sections
MORE

നാലാം മുഖാമുഖത്തിൽ ഡൽഹിക്ക് 5 വിക്കറ്റ് തോൽവി; 5–ാം കിരീടവുമായി മുംബൈ പഞ്ച്!

mumbai-indians-champions
മുംബൈ താരങ്ങൾ കിരീടവുമായി (ഐപിഎൽ ട്വീറ്റ് ചെയ്ത ചിത്രം)
SHARE

ദുബായ്∙ വന്നു, കണ്ടു, കീഴടക്കി! ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) അത്രമേൽ അനായാസമായി മുംബൈ ഇന്ത്യൻസ് ഒരിക്കൽക്കൂടി കിരീടം തൊട്ടു. സീസണിൽ നാലാം വട്ടം നേർക്കുനേരെത്തിയപ്പോൾ അഞ്ച് വിക്കറ്റിനാണ് മുംബൈ ഡൽഹിയെ തോൽപ്പിച്ചത്. ഡൽഹി ക്യാപിറ്റൽസ് ഉയർത്തിയ 157 റണ്‍സ് വിജയലക്ഷ്യം പിന്തുടരുമ്പോൾ അവസാന ഘട്ടത്തിൽ അശ്രദ്ധകൊണ്ട് തുടർച്ചയായി വിക്കറ്റുകൾ നഷ്ടമാക്കിയെങ്കിലും, അപ്പോഴും മുംബൈ തോൽവിയെക്കുറിച്ച് ആലോചിച്ചിട്ടുണ്ടാകുമോ എന്ന് സംശയം. എന്തായാലും ഡൽഹി ക്യാപിറ്റൽസ് കിരീടം ചൂടുമെന്ന് വിശ്വസിക്കാൻ മത്സരത്തിനു മുൻപേ കണ്ടെത്തിയ ന്യായങ്ങളെല്ലാം ഇനി നിസംശയം മറക്കാം. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ അത്രകണ്ട് ആവേശകരമാകാതെ പോയ കലാശപ്പോരിൽ അഞ്ച് വിക്കറ്റ് വിജയത്തോടെയാണ് മുംബൈയുടെ അഞ്ചാം കിരീടനേട്ടം.

2013 മുതൽ ഒന്നിടവിട്ട വർഷങ്ങളിൽ കിരീടം ചൂടുന്ന മുംബൈ, ആ പതിവ് തിരുത്തിയാണ് ഇത്തവണ കിരീടം നിലനിർത്തിയത്. ഡൽഹി ഏറെ ക്ലേശിച്ചും പൊരുതിയും നേടിയ 156 റണ്‍സ്, എട്ടു പന്തും അഞ്ച് വിക്കറ്റും ബാക്കിയാക്കി മുംബൈ ഇന്ത്യൻസ് മറികടന്നു. ഐപിഎലിൽ മുംബൈയുടെ അഞ്ചാം കിരീടമാണിത്. ഇത് റെക്കോർഡാണ്. മഹേന്ദ്രസിങ് ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സിനു ശേഷം ഐപിഎൽ കിരീടം നിലനിർത്തുന്ന ആദ്യ ടീമെന്ന നേട്ടവും മുംബൈയ്ക്ക് സ്വന്തം. 2010, 2011 വർഷങ്ങളിലാണ് ചെന്നൈ കിരീടം നിലനിർത്തിയത്. ചരിത്രത്തിലാദ്യമായി ഐപിഎൽ ഫൈനൽ കളിച്ച ഡൽഹിക്ക്, നിരാശപ്പെടുത്തുന്ന തോൽവിയുമായി മടക്കം.

14 മത്സരങ്ങളിൽനിന്ന് 670 റൺസ് നേടിയ കിങ്സ് ഇലവൻ പഞ്ചാബ് താരം കെ.എൽ. രാഹുൽ കൂടുതൽ റൺസ് നേടിയതിനുള്ള ഓറഞ്ച് ക്യാപ് സ്വന്തമാക്കി. 17 മത്സരങ്ങളിൽനിന്ന് 30 വിക്കറ്റ് വീഴ്ത്തിയ ഡൽഹി ക്യാപിറ്റൽസ് താരം കഗീസോ റബാദയ്ക്കാണ് പർപ്പിൾ ക്യാപ്.

∙ പടനയിച്ച് രോഹിത്

ഇടവേളയ്ക്കുശേഷം ഫോമിലേക്കു തിരിച്ചെത്തിയ ക്യാപ്റ്റൻ രോഹിത് ശർമയുടെ തകർപ്പൻ അർധസെഞ്ചുറിയാണ് മുംബൈയുടെ വിജയം അനായാസമാക്കിയത്. ഓപ്പണറായെത്തിയ രോഹിത് 51 പന്തിൽ അഞ്ച് ഫോറും നാലു സിക്സും സഹിതം 68 റൺസെടുത്തു. ക്വിന്റൻ ഡികോക്ക് (12 പന്തിൽ 20), സൂര്യകുമാർ യാദവ് (20 പന്തിൽ 19) എന്നിവരെല്ലാം ഭേദപ്പെട്ട സംഭാവനകൾ നൽകി മുംബൈയുടെ വിജയം ഉറപ്പാക്കി. ഇഷാൻ കിഷൻ 19 പന്തിൽ മൂന്നു ഫോറും ഒരു സിക്സും സഹിതം 33 റൺസുമായി പുറത്താകാതെ നിന്നു. നിരാശപ്പെടുത്തിയത് കീറൺ പൊള്ളാർഡ് (നാലു പന്തിൽ ഒൻപത്), ഹാർദിക് പാണ്ഡ്യ (അഞ്ച് പന്തിൽ മൂന്ന്) എന്നിവർ മാത്രം. വിജയമുറപ്പിച്ച ഘട്ടത്തിൽ അശ്രദ്ധമായി കളിച്ചാണ് ഇരുവരും പുറത്തായത്. രോഹിത്തുമായുള്ള ധാരണപ്പിശകിൽ സൂര്യകുമാർ യാദവ് റണ്ണൗട്ടായി. ഡൽഹിക്കായി ആൻറിച് നോർട്യ രണ്ടും കഗീസോ റബാദ, മാർക്കസ് സ്റ്റോയ്നിസ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

രവിചന്ദ്രൻ അശ്വിൻ എറിഞ്ഞ ആദ്യ ഓവറിലെ മൂന്നാം പന്തിൽത്തന്നെ ക്രീസിനു പുറത്തേക്കിറങ്ങി സിക്സർ പറത്തിയ രോഹിത് വരാനിരിക്കുന്ന വിപത്തിന്റെ സൂചന ഡൽഹിക്ക് നൽകിയതാണ്. തൊട്ടടുത്ത ഓവറിൽ കഗീസോ റബാദയ്‌ക്കെതിരെ മൂന്നു ഫോറും ഒരു സിക്സും സഹിതം 18 റണ്‍സെടുത്ത ഡികോക്ക് മത്സരത്തിന്റെ ഗതി വ്യക്തമാക്കി. ഇടയ്ക്ക് ഡികോക്കിനെ മാർക്കസ് സ്റ്റോയ്നിസും രോഹിത് ശർമയെ ആൻറിച് നോർട്യയും പൊള്ളാർഡിനെ (നാലു പന്തിൽ ഒൻപത്) കഗീസോ റബാദയും പുറത്താക്കിയെങ്കിലും അത് മുംബൈയുടെ വിജയത്തിലേക്കുള്ള പ്രയാണത്തെ ബാധിച്ചു പോലുമില്ല. സൂര്യകുമാർ യാദവ് റണ്ണൗട്ടായതും വിജയത്തിലേക്ക് ഒരു റണ്‍ വേണ്ടപ്പോൾ ഹാർദിക് പാണ്ഡ്യ (അഞ്ച് പന്തിൽ മൂന്ന്) പുറത്തായതും അവരെ ബാധിച്ചില്ല. എട്ടു പന്തും അഞ്ച് വിക്കറ്റും ബാക്കിനിൽത്തി അവർ വിജയംതൊട്ടു.

∙ പൊരുതി, പക്ഷേ....

നേരത്തെ, ഐപിഎൽ 13–ാം സീസണിലെ കന്നി അർധസെഞ്ചുറി ഫൈനലിലേക്ക് കാത്തുവച്ച് ഋഷഭ് പന്തും ഇരുപത്തഞ്ചിന്റെ ‘ചെറുപ്പത്തി’ലും എന്തുകൊണ്ട് മികച്ച ക്യാപ്റ്റനായിരിക്കുന്നുവെന്ന് തെളിയിച്ച അർധസെഞ്ചുറിയുമായി ശ്രേയസ് അയ്യരും ചേർന്നാണ് ഡൽഹിക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. മറ്റൊരു കൂട്ടത്തകർച്ചയുടെ വക്കിലേക്കുള്ള പ്രയാണത്തിൽനിന്ന് ഡൽഹി ക്യാപിറ്റൽസിനെ കരകയറ്റിയ ഇരുവരും ചേർന്നാണ് കലാശപ്പോരിൽ മുംബൈ ഇന്ത്യൻസിനു മുന്നിൽ 157 റൺസ് വിജയലക്ഷ്യമുയർത്തിയത്. നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് ഡൽഹി 156 റൺസെടുത്തത്. 22 റൺസിനിടെ മൂന്നു വിക്കറ്റുകൾ നഷ്ടമാക്കിയ ശേഷമാണ്, അയ്യർ – പന്ത് കൂട്ടുകെട്ട് ഡൽഹിക്ക് കരുത്തായത്. 11.3 ഓവർ ക്രീസിൽനിന്ന ഇരുവരും നാലാം വിക്കറ്റിൽ കൂട്ടിച്ചേർത്തത് 96 റൺസ്! പന്ത് 38 പന്തിൽ നാലു ഫോറും രണ്ടു സിക്സും സഹിതം 56 റൺസെടുത്തു. അയ്യർ 50 പന്തിൽ ആറു ഫോറും രണ്ടു സിക്സും സഹിതം 65 റൺസുമായി പുറത്താകാതെ നിന്നു.

ആദ്യ പന്തിൽത്തന്നെ മാർക്കസ് സ്റ്റോയ്നിസ് ഗോൾഡൻ ഡക്കാകുന്ന കാഴ്ചയോടെ തുടങ്ങിയ ഇന്നിങ്സിൽ, അജിൻക്യ രഹാനെ (നാലു പന്തിൽ രണ്ട്), ശിഖർ ധവാൻ (13 പന്തിൽ 15) എന്നിവരാണ് 22 റൺസിനിടെ പവലിയനിൽ തിരിച്ചെത്തിയ മറ്റു രണ്ടു പേർ. ഷിംമ്രോൺ ഹെറ്റ്മെയർ (അഞ്ച് പന്തിൽ അഞ്ച്), അക്സർ പട്ടേൽ (ഒൻപത് പന്തിൽ ഒൻപത്) എന്നിവർ നിരാശപ്പെടുത്തി. കഗീസോ റബാദ അവസാന പന്തിൽ റണ്ണൗട്ടായി.

മുംബൈയ്‌ക്കായി ട്രെന്റ് ബോൾട്ട് നാല് ഓവറിൽ 30 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. നഥാൻ കൂൾട്ടർനൈൽ നാല് ഓവറിൽ 29 റൺസ് വഴങ്ങി രണ്ടും ജയന്ത് യാദവ് നാല് ഓവറിൽ 25 റൺസ് വഴങ്ങി ഒരു വിക്കറ്റുമെടുത്തു. ഐപിഎൽ 13–ാം സീസണിൽ പവർപ്ലേയിലെ ഏറ്റവും മികച്ച ബോളിങ് പ്രകടനത്തിനും ബോൾട്ട് അർഹനായി. ആകെ 36 ഓവറിൽ 6.72 ഇക്കോണമിയിൽ 16 വിക്കറ്റുകളാണ് പവർപ്ലേയിൽ ബോൾട്ടിന്റെ സമ്പാദ്യം. 2013ൽ മിച്ചൽ ജോൺസനും പവർപ്ലേയിൽ 16 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്.

English Summary: Mumbai Indians vs Delhi Capitals, Final - Live Cricket Score

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA