ADVERTISEMENT

ന്യൂഡൽഹി∙ രോഹിത് ശർമയെ ഉൾപ്പെടുത്താതിരുന്നതിലൂടെ വിവാദമായി മാറിയ ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ടീം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മറ്റൊരു വിവാദം കൂടി. തോളിനു പരുക്കുള്ളതിനാൽ പന്തെറിയാൻ ബുദ്ധിമുട്ടുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ തമിഴ്നാട്ടുകാരൻ സ്പിന്നർ വരുൺ ചക്രവർത്തിയെ സിലക്ടർമാർ ടീമിൽ ഉൾപ്പെടുത്തിയെന്നാണ് വെളിപ്പെടുത്തൽ. ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യയുടെ ടെസ്റ്റ്, ഏകദിന, ട്വന്റി20 ടീമുകളെ ഒക്ടോബർ 26നാണ് ബിസിസിഐ പ്രഖ്യാപിച്ചത്. ഇതിൽ ട്വന്റി20 ടീമിലാണ് ചക്രവർത്തിയെ ഉൾപ്പെടുത്തിയത്. എന്നാൽ, ചക്രവർത്തിക്ക് പരുക്കുള്ള വിവരം ടീം തിരഞ്ഞെടുപ്പിന്റെ സമയത്ത് സിലക്ടർമാർക്ക് അറിയാമായിരുന്നോ എന്ന കാര്യത്തിൽ അവ്യക്തതയുണ്ട്.

‘വരുൺ ചക്രവർത്തിക്ക് വലതു തോളിന് പരുക്കുണ്ട്. സാധാരണ ഗതിയിൽ ശസ്ത്രക്രിയ ആവശ്യമുള്ള പരുക്കാണിത്. ഏതാണ്ട് ആറാഴ്ചയോളം വിശ്രമവും വേണ്ടിവരും. ഈ പരുക്കുമൂലം പന്തെറിയാൻ അദ്ദേഹം വളരെയധികം വിഷമിക്കുന്നുണ്ട്. ഐപിഎലിൽ കളിക്കുന്നതിനാണ് അദ്ദേഹം മുൻപ് ശസ്ത്രക്രിയയ്ക്ക് തയാറാകാതിരുന്നത്. നിലവിൽ വരുൺ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്’ – ഇതുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളെ ഉദ്ധരിച്ച് ‘ടൈംസ് ഓഫ് ഇന്ത്യ’ റിപ്പോർട്ട് ചെയ്തു.

‘ഒരു താരത്തിന്റെ പരുക്കു മറച്ചുവയ്ക്കുന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഈ സംഭവം. അദ്ദേഹത്തിന് ബോൾ ചെയ്യാൻ സാധിക്കുമെങ്കിൽ പോലും ഓസ്ട്രേലിയയിലെ വലിയ ഗ്രൗണ്ടുകളിൽ പന്ത് ഫീൽഡ് ചെയ്യാനും നീട്ടിയെറിയാനും കഴിയുമോയെന്ന് സംശയമാണ്’ – റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, വരുൺ ചക്രവർത്തിക്ക് പരുക്കുള്ള കാര്യം അദ്ദേഹത്തിന്റെ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഐപിഎലിനിടെ സിലക്ടർമാരെയോ ദേശീയ ക്രിക്കറ്റ് അക്കാദമിയെയോ അറിയിച്ചിരുന്നില്ലെന്നാണ് വിവരം. ടീമിന്റെ ഐപിഎൽ കാംപെയിൻ അവസാനിച്ച ശേഷമാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് കൊൽക്കത്ത ടീം ബിസിസിഐയ്ക്ക് കൈമാറിയത്.

നവംബർ 12ന് ഓസ്ട്രേലിയൻ പര്യടനത്തിനായി പുറപ്പെടുന്ന ഇന്ത്യൻ സംഘത്തിനൊപ്പമാണ് നിലവിൽ വരുൺ. ഐപിഎലിൽനിന്ന് പുറത്തായ ടീമുകളിലെ ഇന്ത്യൻ താരങ്ങൾ ഓസീസ് പര്യടനത്തിനു മുന്നോടിയായുള്ള ബയോ സെക്യുർ ബബിളിലേക്ക് പ്രവേശിച്ചുകഴിഞ്ഞു.

‘മറ്റു താരങ്ങൾക്കൊപ്പം വരുണും ദുബായിലെ ഐസിസി അക്കാദമിയിൽ പരിശീലനം നടത്തുന്നുണ്ട്. നെറ്റ്സിലും അദ്ദേഹത്തെ കണ്ടിരുന്നു. അദ്ദേഹത്തിന്റെ പരുക്ക് ടീം ഫിസിയോ തീർച്ചയായും നിരീക്ഷിക്കുന്നുണ്ടാകും’ – റിപ്പോർട്ട് വ്യക്തമാക്കുന്നു.

English Summary: India selectors told ‘fit’ Varun Chakravarthy can’t throw

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com