ADVERTISEMENT

മുംബൈ∙ ദേശീയ സീനിയർ സിലക്ഷൻ കമ്മിറ്റിയിലെ മൂന്ന് അംഗങ്ങളുടെ കാലാവധി അവസാനിക്കാനിരിക്കെ, ആ സ്ഥാനത്തേക്ക് കണ്ണുവച്ച് ഇന്ത്യയുടെ മുൻ താരങ്ങൾ കൂടിയായ അജിത് അഗാർക്കർ, ചേതൻ ശർമ, ശിവസുന്ദർ ദാസ്, മനീന്ദർ സിങ് തുടങ്ങിയവർ രംഗത്ത്. ഉടൻ ഒഴിവുവരുന്ന മൂന്ന് സിലക്ടർമാരുടെ പോസ്റ്റിലേക്ക് കഴിഞ്ഞ ദിവസമാണ് ബിസിസിഐ അപേക്ഷ ക്ഷണിച്ചത്. നവംബർ 15 ആയിരുന്നു അപേക്ഷ അയയ്ക്കാനുള്ള അവസാന തീയതി. സിലക്ഷൻ കമ്മിറ്റി അംഗങ്ങളുടെ പോസ്റ്റിലേക്ക് നാൽവർ സംഘം അപേക്ഷ അയച്ചതായി ‘ടൈംസ് ഓഫ് ഇന്ത്യ’യാണ് റിപ്പോർട്ട് ചെയ്തത്.

കർണാടകക്കാരനായ മുൻ ഇന്ത്യൻ താരം സുനിൽ ജോഷിയാണ് നിലവിൽ സിലക്ഷൻ കമ്മിറ്റി ചെയർമാൻ. സുനിൽ ജോഷിക്കു പുറമെ സിലക്ഷൻ കമ്മിറ്റി അംഗമായ ഹർവീന്ദർ സിങ്ങും അടുത്തിടെയാണ് തൽസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഇവർക്കു പുറമെ നിലവിൽ സിലക്ഷൻ കമ്മിറ്റി അംഗങ്ങളായുള്ള ദേവാങ് ഗാന്ധി, ശരൺദീപ് സിങ്, ജതിൻ പരാഞ്ജ്പെ എന്നിവരാണ് പുതിയ ആളുകൾക്കായി വഴിമാറുന്നത്.

നിലവിൽ ഓരോ സോണുകൾക്ക് അനുസരിച്ചാണ് ബിസിസിഐ സിലക്ഷൻ കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്. ഏറ്റവും ഒടുവിൽ സുനിൽ ജോഷി, ഹർവീന്ദർ സിങ് എന്നിവരെ തിരഞ്ഞെടുക്കുമ്പോഴും ബിസിസിഐ ഈ നയമാണ് പിന്തുടർന്നത്. അതേസമയം, ബിസിസിഐയുടെ പുതുക്കിയ ഭരണഘടനയിൽ സിലക്ഷൻ കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുക്കേണ്ടത് സോണുകൾ അടിസ്ഥാനമാക്കിയാണെന്ന് പറയുന്നില്ല. ഏറ്റവും മികച്ച അഞ്ച് പേരാണ് കമ്മിറ്റിയിൽ വേണ്ടതെന്നാണ് നിബന്ധന. ഈ സാഹചര്യത്തിൽ മാറിച്ചിന്തിക്കാൻ ബിസിസിഐ തയാറാകുമോ എന്ന് ഉറ്റുനോക്കുകയാണ് ആരാധകർ.

സോണ്‍ അടിസ്ഥാനമാക്കിയല്ല സിലക്ടർമാരെ തിരഞ്ഞെടുക്കുകയെന്ന് ബോർഡ് ഇത്തവണ വ്യക്തമാക്കിയിട്ടുണ്ട്. സിലക്ടർ പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിച്ചപ്പോൾ പ്രതിനിധീകരിക്കുന്ന സോണിനെ മാനദണ്ഡങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുമില്ല. മുൻപും ഈ ജോലിക്കായി അപേക്ഷിച്ചിരുന്ന അജിത് അഗാർക്കർ, മനീന്ദർ സിങ് എന്നിവർ ഇത്തവണയും അപേക്ഷ നൽകിയിട്ടുണ്ട്. രാജ്യാന്തര ക്രിക്കറ്റിൽ ഏറെ മത്സരങ്ങളുടെ അനുഭവസമ്പത്തുള്ള അജിത് അഗാർക്കർ സിലക്ഷൻ കമ്മിറ്റിയിലെത്താൻ സാധ്യതയേറെയാണെന്നാണ് റിപ്പോർട്ട്. ഭാവിയിൽ സിലക്ഷൻ കമ്മിറ്റി ചെയർമാനാകാനും സാധ്യതയുള്ളയാളാണ് അദ്ദേഹം.

English Summary: Ajit Agarkar and three other former Indian cricketers in fray for India’s national selection panel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com