ADVERTISEMENT

ഷാർജ ∙ ദിവസങ്ങൾക്കു മുൻപ് വിടപറഞ്ഞ പിതാവിന് അർധസെ‍ഞ്ചുറിയോടെ പുറത്താകാതെ നിന്ന് പഞ്ചാബി താരം മൻദീപ് സിങ്ങിന്റെ സ്മരണാഞ്ജലി. കൊൽക്കത്ത നൈറ്റ്റൈഡേഴ്സിന് എതിരെയുള്ള മത്സരത്തിൽ അർധസെഞ്ചുറി തികച്ച കിങ്സ് ഇലവൻ പഞ്ചാബ് താരം മൻദീപ് സിങ്, അത് പിതാവിന് സമർപ്പിക്കുന്ന കാഴ്ച ഹൃദയഭേദകമായി. അർധസെഞ്ചുറി തികച്ചതിനു പിന്നാലെ മുകളിലേക്കു നോക്കി മൻദീപ് സിങ് അഭിവാദ്യം അർപ്പിച്ചത് ദുഃഖത്തോടെയാണ് സഹതാരങ്ങൾ കണ്ടുനിന്നത്.

കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് മൊഹാലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മൻദീപ് സിങ്ങിന്റെ പിതാവ് ഹർദേവ് സിങ് വെള്ളിയാഴ്ച രാത്രിയാണ് മരിച്ചത്. പിതാവിന്റെ വിയോഗവാർത്ത അറിഞ്ഞതോടെ നാട്ടിലേക്കു പുറപ്പെടാൻ ആലോചിച്ചെങ്കിലും താൻ ക്രിക്കറ്റ് കളിക്കുന്നത് കാണുന്നതിൽ ഏറെ സന്തോഷിച്ച പിതാവിന്റെ ആഗ്രഹം മാനിച്ച് മൻദീപ് ടീമിനൊപ്പം തുടരുകയായിരുന്നു.

വിഡിയോ കോളിലൂടെയാണ് മൻദീപ് പിതാവിന്റെ സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തത്. പരുക്കിനെ തുടർന്ന് കളിക്കാതിരുന്ന മായങ്ക് അഗർവാളിനു പകരം ഓപ്പണറായി ശനിയാഴ്ച കളിക്കാൻ ഇറങ്ങിയ മൻദീപ് 17 റൺസ് എടുത്ത് ഔട്ടായി. പിതാവിന്റെ വിയോഗം സൃഷ്ടിച്ച വേദനയ്‌ക്കിടയിലും കളത്തിലിറങ്ങാൻ മൻദീപ് കാട്ടിയ ആർജവത്തെ പുകഴ്ത്തി സൂപ്പർതാരം സച്ചിൻ െതൻഡുൽക്കർ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കൊൽക്കത്തയ്‌ക്കെതിരായ മത്സരത്തിലും ഓപ്പണറായി ഇറങ്ങിയ മൻദീപ് സിങ് അർധസെഞ്ചുറി നേടിയത്. 56 പന്തിൽ രണ്ട് സിക്സും എട്ടു ഫോറും സഹിതം 66 റൺസെടുത്ത മൻദീപ് പുറത്താകാതെ നിന്നു.

‘ഈ മത്സരം വളരെ പ്രത്യേകതയുള്ളതാണ്. കളിക്കുമ്പോൾ വിക്കറ്റ് നഷ്ടപ്പെടുത്തരുതെന്ന് എന്റെ പിതാവ് എപ്പോഴും പറയുമായിരുന്നു. ഈ മത്സരം അദ്ദേഹത്തിനുള്ളതാണ്. ഞാൻ സെഞ്ചുറിയോ ഇരട്ട സെഞ്ചുറിയോ നേടിയാലും, ഔട്ടായാൽ എന്തുകൊണ്ടാണ് ഔട്ടായതെന്ന് അദ്ദേഹം ചോദിക്കുമായിരുന്നു.’ – മത്സരശേഷം മൻദീപ് സിങ് പറഞ്ഞു.

English Summary: Mandeep Singh overcomes grief of father’s death to stay on in IPL

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com