sections
MORE

‘നിരപരാധികളെ കൊല്ലുന്നതിനെ പിന്തുണച്ചിട്ടില്ല; തമിഴ് നന്നായി സംസാരിക്കും’

muthaiya-muralitharan
മുത്തയ്യ മുരളീധരൻ, 800 സിനിമയുടെ പോസ്റ്റർ
SHARE

ദുബായ്∙ ‘800’ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ മൗനം വെടിഞ്ഞ് ശ്രീലങ്കൻ ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരൻ. ശ്രീലങ്കയിൽ തമിഴ് ന്യൂനപക്ഷങ്ങൾക്കെതിരായി ആക്രമണങ്ങൾ ഉണ്ടായപ്പോൾ തന്റെ കുടുംബവും വളരെയേറെ ദുരിതങ്ങള്‍ അനുഭവിക്കേണ്ടിവന്നിട്ടുണ്ടെന്നു മുത്തയ്യ മുരളീധരൻ പ്രതികരിച്ചു. എനിക്ക് ഏഴു വയസ്സ് പ്രായമുള്ളപ്പോള്‍ എന്റെ പിതാവിന് വെട്ടേറ്റു. എന്റെ ബന്ധുക്കൾ കൊല്ലപ്പെട്ടു. ഞങ്ങളുടെ ജീവിതമാർഗം തന്നെ ഇല്ലാതായി– ഒരു ശ്രീലങ്കൻ മാധ്യമത്തോട് മുത്തയ്യ മുരളീധരൻ പ്രതികരിച്ചു.

യുദ്ധത്തിന്റെ സമയത്ത് ഞങ്ങൾക്ക് ഉള്ളതെല്ലാം നഷ്ടമായി. യുദ്ധം കാരണമുണ്ടായ വേദനയും നഷ്ടങ്ങളുമെല്ലാം എനിക്കു മനസ്സിലാകും. 800 എന്ന സിനിമ ഞാൻ എങ്ങനെയാണു യുദ്ധത്തെ അതിജീവിച്ചതെന്നും ശ്രീലങ്ക ദേശീയ ക്രിക്കറ്റ് ടീമിലേക്ക് എത്തിപ്പെട്ടതെന്നും പറയുന്നു. സ്കൂളില്‍ എന്റെ കൂടെ കളിച്ചിരുന്ന കൂട്ടുകാർ പിറ്റേദിവസം മരിച്ചിട്ടുണ്ട്. ഒരു സാധാരണ മനുഷ്യൻ എന്ന നിലയിൽ ആഭ്യന്തര യുദ്ധം അവസാനിച്ചത് എനിക്ക് ഒരു തരത്തിലുള്ള സുരക്ഷ നൽകുന്നു. ഒരു ദശാബ്ദമായി രണ്ടു ഭാഗത്തും ഒരാൾ പോലും കൊല്ലപ്പെട്ടിട്ടില്ല. അതെന്റെ മനസ്സിലുണ്ടായതുകൊണ്ടാണ് 2009 ആണ് ജീവിതത്തിൽ ഏറ്റവും സന്തോഷം നിറഞ്ഞതെന്നു ഞാൻ പറഞ്ഞത്.

നിരപരാധികളെ കൊല്ലുന്നതിന് ഞാൻ പിന്തുണ നൽകിയിട്ടില്ല. ഇനി പിന്തുണയ്ക്കുകയുമില്ല– മുരളീധരൻ വ്യക്തമാക്കി. നിരപരാധികളായ ശ്രീലങ്കൻ തമിഴരുടെ മരണം ആഘോഷിച്ചു എന്ന തരത്തിലുള്ള പ്രചാരണങ്ങൾ തെറ്റാണ്. എന്റെ വാക്കുകൾ ചിലർ വളച്ചൊടിക്കുകയായിരുന്നു–മുരളീധരൻ പറഞ്ഞു. തനിക്ക് തമിഴ് അറിയില്ലെന്ന ആരോപണത്തെയും മുരളീധരൻ തള്ളിക്കളഞ്ഞു. എല്ലായ്പ്പോഴും എനിക്ക് അപകർഷതയായിരുന്നു. എന്നാൽ അതിനെതിരെ പോരാടി മുന്നിലെത്തി. ഞാൻ തമിഴ് മീഡിയം സ്കൂളിലാണു പഠിച്ചത്. തമിഴ് നന്നായി സംസാരിക്കും. ശ്രീലങ്കയിൽ തമിഴ് വിഭാഗം ന്യൂനപക്ഷമായതിനാൽ അവർക്ക് അപകർഷതയുണ്ടായിരുന്നു. എനിക്കും എന്റെ രക്ഷിതാക്കൾക്കും ആ അപകർഷതാ ബോധം ഉണ്ടായിരുന്നു. അതിനെതിരെ പോരാടിയാണു ഞാൻ ശ്രീലങ്ക ദേശീയ ക്രിക്കറ്റ് ടീമിലെത്തിയത്.

സ്വന്തം കഴിവുകളിൽ വിശ്വസിക്കാനാണു ശ്രീലങ്കയിലെ തമിഴ് സംസാരിക്കുന്ന കുട്ടികളോടു പറയാറുള്ളതെന്നും മുരളീധരൻ പറഞ്ഞു. ശ്രീലങ്കൻ ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരന്റെ ജീവിതകഥ പറയുന്ന ചിത്രമാണ് 800. തമിഴ് നടൻ വിജയ് സേതുപതിയാണു മുരളീധരന്റെ റോളിൽ എത്തുന്നത്. സിനിമയെച്ചൊല്ലി തമിഴ്നാട്ടിൽ വൻ വിവാദവും ഉടലെടുത്തു. തമിഴ് സംഘടനകളും രാഷ്ട്രീയക്കാരും വിജയ് സേതുപതിക്കെതിരെ വിമർശനങ്ങളുയർത്തി. അതേസമയം ‘800’ എന്നതു പൂർണമായും ഒരു സ്പോർട്സ് സിനിമയായിരിക്കുമെന്നും ശ്രീലങ്കൻ തമിഴരുമായി ബന്ധപ്പെട്ട വിവാദങ്ങൾ സിനിമയിൽ ഉണ്ടാകില്ലെന്നും ചിത്രത്തിന്റെ നിർമാതാക്കൾ തന്നെ അറിയിച്ചിട്ടുണ്ട്.

English Summary: "Never Supported Killing Of Innocents": Muthiah Muralidaran On Biopic Uproar

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA