ADVERTISEMENT

അബുദാബി∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) മുംബൈ ഇന്ത്യൻസിനെതിരെ കഴിഞ്ഞ ദിവസം നടന്ന ആവേശപ്പോരാട്ടത്തിൽ അർധസെഞ്ചുറി പൂർത്തിയാക്കിയ ഉടൻ രാജസ്ഥാൻ റോയൽസിന്റെ മലയാളി താരം സ‍ഞ്ജു സാംസൺ മസിൽ പെരുപ്പിച്ച് അതിലേക്ക് ചൂണ്ടി ആഘോഷിച്ചത് ആരാധകർ ശ്രദ്ധിച്ചിരിക്കും. എന്താണ് കാരണം? മത്സരം പൂർത്തിയായ ശേഷം പുരസ്കാര വിതരണങ്ങൾക്ക് മുന്നോടിയായി ഇതേ ചോദ്യം സഞ്ജുവിനു മുന്നിൽ നേരിട്ടെത്തി. ‘എന്റെ പേര് സാംസൺ എന്നാണ്, അത് ഒന്ന് സ്വയം ഓർമിപ്പിക്കാനായിരുന്നു ആ ആഘോഷം’ എന്നായിരുന്നു സ‍‍ഞ്ജുവിന്റെ ഉത്തരം. കളിയോടുള്ള സമീപനത്തിൽ ചെറിയ തോതിൽ വരുത്തിയ മാറ്റമാണ് കൂടുതൽ മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കാൻ സഹായിച്ചതെന്നും സഞ്ജു വെളിപ്പെടുത്തി.

മത്സരത്തിൽ മുംബൈ ഉയർത്തിയ 196 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ റോയൽസ്, എട്ടു വിക്കറ്റിന്റെ ആധികാരിക വിജയമാണ് സ്വന്തമാക്കിയത്. 40 റൺസ് പിന്നിടുമ്പോഴേയ്ക്കും രണ്ടു വിക്കറ്റ് നഷ്ടമാക്കിയ രാജസ്ഥാനെ, പിരിയാത്ത മൂന്നാം വിക്കറ്റിൽ വെറും 82 പന്തിൽനിന്ന് 152 റൺസ് അടിച്ചുകൂട്ടിയ ബെൻ സ്റ്റോക്സ് – സഞ്ജു സാംസൺ സഖ്യമാണ് രക്ഷപ്പെടുത്തിയത്. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച കൂട്ടുകെട്ടുകളിലൊന്നിൽ പങ്കാളിയായതിനു പിന്നാലെയാണ് സഞ്ജു മനസ്സു തുറന്നത്.

‘എന്നിലുള്ള വിശ്വാസം ഞാൻ ഒരിക്കലും കൈവിട്ടിരുന്നില്ല. തുടർച്ചയായി 14 മത്സരങ്ങൾ കളിക്കുമ്പോൾ ഉയർച്ച–താഴ്ചകൾ സ്വാഭാവികമാണ്. കളിയോടുള്ള സമീപനത്തിൽ ഞാൻ ചെറിയ മാറ്റം വരുത്തിയിരുന്നു. വലിയ ഗ്രൗണ്ടുകളിലും വ്യത്യസ്തമായ വിക്കറ്റുകളിലും നിലയുറപ്പിക്കാൻ കൂടുതൽ സമയം വേണ്ടിവരും. അതാണ് ഞാൻ വരുത്തിയ മാറ്റം’ – സഞ്ജു വിവരിച്ചു.

മുംബൈയ്‌ക്കെതിരായ മത്സരത്തിൽ മൂന്നു സിക്സറുകൾ പറത്തിയ സ‍ഞ്ജു, ഈ സീസണിൽ കൂടുതൽ സിക്സറുകൾ നേടിയ താരങ്ങളുടെ പട്ടികയിൽ വീണ്ടും ഒന്നാമതെത്തി. 12 മത്സരങ്ങളിൽനിന്ന് ഇതുവരെ 23 സിക്സറുകളാണ് സഞ്ജുവിന്റെ നേട്ടം. 11 കളികളിൽനിന്ന് 22 സിക്സറുമായി പഞ്ചാബിന്റെ വിൻഡീസ് താരം നിക്കോളാസ് പുരാൻ പിന്നിൽ. സിക്സടിക്കാൻ പ്രത്യേകിച്ച് എന്തെങ്കിലും മാർഗങ്ങളുണ്ടോയെന്ന ചോദ്യത്തിന് സഞ്ജുവിന്റെ ഉത്തരം ഇങ്ങനെ:

‘സിക്സടിക്കാൻ എനിക്ക് പ്രത്യേകിച്ച് രീതികളൊന്നുമില്ല. പന്ത് ശ്രദ്ധിക്കുക, അടിക്കുക. അത്രതന്നെ. അർധസെഞ്ചുറി പൂർത്തിയാക്കിയപ്പോൾ അത്തരത്തിൽ ആഘോഷിച്ചത് എന്റെ പേര് എന്നെത്തന്നെ ഒന്ന് ഓർമിപ്പിക്കാനാണ്. ലോകം കണ്ട ഏറ്റവും കരുത്തനായ മനുഷ്യനാണ് സാംസണ്‍. അക്കാര്യം ഞാൻ കൂടെക്കൂടെ എന്നെത്തന്നെ ഓർമിപ്പിക്കാറുണ്ട്. ഞാൻ വളരെ കരുത്തനാണെന്നും കൂടുതൽ സിക്സറുകൾ ഇനിയും നേടാനാകുമെന്നും സ്വയം ഓർമിപ്പിക്കും’ – സഞ്ജു പറഞ്ഞു.

‘സ്റ്റോക്സിനൊപ്പം ബാറ്റു ചെയ്യുന്നത് വിസ്മയിപ്പിക്കുന്ന അനുഭവമായിരുന്നു. കഴിഞ്ഞ മൂന്നു മത്സരങ്ങളിൽ ഒരുമിച്ച് ഞങ്ങൾ ക്രീസിലുണ്ടായിരുന്നു. പക്ഷേ, ഇതായിരുന്നു ഏറ്റവും മികച്ച സമയം. നന്നായിത്തന്നെ ആസ്വദിച്ചു. ജയിക്കാൻ എത്ര റൺസ് കൂടി വേണമെന്ന് ഒരിക്കൽപ്പോലും ശ്രദ്ധിച്ചില്ല. റൺറേറ്റും നോക്കിയില്ല. ഓരോ പന്തും അനുയോജ്യമായ രീതിയിൽ കളിക്കാനായിരുന്നു ശ്രമം. എന്റെ ഗെയിം പ്ലാൻ വളരെ ലളിതമാണ്. പന്ത് ശ്രദ്ധിക്കുക, അടിക്കാനുള്ള പന്ത് അടിക്കുക, പ്രതിരോധിക്കാനുള്ള പ്രതിരോധിക്കുക’ – സഞ്ജു പറഞ്ഞു.

‘മത്സരം ഇരുവശത്തേക്കും തിരിയുന്ന രസകരമായ മത്സരങ്ങൾ ഐപിഎലിൽ മുൻപ് കണ്ടിട്ടുണ്ട്. അവസാനം വരെ നിന്നുകളിക്കാനായിരുന്നു ഇത്തവണ ശ്രമം. ഭാഗ്യവശാൽ അതിനു കഴിഞ്ഞു. ഇത്തവണ അൽപം സമയമെടുത്താണ് ഞാൻ ക്രീസിൽ നിലയുറപ്പിച്ചത്. അതേസമയം തന്നെ ബൗണ്ടറികൾക്കായി ശ്രമിക്കുകയും ചെയ്തു. ചാഹറിനെതിരെ ബൗണ്ടറികൾ നേടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല’ – സഞ്ജു പറഞ്ഞു.

English Summary: Sanju Samson reveals reason behind his strange celebration after scoring fifty for Rajasthan Royals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com