ADVERTISEMENT

മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) തുടർ തോൽവികളിൽ ഉഴറുന്ന ചെന്നൈ സൂപ്പർ കിങ്സിന് ‘രക്ഷപ്പെടാൻ’ വഴി പറഞ്ഞുകൊടുത്ത് പ്രശസ്ത കമന്റേറ്റർ ഹർഷ ഭോഗ്‍ലെ. ചെന്നൈ ബാറ്റിങ്ങിന്റെ നെടുന്തൂണായ വെറ്ററൻ താരം സുരേഷ് റെയ്ന സീസൺ തുടങ്ങും മുൻപ് നാട്ടിലേക്ക് മടങ്ങിയതോടെ ബാലൻസ് നഷ്ടപ്പെട്ട ടീമിനെ രക്ഷിക്കാനാണ് ഭോഗ്‍ലെയുടെ ‘ഇടപെടൽ’. തുടർ തോൽവികളിൽ ഉഴറുന്ന ചെന്നൈ സൂപ്പർ കിങ്സ്, ഉടൻ തുറക്കുന്ന മിഡ്–സീസൺ ട്രാൻസ്ഫറിൽ ടീമിലെത്തിക്കേണ്ട താരമാരെന്നാണ് ഭോഗ്‍ലെ ചൂണ്ടിക്കാട്ടുന്നത്.

ഈ സീസണിൽ ഡൽഹി ക്യാപിറ്റൽസിലെത്തിയ രാജസ്ഥാന്‍ റോയൽസിന്റെ മുൻ താരം അജിൻക്യ രഹാനെയെ മിഡ്–സീസൺ ട്രാൻസ്ഫറിൽ ടീമിലെത്തിക്കാനാണ് ഭോഗ്‍ലെയുടെ ഉപദേശം. സീസണിൽ ഇതുവരെ ഏഴു മത്സരങ്ങൾ പൂർത്തിയാകുമ്പോൾ ഡൽഹി ജഴ്സിയിൽ ഒരേയൊരു മത്സരത്തിൽ മാത്രമാണ് രഹാനെയ്ക്ക് അവസരം ലഭിച്ചത്.

‘മിഡ്–സീസൺ ട്രാൻസ്ഫറിന് ഈ ചിന്ത എങ്ങനെയുണ്ടെന്നു നോക്കൂ: ചെന്നൈ സൂപ്പർ കിങ്സിന് ഏറ്റവും മികച്ച ഒരു ടോപ് ഓർഡർ ബാറ്റ്സ്മാൻ അത്യാവശ്യമാണ്. അജിൻക്യ രഹാനെയാണെങ്കിൽ അവസരത്തിനായും കാത്തിരിക്കുകയാണ്. അദ്ദേഹത്തിന് നിലവിൽ അവസരം ലഭിക്കുന്നില്ല’ – #MidnightToughts എന്ന ഹാഷ്ടാഗ് സഹിതം ഭോ‍ഗ്‌ലെ ട്വിറ്ററിൽ കുറിച്ചു. ഇതിനകം കാൽ ലക്ഷത്തിലധികം പേരാണ് ഈ ട്വീറ്റ് ലൈക്ക് ചെയ്തത്. 2300ൽ അധികം പേർ കമന്റും ചെയ്തിട്ടുണ്ട്.

സീസണിൽ എല്ലാ ടീമുകളും ഏഴു മത്സരങ്ങൾ വീതം പൂർത്തിയാക്കി ഒന്നാം ഘട്ടത്തിന് തിരശീല വീഴുമ്പോൾ, രണ്ടു മത്സരങ്ങള്‍ മാത്രം ജയിച്ച ചെന്നൈ സൂപ്പർ കിങ്സ് നാലു പോയിന്റുമായി പട്ടികയിൽ ഏഴാം സ്ഥാനത്താണ്. പിന്നിലുള്ളത് ഏഴിൽ ആറു മത്സരങ്ങളും തോറ്റ കിങ്സ് ഇലവൻ പഞ്ചാബ് മാത്രം. 

മറുവശത്ത്, അജിൻക്യ രഹാനെയെപ്പോലൊരു താരത്തിന് ടീമിൽ ഇടം നൽകാനാകാതെ വിഷമിക്കുമ്പോഴും, ഡൽഹി ക്യാപിറ്റൽസ് പോയിന്റ് പട്ടികയിൽ രണ്ടാമതുണ്ട്. ഒന്നാം സ്ഥാനത്തുള്ള മുംബൈ ഇന്ത്യൻസിനേക്കാൾ നെറ്റ് റൺറേറ്റിൽ മാത്രം അൽപം പിന്നിൽ. ഡൽഹി ടീമിൽ ഇത്തവണ രഹാനെയ്ക്ക് ഇടം ലഭിക്കാൻ സാധ്യത കുറവാണെന്ന വിലയിരുത്തലിലാണ് അദ്ദേഹത്തിനായി വലവീശാൻ ചെന്നൈ സൂപ്പർ കിങ്സിന് ഭോഗ്‍ലെയുടെ ഉപദേശം.

English Summary: Harsha Bhogle reveals which player CSK should target in the mid-season transfer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com