ADVERTISEMENT

അബുദാബി∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) ഇന്നലെ നടന്ന ഡൽഹി ക്യാപിറ്റൽസ് – മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ വിവാദം സൃഷ്ടിച്ച് മുംബൈ ഇന്ത്യൻസിന്റെ ട്വീറ്റ്. അബുദാബി ഷെയ്ഖ് സായിദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ, ഡൽഹി ക്യാപിറ്റൽസ് ബാറ്റിങ് ആരംഭിക്കും മുൻപേ അവരുടെ സ്കോർ ‘പ്രവചിച്ചാണ്’ മുംബൈ ഇന്ത്യൻസ് വിവാദത്തിൽ ചാടിയത്. അബദ്ധത്തിൽ സംഭവിച്ചതാണെങ്കിലും ഇന്നിങ്സ് പൂർത്തിയാകുമ്പോൾ ‘പ്രവചിച്ച’ സ്കോറിന് ഒരു റൺ മാത്രം അകലെ ഡൽഹി എത്തുകയും ചെയ്തു! ഇതോടെയാണ് വിവാദം തലപൊക്കിയത്.

മത്സരം ഒത്തുകളിയാണെന്ന ആരോപണവുമായി ഒട്ടേറെ ആരാധകരാണ് രംഗത്തെത്തിയത്. മത്സരത്തിൽ ടോസ് നേടിയ ഡൽഹി ക്യാപിറ്റൽസ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഡൽഹി ബാറ്റിങ് തുടങ്ങും മുൻപേ, ട്രെന്റ് ബോൾട്ടിനൊപ്പം ന്യൂബോൾ പങ്കുവയ്ക്കുന്നത് ജയിംസ് പാറ്റിൻസനാണെന്ന് വ്യക്തമാക്കി മുംബൈ ഇന്ത്യൻസ് പോസ്റ്റ് ചെയ്ത ട്വീറ്റാണ് വിവാദമായത്. ഇതിനൊപ്പം ഡൽഹി ക്യാപിറ്റൽസ് – 163/5 (19.5) എന്നാണ് മുംബൈ ട്വീറ്റ് ചെയ്തത്. അബദ്ധം മനസ്സിലാക്കി ഉടൻ ഈ ട്വീറ്റ് നീക്കുകയും ചെയ്തു.

എന്നാൽ, ബാറ്റിങ് ആരംഭിച്ച ഡൽഹി ഓപ്പണർ ശിഖർ ധവാൻ സീസണിലാദ്യമായി നേടിയ അർധസെഞ്ചുറിയുടെ കരുത്തിൽ നിശ്ചിത 20 ഓവറിൽ നേടിയത് നാലു വിക്കറ്റ് നഷ്ടത്തിൽ 162 റൺസ്! മുംബൈ ‘അബദ്ധത്തിൽ പ്രവചിച്ച’ സ്കോറിന് തൊട്ടടുത്ത്! 19.5 ഓവറിൽ അഞ്ചിന് 163 റൺസ് എന്നാണ് മുംബൈ ട്വീറ്റ് ചെയ്തതെങ്കിൽ, ഡൽഹിയുടെ ഫൈനൽ സ്കോർ 20 ഓവറിൽ നാലിന് 162 റണ്‍സ്!

തൊട്ടു മുൻപു നടന്ന ഐപിഎൽ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ രാജസ്ഥാൻ റോയൽസ് നേടിയത് സ്കോർ അബദ്ധത്തിൽ മുംബൈ ഇന്ത്യൻസ് ട്വീറ്റ് ചെയ്തതാണെന്ന് കരുതുന്നു. ഈ മത്സരത്തിൽ രാജസ്ഥാൻ 19.5 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 163 റൺസാണ് നേടിയത്. എന്തായാലും ‘പ്രവചനം’ ഏറെക്കുറെ കൃത്യമായതോടെ മുംബൈ ഡിലീറ്റ് ചെയ്ത ട്വീറ്റിന്റെ സ്ക്രീൻ ഷോട്ടും ഫൈനൽ സ്കോറിന്റെ സ്ക്രീൻ ഷോട്ടും സഹിതം ഒത്തുകളി ആരോപണം ഉയർത്തി ഒട്ടേറെ ആരാധകരാണ് സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയത്.

English Summary: Mumbai Indians' Twitter handle tweets DC’s final score in the first over; Netizens spark match-fixing rumours

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com