ADVERTISEMENT

അബുദാബി∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) പലതവണ ഉജ്വല പ്രകടനങ്ങളുമായി കളംനിറഞ്ഞിട്ടുള്ള മലയാളി താരം സഞ്ജു സാംസണിനെ ഏറ്റവും ബുദ്ധിമുട്ടിക്കുന്ന ബോളർ ആരായിരിക്കും? ഈ ചോദ്യത്തിന് സഞ്ജുവിന്റെ ഉത്തരം എന്താണെന്ന് അറിയില്ല. പക്ഷേ, ഐപിഎൽ കണക്കുകൾ പരിശോധിച്ചാൽ തെളി‍ഞ്ഞുവരുന്നൊരു ഉത്തരമുണ്ട്. റോയൽ ചാല‍ഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ഇന്ത്യൻ സ്പിന്നർ യുസ്‌വേന്ദ്ര ചെഹൽ! അബുദാബിയിലെ രാജസ്ഥാൻ റോയൽസ് – റോയൽ ചാല‍ഞ്ചേഴ്സ് ബാംഗ്ലൂർ മത്സരത്തോടെ ഇക്കാര്യം ഒന്നുകൂടി അടിവരയിട്ട് ഉറപ്പിക്കപ്പെട്ടിരിക്കുന്നു; സഞ്ജുവിനെ വലയ്ക്കുന്ന ബോളർമാരിൽ ഒരാൾ ചെഹലാണ്!

കോവിഡിന്റെ പശ്ചാത്തലത്തിൽ യുഎഇയിലേക്ക് മാറ്റിയ ഐപിഎൽ 13–ാം സീസണിലെ ആദ്യ രണ്ട് മത്സരങ്ങളിൽ ഉജ്വല ഫോമിലായിരുന്നു സഞ്ജു. ചെന്നൈ സൂപ്പർ കിങ്സിനെതിരായ സീസണിലെ ആദ്യ മത്സരത്തിൽ തകർപ്പൻ അർധസെഞ്ചുറിയോടെയായിരുന്നു (74) തുടക്കം. രണ്ടാം മത്സരത്തിൽ കിങ്സ് ഇലവൻ പഞ്ചാബിനെതിരെ വീണ്ടും അർധസെഞ്ചുറി (85). രണ്ടു മത്സരങ്ങളിലും മാൻ ഓഫ് ദ് മാച്ച്.

പക്ഷേ, മൂന്നാം മത്സരത്തോടെ ചിത്രം മാറി. ഷാർജയ്ക്ക് പുറത്തുനടന്ന രാജസ്ഥാന്റെ ആദ്യ മത്സരത്തിൽ സഞ്ജു വെറും എട്ടു റൺസുമായി പുറത്തായി. ഇപ്പോഴിതാ, റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ മൂന്നു പന്തിൽ നാലു റൺസുമായി സഞ്ജു വീണ്ടും പുറത്തായിരിക്കുന്നു. നേരിട്ട ആദ്യ പന്തുതന്നെ ബൗണ്ടറിയടിച്ച് പതിവുശൈലിയിൽ തുടങ്ങിയ സഞ്ജുവിനെ, യുസ്‌വേന്ദ്ര െചഹൽ സ്വന്തം പന്തിൽ ക്യാച്ചെടുത്ത് പുറത്താക്കി.

സഞ്ജുവിനെ ചെഹൽ പുറത്താക്കുമ്പോൾ, കൗതുകമുള്ളൊരു കണക്കുകൂടി ഉയർന്നുവരുന്നുണ്ട്. ഐപിഎലിൽ സഞ്ജുവിന് ഇതുവരെ ‘പിടികിട്ടാത്ത’ ബോളറാണ് ചെഹൽ. കാരണം എന്താണെന്നല്ലേ? ഇതുവരെ ഐപിഎലിൽ സഞ്ജുവിനെതിരെ ചെഹൽ എറിഞ്ഞത് 29 പന്തുകൾ മാത്രമാണ്. അതായത് അഞ്ച് ഓവറിന് ഒരു പന്തു മാത്രം കുറവ്. ഇത്രയും പന്തുകളിൽനിന്ന് സ‍ഞ്ജുവിന് നേടാനായത് 23 റൺസ് മാത്രം! സ്ട്രൈക്ക് റേറ്റ് 79.31 മാത്രം. ഈ സീസണിൽ 198.83ഉം ഐപിഎലിലാകെ 133.55ഉം സ്ട്രൈക്ക് റേറ്റുള്ള താരമാണ് സഞ്ജുവെന്ന് ഓർക്കണം.

ഈ 29 പന്തുകൾക്കിടെ ഇന്നലത്തെ ഔട്ട് സഹിതം നാലു തവണയാണ് സഞ്ജുവിനെ ചെഹൽ പുറത്താക്കിയത്. ഇന്നലെ ചെഹലിനെതിരെ നേരിട്ട ആദ്യ പന്തിലാണ് സഞ്ജു പുറത്തായത്. അതും അദ്ദേഹത്തിനു തന്നെ ക്യാച്ച് സമ്മാനിച്ച്. ചെഹലിന്റെ കയ്യിലിരുന്ന പന്ത് നിലത്തു സ്പർശിച്ചിരുന്നോ എന്ന കാര്യത്തിൽ സംശയമുയർന്നെങ്കിലും, വിശദമായി റീപ്ലേ പരിശോധിച്ച തേഡ് അംപയർ ഔട്ട് അനുവദിക്കുകയായിരുന്നു.

English Summary: Sanju Samson's poor performance against Yuzvendra Chahal continue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com