ADVERTISEMENT

ദുബായ്∙ 2020 ഐപിഎല്ലിലെ ഏറ്റവും ആവേശം നിറഞ്ഞ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ കിങ്സ് ഇലവന്‍ പഞ്ചാബിന് വിജയം. നിശ്ചിത ഓവറിലും സൂപ്പർ ഓവറിലും സമനില പാലിച്ച മത്സരത്തിൽ രണ്ടാം സൂപ്പർ ഓവർ നടത്തിയാണു വിജയികളെ നിശ്ചയിച്ചത്. രണ്ടാം സൂപ്പർ ഓവറിൽ മുംബൈ ഉയർത്തിയ 12 റൺസ് വിജയലക്ഷ്യം നാലു പന്തുകൾ ബാക്കിനിൽക്കെ പഞ്ചാബ് മറികടന്നു.

നിശ്ചിത ഓവറിൽ ആദ്യം ബാറ്റു ചെയ്ത മുംബൈ ആറ് വിക്കറ്റ് നഷ്ടത്തിൽ 176 റൺസെടുത്തപ്പോൾ പഞ്ചാബും ആറിന് 176 എന്ന നിലയിലാണു കളി അവസാനിപ്പിച്ചത്. ഇതോടെ മത്സരം സൂപ്പർ ഓവറിലേക്കു നീങ്ങുകയായിരുന്നു. ആദ്യ സൂപ്പർ ഓവറിൽ ഇരു ടീമുകളും അഞ്ച് റൺസ് വീതം നേടിയതോടെ മത്സരം രണ്ടാം സൂപ്പർ ഓവറിലേക്കും നീണ്ടു.

തിളങ്ങി ഡികോക്ക്, പൊള്ളാർഡ്, മുംബൈ ആറിന് 176

ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ 6 വിക്കറ്റ് നഷ്ടത്തിൽ 176 റൺസെടുത്തു. അർധസെഞ്ചുറി നേടിയ ക്വിന്റൻഡികോക്കിന്റെ പ്രകടനമാണു മുംബൈ നിരയിൽ നിർണായകമായത്.43 പന്തുകൾ നേരിട്ട താരം 53 റൺസെടുത്തു പുറത്തായി. മധ്യനിര താരം ക്രുനാൽ പാണ്ഡ്യയും (30 പന്തിൽ 34) തിളങ്ങി. അവസാന ഓവറുകളിൽ കീറൺ പൊള്ളാർഡും നേഥൻ കോൾട്ടർനെയ്‍ലും പഞ്ചാബ് ബോളർമാരെ കടന്നാക്രമിച്ചതോടെ മുംബൈ മികച്ച സ്കോറിലേക്കെത്തുകയായിരുന്നു. ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് ഞായറാഴ്ചത്തെ മത്സരത്തിൽ തിളങ്ങാനായില്ല. ഒൻപതു റൺസ് മാത്രം നേടിയ മുംബൈ ക്യാപ്റ്റൻ അർഷ്ദീപ് സിങ്ങിന്റെ പന്തിൽ ബൗൾഡാകുകയായിരുന്നു. നാലു പന്തുകൾ മാത്രം നേരിട്ട സൂര്യകുമാർ യാദവിന് റണ്ണൊന്നുമെടുക്കാന്‍ സാധിച്ചില്ല. സ്കോര്‍ 38ൽ നിൽക്കെ യുവതാരം ഇഷാൻ കിഷനെ വീഴ്ത്തി അർഷ്ദീപ് വിക്കറ്റ് നേട്ടം രണ്ടാക്കി. മൂന്നാം വിക്കറ്റും വീണതോടെ ക്രുനാൽ പാണ്ഡ്യയെകൂട്ടുപിടിച്ച് ക്വിന്റൻ ഡ‍ികോക്ക് മുംബൈ സ്കോർ ഉയർത്തി. 44 പന്തുകളിൽനിന്ന് ഇരുവരും ചേർന്ന് അർധസെ‍ഞ്ചുറി കൂട്ടുകെട്ട് ഉണ്ടാക്കി. സ്കോർ 100നോട് അടുക്കവെ 30 പന്തിൽ 34 റൺസെടുത്ത ക്രുനാലിനെ രവി ബിഷ്ണോയി ദീപക് ഹൂഡയുടെ കൈകളിലെത്തിച്ചു.

എട്ട് റൺസ് മാത്രമെടുത്ത ഹാർദിക് പാണ്ഡ്യ നിലയുറപ്പിക്കുന്നതിനു മുൻപേ മുഹമ്മദ് ഷമിക്കു മുന്നിൽ കീഴടങ്ങി. ഇതോടെ മുംബൈ അഞ്ചിന് 116 റൺസ് എന്ന നിലയിൽ. 39 പന്തുകളിൽ നിന്ന് ഡികോക്ക് അർധസെഞ്ചുറി തികച്ചു. മൂന്നു വീതം സിക്സും ഫോറും താരം പറത്തി. തൊട്ടുപിന്നാലെ ഡികോക്ക് പുറത്തായി. ക്രിസ് ജോർദാന്റെ പന്തിൽ മായങ്ക് അഗർവാൾ ക്യാച്ചെടുത്താണു താരത്തെ പറഞ്ഞുവിട്ടത്. സ്കോർ ഉയർത്തുകയെന്ന ചുമതലയുമായി ഗ്രൗണ്ടിലെത്തിയ കീറൺ പൊള്ളാർഡും നേഥൻ കോൾട്ടർനെയ്‍ലും അവസാന ഓവറുകളി‍ൽ തുടർച്ചയായി ബൗണ്ടറികൾ ഉന്നമിട്ടു. നാലു സിക്സും ഒരു ഫോറും പറത്തിയ പൊള്ളാർഡ് 12 പന്തുകളിൽ നിന്ന് നേടിയത് 34 റൺസ്. 12 പന്തുകളിൽനിന്ന് 24 റൺസെടുത്ത് കോൾട്ടർനെയ്‍ലും തിളങ്ങിയതോടെ മുംബൈ സ്കോർ 176ൽ എത്തി. പഞ്ചാബിനായി അർഷ്ദീപ് സിങ്, മുഹമ്മദ് ഷമി എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ക്രിസ് ജോർദാൻ, രവി ബിഷ്ണോയി എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.

അര്‍ധസെ‍ഞ്ചുറി നേടിയ മുംബൈ ഇന്ത്യൻസ് താരം ക്വിന്റൻ ഡികോക്കിന്റെ ബാറ്റിങ്
അര്‍ധസെ‍ഞ്ചുറി നേടിയ മുംബൈ ഇന്ത്യൻസ് താരം ക്വിന്റൻ ഡികോക്കിന്റെ ബാറ്റിങ്

രാഹുലിന് അർധ സെഞ്ചുറി (77), എന്നിട്ടും...

മറുപടി ബാറ്റിങ്ങിൽ ഭേദപ്പെട്ട തുടക്കമാണു പഞ്ചാബിന് ലഭിച്ചത്. കെ.എൽ. രാഹുലും മായങ്ക് അഗർവാളും ചേർന്ന് 33 റൺസ് കൂട്ടിച്ചേർത്തു. 10 പന്തിൽ 11 റൺസെടുത്താണു മായങ്ക് പുറത്തായത്. ജസ്പ്രീത് ബുമ്രയുടെ പന്തിൽ താരം ബൗൾഡായി. ക്രിസ് ഗെയ്‍ലിനെ കൂട്ടുപിടിച്ച് കെ.എൽ. രാഹുൽ പഞ്ചാബ് സ്കോർ 50 കടത്തി. 75ൽ നിൽക്കെ ക്രിസ് ഗെയ്ൽ മടങ്ങി. 21 പന്തിൽ 24 റൺസെടുത്ത ഗെയ്ൽ ദീപക് ചാഹറിന്റെ പന്തിൽ ട്രെന്റ് ബോൾട്ടിന് ക്യാച്ച് നൽകിയാണു പുറത്തായത്. 35 പന്തുകളിൽനിന്ന് രാഹുൽ അര്‍ധ സെ‍ഞ്ചുറി തികച്ചു. 

kl-rahul-batting
മുംബൈയ്ക്കെതിരെ കെ.എൽ. രാഹുലിന്റെ ബാറ്റിങ്

12 പന്തിൽ 24 റൺസെടുത്ത നിക്കോളാസ് പുരാനെ ബുമ്രയുടെ പന്തിൽ കോൾട്ടർനെയിൽ ക്യാച്ചെടുത്തു മടക്കി. ഗ്ലെൻ മാക്സ്‍വെൽ വന്നപോലെ മടങ്ങി. കെ.എൽ. രാഹുല്‍ കളി ജയിപ്പിക്കുമെന്നു പ്രതീക്ഷിച്ചിരിക്കവെ 153 റൺസിൽ താരത്തിന്റെ അപ്രതീക്ഷിത പുറത്താകൽ. ബുമ്രയുടെ പന്തിൽ താരം ബൗൾ‍‍ഡാകുകയായിരുന്നു. 19–ാം ഓവർ അവസാനിച്ചപ്പോൾ പഞ്ചാബിന് ജയിക്കാൻ വേണ്ടത് ആറ് പന്തിൽ 9 റൺസ്. എന്നാൽ ക്രിസ് ജോർദാനും ദീപക് ഹൂഡയും ചേർന്ന് നേടിയത് 8 റൺസ് മാത്രം. അവസാന പന്തിൽ 13 റൺസെടുത്ത ക്രിസ് ജോർദാൻ റണ്ണൗട്ടാകുകയും ചെയ്തു. ഇതോടെ ഞായറാഴ്ചത്തെ രണ്ടാം മത്സരവും സൂപ്പർ ഓവറിലേക്ക് നീങ്ങി.

സൂപ്പർ ഓവറിൽ പഞ്ചാബ്

സൂപ്പർ ഓവറിൽ ആദ്യം ബാറ്റു ചെയ്യാനിറങ്ങിയ പഞ്ചാബ് നേടിയത് വെറും അഞ്ച് റൺസ് മാത്രം. ബുമ്രയെറിഞ്ഞ ഓവറിൽ നിക്കോളാസ് പുരാൻ, കെ.എൽ. രാഹുൽ എന്നിവർ പുറത്താകുകയും ചെയ്തു. മറുപടി ബാറ്റിങ്ങിൽ മുംബൈയ്ക്കു വേണ്ടി ഇറങ്ങിയത് ക്വിന്റൻ ഡികോക്കും ക്യാപ്റ്റൻ രോഹിത് ശർമയും. ആദ്യത്തെ സൂപ്പർ ഓവറിൽ മുംബൈയും നേടി അഞ്ച് റൺസ്. ഇതോടെ വിജയികളെ തീരുമാനിക്കാൻ രണ്ടാം സൂപ്പര്‍ ഓവറിലേക്കു മത്സരം നീണ്ടു. രണ്ടാം ഓവറിൽ ആദ്യം ബാറ്റിങ്ങിനിറങ്ങിയ മുംബൈ നേടിയത് 11 റൺസ്. മറുപടിയിൽ ക്രിസ് ഗെയിലും മായങ്ക് അഗർവാളും ചേർന്ന് നാല് പന്തിൽ വിജയ റൺസ് കുറിച്ചു.

English Summary: MI VS KXIP IPL Match Live

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com