ADVERTISEMENT

ന്യൂഡൽഹി∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) മോശം പ്രകടനത്തിന്റെ പേരിൽ ആരാധകരുടെ രോഷത്തിന് ഇരയായ ചെന്നൈ സൂപ്പർ കിങ്സിനും നായകൻ മഹേന്ദ്രസിങ് ധോണിക്കും ‘തന്ത്രം’ ഉപദേശിച്ച് മുൻ ഇന്ത്യൻ താരം വീരേന്ദർ സേവാഗ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരം തോറ്റതിന് ആരാധകരുടെ കടുത്ത വിമർശനം ഏറ്റുവാങ്ങിയ വെറ്ററൻ താരം കേദാർ ജാദവിനെ കൈവിടരുതെന്ന് സേവാഗ് ധോണിയോട് അഭ്യർഥിച്ചു. പകരം മികച്ച പ്രകടനം പുറത്തെടുക്കുന്നതിനുള്ള പ്രോത്സാഹനവും പ്രചോദനവും നൽകുകയാണ് വേണ്ടതെന്നും സേവാഗ് അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ദിവസം നടന്ന ചെന്നൈ സൂപ്പർ കിങ്സ് – കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തിനു പിന്നാലെയാണ് ധോണിക്കും ജാദവിനുമെതിരെ രൂക്ഷവിമർശനം ഉയർന്നത്. ചെന്നൈ വിജയമുറപ്പിച്ച ഈ മത്സരത്തിൽ, നിർണായക ഘട്ടത്തിൽ ധോണിയും കേദാർ ജാദവും ബാറ്റിങ്ങിൽ സ്വീകരിച്ച മെല്ലെപ്പോക്കു നയമാണ് ടീമിന്റെ തോൽവിയിലേക്ക് നയിച്ചതെന്ന വിമർശനം ശക്തമാണ്. കൊൽക്കത്ത ഉയർത്തിയ 168 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈ 157 റൺസാണ് നേടിയത്. ധോണി 12 പന്തിൽ 11 റൺസെടുത്ത് പുറത്തായപ്പോൾ, കേദാർ ജാദവ് 12 പന്തിൽ ഏഴു റൺസുമായി പുറത്താകാതെ നിന്നു.

ഇതിനു പിന്നാലെയാണ് ജാദവിന് പിന്തുണ പ്രഖ്യാപിച്ച് സേവാഗിന്റെ രംഗപ്രവേശം. ഇന്ത്യയ്ക്കായി കളിച്ചിട്ടുള്ള താരവും, ഇപ്പോഴും ഇന്ത്യൻ ടീമിൽ അംഗവുമാണ് ജാദവെന്ന് സേവാഗ് ചൂണ്ടിക്കാട്ടി. ജാദവിനെ ചെന്നൈ ടീമിൽ നിലനിർത്തണമെന്ന് അഭ്യർഥിച്ച സേവാഗ്, ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണിയുടെ പിന്തുണയും പ്രോത്സാഹനവും അദ്ദേഹത്തിന് ഉറപ്പാക്കാനും നിർദ്ദേശിച്ചു.

‘മുൻപ് ഇന്ത്യയ്ക്കായി കളിച്ചിട്ടുള്ള താരമാണ് ജാദവ്. ഇപ്പോഴും ഇന്ത്യൻ ദേശീയ ടീമിന്റെ ഭാഗമായിട്ടുള്ള ആൾ. ചെന്നൈയുടെ പ്ലെയിങ് ഇലവനിലും ജാദവിനെ നിലനിർത്തണം. ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണിയുടെ പ്രചോദനവും പ്രോത്സാഹനവുമുണ്ടെങ്കിൽ അദ്ദേഹം മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് തീർച്ചയാണ്. ഒന്നോ രണ്ടോ മത്സരങ്ങളിൽ അദ്ദേഹം മോശമായിരിക്കാം. പക്ഷേ, വരും മത്സരങ്ങളിൽ അദ്ദേഹം മികവു വീണ്ടെടുക്കുമെന്ന് എനിക്ക് പ്രതീക്ഷയുണ്ട്’ – സേവാഗ് പറഞ്ഞു.

English Summary: Virender Sehwag Calls For MS Dhoni To Encourage Kedar Jadhav And Not Drop Him

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com