ADVERTISEMENT

ഷാർജ∙ ‘മിസ്റ്റർ 360 ഡിഗ്രി’ - ഏറ്റവും മികച്ച ബോളറുടെ ഏറ്റവും മികച്ച പന്തുപോലും ഏതു ദിശയിലേക്കും പായിച്ച് ബൗണ്ടറി കടത്തുന്ന എബി ഡിവില്ലേഴ്സിനെ ആരാധകരും ക്രിക്കറ്റ് ലോകവും ഒരുപോലെ വിളിച്ച പേര്! ആ പേരിന് താൻ തികച്ചും അർഹനാണെന്ന് ഒരുവട്ടം കൂടി തെളിയിക്കുന്നതായിരുന്നു തിങ്കളാഴ്ചത്തെ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ – കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരം. 33 പന്തിൽ 73 റൺസുമായി എബിഡി തകർത്താടിയ മത്സരത്തിൽ 82 റൺസിനാണ് ബാംഗ്ലൂർ വിജയിച്ചത്. കൂറ്റൻ സ്കോർ നേടാൻ ആർസിബിയെ സഹായിച്ച ഡിവില്ലേഴ്സ് കളിയിലെ കേമൻ ആകുകയും ചെയ്തു.

ആറ് സിക്സറുകളും അ‍ഞ്ച് ഫോറുകളും അടങ്ങുന്നതായിരുന്നു ഡിവില്ലേഴ്സിന്റെ വെടിക്കെട്ട് ഇന്നിങ്സ്. ഷാർജയിലെ താരതമ്യേന ചെറിയ ഗ്രൗണ്ടിൽ ഡിവില്ലിയേഴ്സ് പറത്തിയ പടുകൂറ്റൻ സിക്സറുകളിൽ ചിലത് ഗ്രൗണ്ടിന് വെളിയിലാണ് വീണത്. ഇതിലൊരെണ്ണം ഗ്രൗണ്ടിനു പുറത്തെ റോഡിലൂടെ ഓടിക്കൊണ്ടിരുന്ന കാറിലാണ് ചെന്നിടിച്ചത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു.

ബാംഗ്ലൂർ ഇന്നിങ്സിൽ 16 ഓവറിലെ മൂന്നും നാലും പന്തുകൾ എബിഡി സിക്സർ പറത്തിയിരുന്നു. കംലേഷ് നാഗർകോട്ടി എറിഞ്ഞ ആ ഓവറിൽ 18 റൺസാണ് ഡിവില്ലേഴ്സ് അടിച്ചെടുത്തത്. നാലാം പന്തിലായിരുന്നു സമൂഹമാധ്യമങ്ങളിൽ ഹിറ്റായ ‘കാർ ഹിറ്റ്’ സിക്സർ.

നാഗർകോട്ടിയുടെ ഷോർട്ട് ലെങ്ത് പന്ത് മിഡ് വിക്കറ്റിലൂടെ ഡിവില്ലേഴ്സ് ഗാലറിക്കു മുകളിലൂടെ പറത്തുകയായിരുന്നു. ഷാർജയിലെ കുഞ്ഞൻ ഗ്രൗണ്ടിൽ 86 മീറ്റർ പറന്ന പന്ത് സ്റ്റേഡിയത്തിനു പുറത്തുപോയി. റോഡിൽ കൂടി പോയ ഒരു കാറിലാണ് ഈ പന്ത് ചെന്ന് ഇടിച്ചതെന്ന് പിന്നീട് ദൃശ്യങ്ങളിൽ വ്യക്തമായി. ഇതോടെ ഡിവില്ലേഴ്സിന്റെ ‘കാർ ഹിറ്റ്’ വിഡിയോ സമൂഹമാധ്യമങ്ങളിൽ ഹിറ്റായി.

13–ാം ഓവറിൽ ബാംഗ്ലൂരിന്റെ ഓപ്പണർ ആരോൺ ഫിഞ്ച് പുറത്തായതിനു പിന്നാലെയാണ് എബി ഡിവില്ലേഴ്സ് ക്രീസിലെത്തിയത്. 94–2 എന്ന നിലയിലായിരുന്നു അപ്പോൾ ബാംഗ്ലൂർ. പിന്നീട് മൂന്നാം വിക്കറ്റിൽ 46 പന്തിൽ 100 റൺസാണ് ഡിവില്ലേഴ്സും കോലിയും ചേർന്നു നേടിയത്. അതിൽ 73 റൺസും ഡിവില്ലേഴ്സിന്റെ സംഭാവന. അവസാന അഞ്ച് ഓവറിൽ ബാംഗ്ലൂർ 83 റൺസ് സ്കോർബോർഡിൽ ചേർത്തു.

English Summary: AB de Villiers hits moving car with an almighty six

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com