ADVERTISEMENT

ദുബായ്∙ 2013ൽ ചാംപ്യൻമാർ, 2014ൽ കിരീടമില്ല, 2015ൽ ചാംപ്യൻമാർ, 2016ൽ കിരീടമില്ല, 2017ൽ ചാംപ്യൻമാർ, 2018ൽ കിരീടമില്ല, 2019ൽ ചാംപ്യൻമാർ, 2020ൽ .............? ഉവ്വ്, ഐപിഎൽ 13–ാം പതിപ്പ് ചരിത്രത്തിന്റെ ഒഴുക്കിനൊപ്പിച്ചു നീങ്ങിയാൽ ഇത്തവണ കിരീടം ഡൽഹി ക്യാപിറ്റൽസ് കൊണ്ടുപോകും! ഐപിഎൽ 13–ാം സീസണിലെ കലാശപ്പോരിൽ മുംബൈ ഇന്ത്യൻസും ഡൽഹി ക്യാപിറ്റൽസും മുഖാമുഖമെത്തുമ്പോഴാണ് രസകരമായ ഈ കണക്ക് ശ്രദ്ധ നേടുന്നത്. ഫോമും ഈ സീസണിലെ പ്രകടനവും വച്ചുനോക്കിയാൽ മുംബൈ ഡൽഹിയേക്കാൾ ബഹുദൂരം മുന്നിലാണെങ്കിലും, ചരിത്രം ഇപ്പോഴത്തെ ‘ഫ്ലോ’യിലങ്ങു പോയാൽ കിരീടം ഡൽഹിക്കു പോകും. ആ ‘ഫ്ലോ’ അങ്ങു പോയാലോ, കിരീടം മുംബൈ നിലനിർത്തും. ചെന്നൈ സൂപ്പർ കിങ്സിനു ശേഷം ഐപിഎൽ കിരീടം നിലനിർത്തുന്ന ആദ്യ ടീമെന്ന നേട്ടവും അവർക്കു സ്വന്തമാകും.

ഐപിഎല്‍ ഫൈനലിനു മൻപേ കണക്കിലെ ചില കളികളിതാ:

∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ കിരീടം നേടിയ ടീമാണ് മുംബൈ. ഇന്ന് ആറാം ഫൈനലിന് ഇറങ്ങുന്ന അവരുടെ ലക്ഷ്യം അഞ്ചാം കിരീടം. ഐപിഎൽ ചരിത്രത്തിലാദ്യമായാണ് ഡൽഹി ഇത്തവണ ഫൈനലിൽ കടന്നത്. ഈ സീസൺ ആരംഭിക്കും മുൻപ് നേർക്കുനേർ പോരാട്ടങ്ങളിൽ 12–12 എന്ന നിലയിൽ തുല്യരായിരുന്നു ഇരു ടീമുകളും. ഈ സീസണിൽ ഒന്നാം ക്വാളിഫയറിൽ ഉൾപ്പെടെ നേർക്കുനേരെത്തിയ മൂന്നു മത്സരങ്ങളും മുംബൈ ജയിച്ചു.

∙ ഇതിനു മുൻപുള്ള മൂന്നു സീസണുകളിലും ഫൈനലിലെത്തിയ ഒരു ടീം രണ്ടാമത്തെ ടീമിനെതിരെ മൂന്നു മത്സരങ്ങളും ജയിച്ചിട്ടുണ്ട്. 2017ൽ ക്വാളിഫയറിലും ലീഗ് ഘട്ടത്തിലുമായി പുണെ സൂപ്പർജയന്റ്സിനോട് മൂന്നു മത്സരങ്ങളും തോറ്റ മുംബൈ, ഫൈനലിൽ ജയിച്ച് കിരീടം ചൂടി. 2018ൽ ചെന്നൈ സൂപ്പർ കിങ്സ് സീസണിൽ തുടർച്ചയായ നാലാം മത്സരത്തിലും സൺറൈസേഴ്സ് ഹൈദരാബാദിനെ തോൽപ്പിച്ച് 4–0ന്റെ മേധാവിത്തത്തിൽ കിരീടം ചൂടി. കഴിഞ്ഞ വർഷം മുംബൈ ഇന്ത്യൻസ് ചെന്നൈ സൂപ്പർ കിങ്സിനെതിരെയും സീസണിലെ നാലാം മത്സരവും ജയിച്ച് കിരീടം ചൂടി.

∙ ഈ സീസണിൽ 29 വിക്കറ്റുകളുമായി വിക്കറ്റ് വേട്ടയിൽ മുന്നിൽ ഡൽഹി ക്യാപിറ്റൽസിന്റെ ദക്ഷിണാഫ്രിക്കൻ പേസർ കഗീസോ റബാദയാണ്. രണ്ടാമതുള്ള മുംബൈ ഇന്ത്യൻസ് താരം ജസ്പ്രീത് ബുമ്രയ്ക്ക് 27 വിക്കറ്റുണ്ട്.

∙ ഇന്ന് 68 റൺസ് നേടിയാൽ ഡൽഹി ക്യാപിറ്റൽസ് ഓപ്പണർ ശിഖർ ധവാന് കൂടുതൽ റൺസ് നേടിയ താരത്തിനുള്ള ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കാം. പ്ലേഓഫ് കാണാതെ പുറത്തായ കിങ്സ് ഇലവൻ പഞ്ചാബ് നായകൻ കെ.എൽ. രാഹുലാണ് നിലവിൽ 670 റൺസുമായി മുന്നിൽ.

∙ മുംബൈ നിരയിെല നാലു താരങ്ങൾ ഈ സീസണിൽ 20ൽ കൂടുതൽ സിക്സറുകൾ നേടിയിട്ടുണ്ട്. ഇഷാൻ കിഷൻ (29), ഹാർദിക് പാണ്ഡ്യ (25), കീറൺ പൊള്ളാർഡ് (22), ക്വിന്റൻ ഡികോക്ക് (21) എന്നിവരാണ് 20 സിക്സർ പിന്നിട്ട മുംബൈ താരങ്ങൾ. ഡൽഹി താരങ്ങളിൽ ഒരാൾക്കു പോലും ഈ നേട്ടമില്ല. 15 സിക്സർ നേടിയ മാർക്കസ് സ്റ്റോയ്നിസാണ് ഏറ്റവും മുന്നിലുള്ള ഡൽഹി താരം.

∙ ഈ സീസണിൽ ഡൽഹി താരം മാർക്കസ് സ്റ്റോയ്നിസ് ഇതുവരെ 352 റൺസും 12 വിക്കറ്റും നേടി. ഐപിഎലിൽ ഒരു സീസണിൽ 350 റൺസും 10 വിക്കറ്റും വീഴ്ത്തുന്ന 12–ാമത്തെ താരമാണ് സ്റ്റോയ്നിസ്. കഴിഞ്ഞ സീസണിൽ ഹാർദിക് പാണ്ഡ്യ, ആന്ദ്രെ റസ്സൽ എന്നിവർ ഈ നേട്ടം സ്വന്തമാക്കി. 2018ൽ സുനിൽ നരെയ്നും ഈ അപൂർവ ‘ഡബിൾ’ നേടി.‌

English Summary: IPL 2020 - Statistics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com