ADVERTISEMENT

ദുബായ്∙ വെള്ളിയാഴ്ച മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിന് തൊട്ടുമുൻപാണ് കൊൽക്കത്ത ക്യാപ്റ്റൻ ദിനേഷ് കാർത്തിക്ക് സ്ഥാനമൊഴിയുന്നത്. ഇംഗ്ലിഷ് ക്രിക്കറ്റ് താരം ഒയിൻ മോർഗനു വേണ്ടിയായിരുന്നു കാർത്തിക്കിന്റെ ‘സ്ഥാനത്യാഗം’. ബാറ്റിങ്ങിൽ ശ്രദ്ധിക്കുന്നതിനു വേണ്ടിയാണ് കാർത്തിക്ക് നായക സ്ഥാനം ഒഴിഞ്ഞതെങ്കിലും അത് അങ്ങനെയല്ലെന്നാണു കൊൽക്കത്ത മുൻ ക്യാപ്റ്റൻ ഗൗതം ഗംഭീറിന്റെ നിലപാട്. സത്യം അതല്ലെന്നും ഗംഭീർ വ്യക്തമാക്കുന്നു.

ഐപിഎൽ സീസണിനിടെ ക്യാപ്റ്റനെ മാറ്റിയ മാനേജ്മെന്റ് നിലപാടു ശരിയല്ലെന്നും ഗംഭീര്‍ ആരോപിച്ചു. രാജ്യാന്തരതലത്തിൽ മോർഗൻ മികച്ച ക്യാപ്റ്റനാണെങ്കിലും ഐപിഎല്ലില്‍ എന്തെങ്കിലും മാറ്റം കൊണ്ടുവരാൻ അദ്ദേഹത്തിന് സാധിക്കുമെന്നു തോന്നുന്നില്ലെന്നും ഗംഭീർ പ്രതികരിച്ചു. ക്രിക്കറ്റിൽ പ്രകടനമാണു പ്രധാനം. ഐപിഎൽ സീസൺ പകുതിയാകുമ്പോൾ ക്യാപ്റ്റനെ മാറ്റിയ നടപടി ശരിയായില്ല. മോർഗന് ഒരുപാട് കാര്യങ്ങളില്‍ മാറ്റം കൊണ്ടുവരാനാകുമെന്നൊന്നും തോന്നുന്നില്ല.

ടൂര്‍ണമെന്റിന്റെ തുടക്കത്തിൽ തന്നെ മോർഗനെ ക്യാപ്റ്റനായിക്കിയിരുന്നെങ്കിൽ അദ്ദേഹത്തിന് അതു സാധിക്കുമായിരുന്നു. ടൂർണമെന്റിന്റെ മധ്യത്തിലുള്ള നീക്കത്തില്‍ ഒന്നും മാറാൻ പോകുന്നില്ല. ക്യാപ്റ്റനും പരിശീലകനും തമ്മിൽ നല്ല ബന്ധമുണ്ടാകുന്നതു കാണാൻ സന്തോഷമുണ്ട്. കുറച്ചു വർഷങ്ങളായി ദിനേഷ് കാർത്തിക്ക് കൊൽക്കത്ത ടീമിനെ നയിക്കുന്നു. സീസണിന്റെ മധ്യത്തിൽ അതു ചെയ്യരുതായിരുന്നു. ഐപിഎല്ലിൽ കൊൽക്കത്ത ഇപ്പോൾ അത്ര മോശം സ്ഥാനത്തൊന്നുമല്ല. അതുകൊണ്ടുതന്നെ ക്യാപ്റ്റനെ മാറ്റിയതിൽ അദ്ഭുതമുണ്ട്– ഒരു സ്പോർട്സ് മാധ്യമത്തോട് ഗംഭീർ പറഞ്ഞു.

തുടക്കത്തില്‍ തന്നെ മോർഗനെ ക്യാപ്റ്റനാക്കാതെ കാർത്തിക്കിന് മേൽ സമ്മർദ്ദം ചെലുത്തിയത് എന്തിനാണെന്നും ഗംഭീർ ചോദിച്ചു. കാർത്തിക്ക് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതിന് വേറെ ചില കാരണങ്ങൾ കൂടിയുണ്ടാകാം. അദ്ദേഹത്തിന്റെ പ്രകടനത്തിൽ മാനേജ്മെന്റിന് തൃപ്തിയുണ്ടായിരിക്കില്ല. ഇതു വളരെയേറെ ദൗർഭാഗ്യകരമാണ്– ഗംഭീർ വ്യക്തമാക്കി. കളിച്ച എട്ട് മത്സരങ്ങളില്‍നിന്ന് 112 റൺസാണ് ദിനേഷ് കാർത്തിക്ക് ആകെ നേടിയത്. 58 റൺസാണു താരത്തിന്റെ ഇതുവരെയുള്ള ഉയർന്ന സ്കോർ‌. മോർഗൻ നയിച്ച ആദ്യ മത്സരത്തിൽ മുംബൈയ്ക്കെതിരെ 8 വിക്കറ്റിന്റെ തോൽവിയാണ് കൊൽക്കത്ത ഏറ്റുവാങ്ങിയത്.

English Summary: Gautam Gambhir reveals 'truth' behind Dinesh Karthik's decision to step down as KKR captain

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com