ADVERTISEMENT

ഐപിഎൽ 13–ാം പതിപ്പിലെ ‘സൂപ്പർ താര’ങ്ങളിലാരാൾ ഈ നാൽപ്പത്തിയെട്ടുകാരൻ കൂടിയാണ്. മുൻ ഇന്ത്യൻ ക്യാപ്റ്റനും നിലവിൽ ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. കോവിഡ് മൂലം കടൽ കടന്ന ഐപിഎൽ യുഎഇയിൽ ഇത്ര ഭംഗിയായി അവസാനിച്ചതിനു പിന്നിൽ‌ ഗാംഗുലിയുടെ നേതൃഗുണവുമുണ്ട്. ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനമാണ് ഗാംഗുലിക്കു മുന്നിലെ അടുത്ത അജണ്ട. 

വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹ ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കുമ്പോഴേക്കും കായികക്ഷമത വീണ്ടെടുക്കുമെന്ന് ഗാംഗുലി പറയുന്നു. ഓപ്പണർ രോഹിത് ശർമ നിലവിൽ 75% കായികക്ഷമത മാത്രമേ വീണ്ടെടുത്തിട്ടുള്ളൂവെന്നും അതിനാലാണ് ഏകദിന, ട്വന്റി20 ടീമുകളിലേക്കു പരിഗണിക്കാതിരുന്നതെന്നും ഗാംഗുലിയുടെ വെളിപ്പെടുത്തൽ. ഗാംഗുലി ‘ദ് വീക്ക്’ വാരികയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ നിന്ന്...

∙ രോഹിത് ശർമയുടെയും വൃദ്ധിമാൻ സാഹയുടെയും പരുക്ക് സംബന്ധിച്ച് ബിസിസിഐ വ്യക്തമായ വിവരം നൽകുന്നില്ലെന്ന് ആക്ഷേപമുണ്ടല്ലോ. ബിസിസിഐ പഴയ കാലത്തേക്കു തിരിച്ചുപോവുകയാണോ?

അതെങ്ങനെ ശരിയാകും? ഇക്കാര്യങ്ങളെക്കുറിച്ച് അറിയേണ്ടവർക്ക് എല്ലാം അറിയാം. ഫിസിയോതെറപ്പിസ്റ്റുകൾക്കും നാഷനൽ ക്രിക്കറ്റ് അക്കാദമി അധികൃതർക്കും കാര്യങ്ങളറിയാം. മറ്റു പലർക്കും ബിസിസിഐ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് അറിയില്ലെന്നു തോന്നുന്നു. സാഹ ഏകദിനത്തിലോ, ട്വന്റി20യിലോ കളിക്കുന്നില്ല. ടെസ്റ്റ് ആരംഭിക്കുമ്പോഴേക്കും പരുക്കു ഭേദമായി കായികക്ഷമത വീണ്ടെടുക്കുമെന്ന് ഉറപ്പുള്ളതിനാലാണ് ഓസ്ട്രേലിയയിലേക്ക് അയച്ചത്.

∙ രോഹിതിന്റെ കാര്യമോ? പരുക്കാണെന്നു ബിസിസിഐ പറഞ്ഞതിനു പിന്നാലെ രോഹിത് മുംബൈ ഇന്ത്യൻസിനു വേണ്ടി കളിച്ചില്ലേ?

രോഹിത് 75% കായികക്ഷമത വീണ്ടെടുത്തതേയുള്ളൂ ഇപ്പോൾ. സംശയമുണ്ടെങ്കി‍ൽ അദ്ദേഹത്തോടു ചോദിക്കാം. അതിനാലാണ് ഏകദിന, ട്വന്റി20 ടീമുകളിൽനിന്ന് ഒഴിവാക്കിയത്. ക്രിക്കറ്റ് ബോർഡുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പുറത്തു പറയാൻ കഴിയണമെന്നില്ല. പക്ഷേ, കാര്യങ്ങളെല്ലാം നന്നായി മുന്നോട്ടു പോകുന്നുണ്ട്.

∙ ഐപിഎൽ നടത്തിപ്പിൽ നേരിട്ട വെല്ലുവിളികൾ?

ടൂർണമെന്റിനായി ആരോഗ്യകരമായ അന്തരീക്ഷം ഒരുക്കുകയായിരുന്നു പ്രധാന വെല്ലുവിളി. 400 പേർ പങ്കെടുക്കുന്ന വലിയ ടൂർണമെന്റ് രണ്ടര മാസത്തേക്കു ജൈവസുരക്ഷാ സംവിധാനങ്ങളോടെ നടത്താനായത് വലിയ വിജയമാണ്. കൃത്യമായ ആസൂത്രണമുണ്ടായിരുന്നതിനാൽ സംഘാടനം വളരെ സുഗമമായിരുന്നു. 

∙ ഇന്ത്യയിൽ ഇനി ക്രിക്കറ്റ് മത്സരങ്ങൾ എപ്പോൾ നടക്കും?

കോവിഡ് സാഹചര്യത്തിൽ ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവ് പതുക്കെയാണ്. ആഭ്യന്തര ടൂ‍ർണമെന്റുകൾ നടത്തണം. പര്യടനത്തിനായി ഇംഗ്ലണ്ട് ഇന്ത്യയിൽ എത്തുന്നുണ്ട്. അപ്പോഴേക്കും കാര്യങ്ങളെല്ലാം നോർമൽ ആകുമെന്നാണ് പ്രതീക്ഷ. 

(അഭിമുഖത്തിന്റെ പൂർണരൂപം  ഈ ആഴ്ചയിലെ ‘ദ് വീക്ക്’ വാരികയിൽ)

English Summary: Interview with BCCI President Sourav Ganguly

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com