐപിഎല്ലിലെ ആവേശപ്പോരാട്ടത്തിൽ സൺറൈസേഴ്സ് ഹൈദരാബാദാണ് ചെന്നൈയെ തോൽപ്പിച്ചത്. ബാറ്റിങ്ങിനിടെ പലപ്പോഴും ക്ഷീണിതനായി കാണപ്പെട്ട ധോണി, അദ്ദേഹത്തിന്റെ ആരാധകർക്കും നൊമ്പരമുണർത്തുന്ന കാഴ്ചയായി.

സൺറൈസേഴ്സ് ഹൈദരാബാദ് ഉയർത്തിയ 165 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈയ്ക്ക്, നിശ്ചിത 20 ഓവറിൽ നേടാനായത് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 157 റൺസ്. തോൽവി ഏഴു റൺസിന്. അവസാന ഓവറിൽ ക്രീസിലുണ്ടായിരുന്ന ധോണി 36 പന്തിൽ നാലു ഫോറും ഒരു സിക്സും സഹിതം 47 റൺസുമായി പുറത്താകാതെ നിന്നു. സീസണിലെ നാലു മത്സരങ്ങളിൽ ചെന്നൈയുടെ മൂന്നാം തോൽവിയാണിത്. ഇതോടെ പോയിന്റ് പട്ടികയിൽ ധോണിയും സംഘവും അവസാന സ്ഥാനത്ത് തുടരുന്നു.

മത്സരം അവസാന ഓവറിലേക്ക് കടക്കുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 137 റണ്‍സ് എന്ന നിലയിലായിരുന്നു ചെന്നൈ. ക്രീസിൽ 32 പന്തിൽ 39 പന്തുമായി ധോണി. മൂന്നു പന്തിൽ എട്ടു റൺസുമായി സാം കറൻ കൂട്ടിന്. വിജയത്തിലേക്ക് വേണ്ടിയിരുന്നത് ആറു പന്തിൽ 28 റൺസ്. പുതുമുഖ സ്പിന്നറായ അബ്ദുൽ സമദാണ് അവസാന ഓവർ ബോൾ ചെയ്യാനെത്തിയത്. ആദ്യ പന്ത് വൈഡായെന്നു മാത്രമല്ല, നേരെ ബൗണ്ടറികൂടി കടന്നതോടെ ലഭിച്ച അഞ്ച് റൺസ് ചെന്നൈ ആരാധകരുടെ വിജയപ്രതീക്ഷകൾ ആളിക്കത്തിച്ചതാണ്. ഇതോടെ വിജയത്തിലേക്ക് വേണ്ടിയിരുന്നത് ആറു പന്തിൽ 23 റൺസ്. എന്നാൽ, ക്രീസിൽ ആ പഴയ ധോണിയായിരുന്നില്ല. അവസാന ഓവറിലെ നാലു പന്തുകൾ നേരിട്ട ധോണിക്ക് ആകെ നേടാനായത് ഒരു ഫോർ സഹിതം എട്ടു റൺസ് മാത്രം. അവസാന പന്ത് സിക്സർ പറത്തിയ സാം കറനാണ് പരാജയഭാരം ഏഴു റൺസായി കുറച്ചത്.

jadeja-dhoni
രവീന്ദ്ര ജഡേജയും എം.എസ്. ധോണിയും മത്സരത്തിനിടെ. ട്വിറ്റർ ചിത്രം

നേരത്തെ, തുടക്കം പാളിയ ചെന്നൈയ്ക്ക് രവീന്ദ്ര ജഡേജയുടെ അർധസെഞ്ചുറിയും (35 പന്തിൽ 5), ധോണിയുടെ ഇന്നിങ്സുമാണ് പ്രതീക്ഷ പകർന്നത്. 42 റൺസിനിടെ നാലു വിക്കറ്റ് നഷ്ടമാക്കിയ ചെന്നൈയെ, അഞ്ചാം വിക്കറ്റിൽ 72 റൺസ് കൂട്ടിച്ചേർത്താണ് ജഡേജ–ധോണി സഖ്യം കരകയറ്റിയത്. 52 പന്തിലാണ് ഇരുവരും ചേർന്ന് 72 റൺസ് അടിച്ചത്. 35 പന്തിൽ അഞ്ച് ഫോറും രണ്ടു സിക്സും സഹിതം ജഡേജ 50 റൺസെടുത്തു. ഓപ്പണറായിറങ്ങിയ ഡുപ്ലെസി 19 പന്തിൽ 22 റൺസെടുത്തു. സാം കറൻ അഞ്ച് പന്തിൽ 15 റൺസുമായി പുറത്താകാതെ നിന്നു. അതേസമയം ഷെയ്ൻ വാട്സൻ (ഒന്ന്), കേദാർ ജാദവ് (മൂന്ന്) എന്നിവരും പരുക്കുമാറി തിരിച്ചെത്തിയ അമ്പാട്ടി റായുഡുവും (എട്ട്) നിരാശപ്പെടുത്തി. സൺറൈസേഴ്സിനായി നടരാജൻ രണ്ടും ഭുവനേശ്വർ കുമാർ, അബ്ദുൽ സമദ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

ഐപിഎല്ലിൽ ഏറ്റവും കൂടുതൽ മത്സരങ്ങള്‍ കളിച്ച താരമെന്ന നേട്ടം ഈ മത്സരത്തോടെ എം.എസ്.ധോണിയുടെ പേരിലായി. ഇന്നത്തേതുൾപ്പെടെ 194 മത്സരങ്ങളാണ് ധോണി ഐപിഎല്ലിൽ ഇതുവരെ കളിച്ചിട്ടുള്ളത്.

ഗാർഗിന് അർധസെഞ്ചുറി, ഹൈദരാബാദ് അഞ്ചിന് 164

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഹൈദരാബാദ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 164 റൺസെടുത്തു. അർധസെഞ്ചുറി നേടി പുറത്താകാതെ നിന്ന യുവതാരം പ്രിയം ഗാർഗിന്റെ മികവിലാണ് ഹൈദരാബാദ് പൊരുതാവുന്ന സ്കോറിലേക്കെത്തിയത്. 26 പന്തുകൾ നേരിട്ട താരം 51 റണ്‍സെടുത്തു. ഗാർഗിന്റെ ആദ്യ ഐപിഎല്‍ അർധ സെഞ്ചുറിയാണിത്. മധ്യനിരയിൽ അഭിഷേക് ശർമയും (24 പന്തിൽ 31) തിളങ്ങി. സൺറൈസേഴ്സിന്റെ തുടക്കം വിക്കറ്റു വീഴ്ചയോടെയായിരുന്നു. മൂന്ന് പന്തുകൾ നേരിട്ട ജോണി ബെയർസ്റ്റോ റണ്ണൊന്നുമെടുക്കാതെ പുറത്തായി. ദീപക് ചാഹറിന്റെ പന്തിൽ താരം ബൗൾഡാകുകയായിരുന്നു. പിന്നാലെയെത്തിയ മനീഷ് പാണ്ഡെയെ കൂട്ടുപിടിച്ച് ഡേവിഡ് വാർണർ ഹൈദരാബാദ് സ്കോർ ഉയർത്തി. 47 റൺസിൽ നില്‍ക്കെ ഹൈദരാബാദിന്റെ രണ്ടാം വിക്കറ്റ് വീണു. ഷാർദൂൽ താക്കൂറിന്റെ പന്തിൽ സാം കറന്‍ ക്യാച്ചെടുത്ത് മനീഷ് പാണ്ഡെയെ പുറത്താക്കി. 21 പന്തിൽ 29 റൺസെടുത്താണു പാണ്ഡെ മടങ്ങിയത്.

abhishek-garg
ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തില്‍ അഭിഷേക് ശർമയും പ്രിയം ഗാർഗും

തൊട്ടടുത്ത പന്തിൽ തന്നെ കെയ്ൻ വില്യംസനും റണ്ണൗട്ടായി. ഇതോടെ റണ്ണുയർത്തുകയെന്ന ചുമതല യുവതാരങ്ങളായ പ്രിയം ഗാർഗും അഭിഷേക് ശർമയും ഏറ്റെടുത്തു. ഇരുവരും ചേർന്ന് ഹൈദരാബാദ് സ്കോർ 100 കടത്തി. 15 ഓവറുകളിൽനിന്നാണ് ഹൈദരാബാദ് നൂറ് റൺസ് തികച്ചത്. സ്കോർ 146ല്‍ നിൽക്കെ ഈ കൂട്ടുകെട്ട് ചെന്നൈ പൊളിച്ചു. അഭിഷേക് ശർമയെ ദീപക് ചാഹറിന്റെ പന്തിൽ ധോണി ക്യാച്ചെടുത്തു പുറത്താക്കി. 24 പന്തിൽ 31 റൺസാണു താരം നേടിയത്. 23 പന്തിൽ 50 റൺസെടുത്ത് 19 വയസ്സുകാരൻ പ്രിയം ഗാർഗ് അർധ സെഞ്ചുറി തികച്ചു. ഒരു സിക്സും ആറു ഫോറുമാണ് താരം അടിച്ചെടുത്തത്. ആറു പന്തുകൾ നേരിട്ട് എട്ട് റണ്‍സെടുത്ത അബ്ദുൽ സമദും ഹൈദരാബാദ് നിരയിൽ പുറത്താകാതെ നിന്നു. ചെന്നൈയ്ക്കായി ദീപക് ചാഹർ രണ്ട് വിക്കറ്റ് വീഴ്ത്തി. ഷാർദൂൽ താക്കൂർ, പീയുഷ് ചൗള എന്നിവരും ഓരോ വിക്കറ്റ് സ്വന്തമാക്കി.

English Summary: IPL, CSK VS SRH Match Live

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com