ADVERTISEMENT

ദുബായ്∙ ഐപിഎൽ 2020 സീസണില്‍ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിലെ പുത്തൻ താരോദയമാണ് ദേവ്ദത്ത് പടിക്കൽ. ബാംഗ്ലൂർ ടീം ആദ്യ നാലു മത്സരങ്ങൾ പിന്നിടുമ്പോൾ മൂന്ന് അർധസെഞ്ചുറികളാണു മലയാളിയായ യുവതാരം നേടിയത്. രാജസ്ഥാൻ റോയൽസിനെതിരെ ശനിയാഴ്ച നടന്ന മത്സരത്തിൽ വിരാട് കോലിയോടൊപ്പം ചേർന്ന് ദേവ്ദത്ത് നടത്തിയ ബാറ്റിങ് പ്രകടനം ബാംഗ്ലൂരിന്റെ അനായാസ ജയത്തിലേക്കും നയിച്ചു. രാജസ്ഥാൻ ഉയർത്തിയ 155 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബാംഗ്ലൂർ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി അഞ്ച് പന്തുകൾ ബാക്കിനില്‍ക്കെയാണു വിജയ റണ്‍സ് കുറിച്ചത്.

രാജസ്ഥാനെതിരെ 45 പന്തിൽ 63 റൺസെടുത്ത ദേവ്ദത്ത് ആറ് ഫോറുകളും ഒരു സിക്സുമാണു നേടിയത്. ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോലി 53 പന്തിൽ 72 റൺസെടുത്തു. ബാംഗ്ലൂരിന്റെ എട്ട് വിക്കറ്റ് വിജയത്തിനു ശേഷം ദേവ്ദത്ത് പടിക്കലിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ താരം യുവരാജ് സിങ്. ദേവ്ദത്തുമായി ഒരു സിക്സ് അടി മത്സരത്തിന് തനിക്കു താൽപര്യമുണ്ടെന്ന് യുവരാജ് ട്വിറ്ററിൽ കുറിച്ചു. ദേവ്ദത്തിനെ തനിക്കൊപ്പം ബാറ്റ് ചെയ്യാൻ ക്ഷണിച്ച യുവരാജ് ആർക്കാണു ദൂരേക്കു പന്ത് അടിക്കാൻ കഴിയുകയെന്നു നോക്കാമെന്നും പ്രതികരിച്ചു.

ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോലിയെയും യുവരാജ് പുകഴ്ത്തി. കോലിയുടേത് അവിശ്വസനീയമായ സ്ഥിരതയാണ്. കഴിഞ്ഞ എട്ടു വർഷത്തിനിടെ ബാംഗ്ലൂർ ക്യാപ്റ്റനെ ഫോം ഔട്ടായി കണ്ടിട്ടില്ല. ഫോം എന്നതു താൽക്കാലികം മാത്രമാണ്, എന്നാൽ‌ ക്ലാസ് എക്കാലത്തേക്കുമുള്ളതാണ്– യുവരാജ് വ്യക്തമാക്കി. യുവരാജിന്റെ ട്വീറ്റിന് പിന്നാലെ മറുപടിയുമായി ദേവ്ദത്ത് പടിക്കലും ട്വിറ്ററിലെത്തി. യുവരാജുമായി മത്സരിക്കാൻ താനില്ലെന്നായിരുന്നു ദേവ്ദത്തിന്റെ പ്രതികരണം.

നിങ്ങളുമായി മത്സരിക്കാനില്ല പാജി, നിങ്ങളില്‍നിന്നാണു ഞാൻ‌ ഫ്ലിക് ഷോട്ടുകള്‍ പഠിച്ചെടുത്തത്. താങ്കളോടൊപ്പം എപ്പോഴും ബാറ്റ് ചെയ്യണമെന്നുണ്ട്– ദേവ്ദത്ത് ട്വിറ്ററില്‍ കുറിച്ചു. കർണാടകയ്ക്കായി ആഭ്യന്തര ക്രിക്കറ്റില്‍ പുറത്തെടുത്ത മികച്ച പ്രകടനമാണ് ദേവ്ദത്ത് പടിക്കലിനെ റോയൽ ചാലഞ്ചേഴ്സ് ടീമിലെത്തിച്ചത്. നാല് മത്സരങ്ങളിൽനിന്നായി താരം ഇതിനകം തന്നെ 174 റൺസ് നേടി.

English Summary: Not competing with you: Devdutt Padikkal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com