ADVERTISEMENT

ദുബായ്∙ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 13–ാം സീസൺ യുഎഇയിൽ പുരോഗമിക്കുന്നതിനിടെ, സൺറൈസേഴ്സ് ഹൈദരാബാദിനും ഡൽഹി ക്യാപിറ്റൽസിനും തിരിച്ചടി. സൺറൈസേഴ്സ് നിരയിൽ ഇന്ത്യൻ പേസ് ബോളർ ഭുവനേശ്വർ കുമാറിനും ഡൽഹി നിരയിൽ വെറ്ററൻ സ്പിന്നർ അമിത് മിശ്രയ്ക്കും ഈ സീസണിൽ തുടർന്ന് കളിക്കാനാകില്ല. മത്സരത്തിനിടെ ഇരുവർക്കും പരുക്കേറ്റതാണ് കാരണം. ഇടുപ്പിനേറ്റ പരുക്കാണ് ഭുവനേശ്വർ കുമാറിന് പുറത്തേക്കുള്ള വഴി കാട്ടിയത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിനിടെ ക്യാച്ചെടുക്കാൻ ശ്രമിക്കുമ്പോൾ കൈവിരലിന് പൊട്ടൽ സംഭവിച്ചതാണ് മിശ്രയ്ക്ക് തിരിച്ചടിയായത്.

ടീമിന്റെ പേസ് നിരയെ നയിക്കുന്ന ഭുവനേശ്വർ കുമാർ പരുക്കേറ്റ് പുറത്താകുന്നത് സൺറൈസേഴ്സിന് വൻ തിരിച്ചടിയാണ്. ചെന്നൈ സൂപ്പർ കിങ്സിനെതിരെ വെള്ളിയാഴ്ച ദുബായിൽ നടന്ന മത്സരത്തിനിടെയാണ് ഭുവനേശ്വർ കുമാറിന് പരുക്കേറ്റത്. മത്സരത്തിൽ തന്റെ അവസാന ഓവർ എറിയുന്നതിനിടെയായിരുന്നു സംഭവം. മൂന്നു തവണ ബോൾ ചെയ്യാൻ ശ്രമിച്ച് പരാജയപ്പെട്ടതോടെ താരം ഗ്രൗണ്ട് വിട്ടിരുന്നു. തുടർന്ന് ഖലീൽ അഹമ്മദാണ് 19–ാം ഓവർ പൂർത്തിയാക്കിയത്.

‘ഈ വർഷത്തെ ടൂർണമെന്റിൽ തുടർന്ന് പങ്കെടുക്കാൻ ഭുവനേശ്വർ കുമാറിന് സാധിക്കില്ല. അദ്ദേഹം അരക്കെട്ടിനേറ്റ പരുക്കിനെ തുടർന്ന് പുറത്തായിരിക്കുകയാണ്. ടീമിന്റെ ബോളിങ് വിഭാഗത്തെ നയിക്കുന്നയാളെന്ന നിലയിലും, ടീമുമായി ബന്ധപ്പെട്ട് സുപ്രധാന തീരുമാനങ്ങൾ കൈക്കൊള്ളുന്ന നേതൃ വിഭാഗത്തിൽ അംഗമെന്ന നിലയിലും സൺറൈസേഴ്സിന് വൻ തിരിച്ചടിയാണ് അദ്ദേഹത്തിന്റെ മടക്കം’ – ടീമുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ വാർത്താ ഏജൻസിയായ എഎൻഐയോട് വെളിപ്പെടുത്തി.

ഐപിഎലിൽ ഇത്തവണ നാലു മത്സരങ്ങളിൽനിന്ന് മൂന്നു വിക്കറ്റാണ് ഭുവനേശ്വർ കുമാറിന്റെ സമ്പാദ്യം. 25 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റെടുത്തതാണ് മികച്ച പ്രകടനം. റൺ‌ വഴങ്ങുന്നതിൽ ഏറ്റവും പിശുക്കു കാട്ടുന്ന താരങ്ങളിൽ ഒരാളായ ഭുവിയുെട ഇക്കോണമി നിരക്ക് 6.98 ആണ്.

മറുവശത്ത്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിനിടെ കൈവിരലിനേറ്റ പരുക്കാണ് അമിത് മിശ്രയ്ക്ക് തിരിച്ചടിയായത്. ശനിയാഴ്ചയായിരുന്നു മത്സരം. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ഡൽഹി 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 228 റൺസാണ് നേടിയത്. കൊൽക്കത്തയുടെ മറുപടി എട്ടു വിക്കറ്റ് നഷ്ടത്തിൽ 210 റൺസിൽ അവസാനിച്ചു.

കൊൽക്കത്ത ഇന്നിങ്സിനിടെ തന്റെ രണ്ടാം ഓവർ എറിയാനെത്തിയപ്പോഴാണ് മിശ്രയ്ക്ക് പരുക്കേറ്റത്. സ്വന്തം ബോളിങ്ങിൽ ഒരു ക്യാച്ചിനുള്ള ശ്രമമാണ് തിരിച്ചടിച്ചത്. കടുത്ത വേദന പ്രകടിപ്പിച്ചെങ്കിലും ഈ ഓവര് പൂർത്തിയാക്കിയ ശേഷമാണ് മിശ്ര മടങ്ങിയത്. സീസണിലിതുവരെ മൂന്നു മത്സരങ്ങൾ കളിച്ച മിശ്രയും മൂന്നു വിക്കറ്റാണ് നേടിയത്. 35 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റെടുത്തതാണ് മികച്ച പ്രകടനം. ഓവറിൽ ശരാശരി വിട്ടുകൊടുത്തത് 7.20 റൺസ് മാത്രം.

English Summary: Bhuvneshwar Kumar and Amit Mishra Ruled Out of IPL 2020 Due To Injury

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com