ADVERTISEMENT

ഷാർജ∙ ആദ്യ ഏഴു മത്സരങ്ങളിൽനിന്ന് ഒരേയൊരു ജയവുമായി അവസാന സ്ഥാനത്ത്. തുടർന്നുള്ള അഞ്ച് മത്സരങ്ങളിൽ അഞ്ചിലും ജയം... തുടർപരാജയങ്ങൾ സൃഷ്ടിച്ച വിമർശനശരങ്ങളിൽനിന്ന് രക്ഷപ്പെട്ട് ഐപിഎൽ 13–ാം സീസണിൽ അവിശ്വസനീയമായൊരു തിരിച്ചുവരവിന്റെ പാതയിലാണ് കിങ്സ് ഇലവൻ പഞ്ചാബ്. റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ, മുംബൈ ഇന്ത്യൻസ്, ഡൽഹി ക്യാപിറ്റൽസ്, സൺറൈസേഴ്സ് ഹൈദരാബാദ്, കൊൽക്കത്ത നൈറ്റ്റൈഡേഴ്സ്... മുന്നിൽവന്നുപെട്ട എതിരാളികളെ ഒന്നൊന്നായി തകർത്തെറിഞ്ഞുള്ള ജൈത്രയാത്ര. ഏറ്റവുമൊടുവിൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെതിരെ ആധികാരിക ജയത്തോടെ പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തേക്ക് കുതിച്ചെത്തിയിരിക്കുകയാണ് പ‍ഞ്ചാബ്. പരാജയത്തിന്റെ പടുകുഴിയിൽ കിടന്ന പഞ്ചാബ് ടീമിൽ വിജയത്തിലേക്കുള്ള വെടിമരുന്ന് എന്തായിരിക്കും? ഒറ്റ ഉത്തരമേയുള്ളു – ‘യൂണിവേഴ്സൽ ബോസ്’ ക്രിസ് ഗെയ്ൽ!

ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 13–ാം സീസണിനായി യുഎഇയിലേക്ക് വിമാനം കയറുമ്പോൾ പ്ലേ ഓഫിൽ സ്ഥാനമുറപ്പിക്കാൻ വേണ്ടതെല്ലാം ഉണ്ടായിരുന്നു കിങ്സ് ഇലവൻ പഞ്ചാബിന്റെ കൈവശം. ട്വന്റി20യിലെ ഏറ്റവും മികച്ച ബാറ്റ്സ്മാൻമാരായി എണ്ണാവുന്ന കെ.എൽ. രാഹുൽ, ക്രിസ് ഗെയ്‍ൽ, നിക്കോളാസ് പുരാൻ. തന്റേതായ ദിവസം ഏതു ബോളിങ് ആക്രമണത്തിനും ഉറക്കമില്ലാത്ത രാത്രി സമ്മാനിക്കാൻ കെൽപ്പുള്ള സ്റ്റാർ ഓൾറൗണ്ടർ ഗ്ലെൻ മാക്സ്‌വെൽ, പേസ് ഡിപ്പാർട്ട്മെന്റിൽ ഏതു ടീമും കൊതിക്കുന്ന മുഹമ്മദ് ഷമി – ഷെൽഡൺ കോട്രൽ വലംകൈ–ഇടംകൈ സഖ്യം, ഇന്ത്യൻ ക്രിക്കറ്റിലെ അടുത്ത സ്റ്റാർ സ്പിന്നറെന്ന് പേരെടുത്തുകഴിഞ്ഞ യുവതാരം രവി ബിഷ്ണോയിയും ഐപിഎൽ സ്പെഷലിസ്റ്റ് മുരുകൻ അശ്വിനും. പിന്നെ ട്വന്റി20 ഫോർമാറ്റിന് അനുയോജ്യരായ ഇംഗ്ലിഷ് ഓൾറൗണ്ടർ ക്രിസ് ജോർദാനേപ്പോലുള്ളവരും.

മത്സരങ്ങൾക്ക് തുടക്കമായപ്പോഴും പ്രതീക്ഷയ്‌ക്കൊത്ത പ്രകടനവുമായാണ് പഞ്ചാബ് വരവറിയിച്ചത്. പ്രതീക്ഷിച്ച താരങ്ങൾക്കൊപ്പം സ്ഥിരതയാർന്ന പ്രകടനവുമായി മായങ്ക് അഗർവാൾ ഓപ്പണിങ് സ്ഥാനത്തും ഇരിപ്പുറപ്പിച്ചതോടെ ഈ സീസൺ പഞ്ചാബിന്റേതായിരിക്കുമെന്ന തോന്നലുയർന്നു. സ്വയം പ്രഖ്യാപിത ‘യൂണിവേഴ്സൽ ബോസ്’ സാക്ഷാൽ ക്രിസ് ഗെയ്‍ലിനു പോലും അന്തിമ ഇലവനിൽ ഇടമില്ലാത്ത വിധം താരനിബിഢമായിരുന്നു ടീം. ബോളിങ്, ബാറ്റിങ് ചാർട്ടുകളിൽ ഒന്നാം സ്ഥാനം അലങ്കരിച്ചതിലേറെയും പഞ്ചാബ് താരങ്ങൾ. അപ്പോഴും ഒരേയൊരു കുറവു മാത്രം അവരെ അലട്ടി; വിജയങ്ങളുടെ കുറവ്!

ഗ്രൂപ്പ് തല മത്സരങ്ങളുടെ ആദ്യ ഘട്ടത്തിൽ റെക്കോർഡ് ബുക്കിൽ പഞ്ചാബ് താരങ്ങൾ മത്സരിച്ച് ഇടംപിടിക്കുമ്പോഴും വിജയങ്ങൾ ടീമിൽനിന്ന് അകന്നുനിന്നതിനെ ആരാധകർ പോലും സംശയത്തോടെയാണ് വീക്ഷിച്ചത്. ആദ്യത്തെ ഏഴു മത്സരങ്ങളിൽനിന്ന് ഒരേയൊരു വിജയം മാത്രം നേടി പഞ്ചാബ് ടീം അവസാന സ്ഥാനത്തേക്ക് പതിച്ചതോടെ, വ്യക്തിഗത പ്രകടനങ്ങൾക്കാണ് ക്യാപ്റ്റൻ കെ.എൽ. രാഹുൽ ഉൾപ്പെടെയുള്ളവർ പ്രാധാന്യം നൽകുന്നതെന്ന വിമർശനമുയർന്നു. ഐപിഎലിലെ ഒരേയൊരു ഇന്ത്യൻ പരിശീലകൻ അനിൽ കുംബ്ലെയും വിമർശനവിധേയനായി. കർണാടകക്കാരനായ കുംബ്ലെ, അവിടെനിന്നുള്ള താരങ്ങൾക്ക് അമിത പ്രാധാന്യം നൽകുന്നുവെന്നായിരുന്നു വിമർശനം. തോൽവികൾ തുടർക്കഥയായതോടെ കർണാടകക്കാരനായ കരുൺ നായർ ടീമിന് പുറത്തായി. കൃഷ്ണപ്പ ഗൗതവും പിന്നീട് ടീമിൽ ഇടംനേടിയില്ല.

10.75 കോടി രൂപയ്ക്ക് ടീമിലെടുത്ത ഗ്ലെൻ മാക്സ്‌വെലിന്റെ ദയനീയ പ്രകടനവും ചോദ്യചിഹ്‌നമായി. സൂപ്പർതാരം ക്രിസ് ഗെയ്‍ലിനെ കളത്തിലിറക്കാത്തതിനായി പിന്നീട് പഴി. ഇതിനിടെ ഗെയ്‌ലിന് സുഖമില്ലാത്തതുകൊണ്ടാണ് കളത്തിലിറക്കാത്തതെന്ന വിശദീകരണം വന്നു. ഒടുവിൽ സീസണിലെ എട്ടാം മത്സരത്തിലാണ് ആദ്യമായി ഗെയ്‍ലിന് അവസരം ലഭിക്കുന്നത്. അപ്പോഴേക്കും ആദ്യ ഏഴ് മത്സരങ്ങളിൽ ആറും തോറ്റ് പുറത്താകലിന്റെ വക്കിലായിരുന്നു ടീമെന്ന് ഓർക്കണം.

ആ ഒറ്റ തീരുമാനം പഞ്ചാബ് ടീമിൽ നിറച്ച ആവേശം ചില്ലറയല്ലെന്ന് പിന്നീടുള്ള മത്സരഫലങ്ങൾ തെളിയിക്കുന്നു. തുടർന്നുള്ള അഞ്ച് മത്സരങ്ങളിൽ എല്ലാറ്റിലും ജയിച്ച കിങ്സ് ഇലവൻ പഞ്ചാബ് ഇപ്പോൾ പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തുണ്ട്. പ്ലേ ഓഫ് സാധ്യതകളും സജീവം. കളിച്ച ആദ്യ മത്സരത്തിൽത്തന്നെ അർധസെഞ്ചുറി നേടിയ ഗെയ്‍ൽ, ഇന്നലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ വീണ്ടും അർധസെ‍ഞ്ചുറി കണ്ടെത്തി. കളിയിലെ കേമനുമായി.

ക്രിസ് ഗെയ്ൽ എന്ന കൊമ്പന്റെ സാന്നിധ്യം ടീമംഗങ്ങളിൽ ഉണ്ടാക്കിയ ആത്മവിശ്വാസം എത്രയാണെന്ന് മത്സരഫലങ്ങളിൽനിന്ന് വ്യക്തം. ഏതു നിമിഷത്തിലും കളി തിരിച്ചുപിടിക്കാൻ മികവുള്ള ടീമായി പഞ്ചാബ് മാറിയെന്നത് അവ സാക്ഷ്യപ്പെടുത്തുന്നു. അവിശ്വസനീയ ജയങ്ങളോടെ എതിരാളികളുടെ പേടിസ്വപ്നമായി ഈ സംഘം മാറിക്കഴിഞ്ഞു. പഞ്ചാബിന്റെ വിജയക്കുതിപ്പിൽ ഇതിനകം അടിപതറിയ ടീമുകൾ ചില്ലറക്കാരല്ല. വിരാട് കോലിയുടെ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ, നിലവിലെ ചാംപ്യൻമാരും പോയിന്റ് പട്ടികയിൽ ഒന്നാമൻമാരുമായ മുംബൈ ഇന്ത്യൻസ്, ഒന്നാം സ്ഥാനത്തിനായി മുംബൈയുമായി മത്സരിക്കുന്ന ‍ഡൽഹി ക്യാപിറ്റൽസ്, പിന്നീട് സൺറൈസേഴ്സ് ഹൈദരാബാദും ഒടുവിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും.

ഇതുവരെ അ‍ഞ്ച് മത്സരങ്ങളിൽ 128 പന്തുകൾ നേരിട്ട് രണ്ട് അർധസെഞ്ചുറി സഹിതം 177 റൺസാണ് ഗെയ്‌ൽ നേടിയത്. അ‍ഞ്ചിലും സ്ട്രൈക് റേറ്റ് 100.00 നു താഴ്ന്നിട്ടില്ല. 15 സിക്സറുകളും 9 ഫോറുകളും ആ ബാറ്റിൽ നിന്നു പിറന്നു.

English Summary: Chris Gayle and Kings XI Punjab's consecutive wins in Indian Premier League 2020

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com