ADVERTISEMENT

സിഡ്നി∙ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിൽ) 13–ാം സീസണിലെ മോശം പ്രകടനത്തിന്റെ പേരിൽ ഇന്ത്യയുടെ മുൻ താരം വീരേന്ദർ സേവാഗ് നടത്തിയ പരിഹാസത്തോട് പ്രതികരിച്ച് ഓസ്ട്രേലിയൻ താരം ഗ്ലെൻ മാക്സ്‍വെൽ. ഐപിഎൽ 13–ാം സീസണിനു മുന്നോടിയായുള്ള താരലേലത്തിൽ ഏറ്റവും ഉയർന്ന രണ്ടാമത്തെ വില ലഭിച്ച മാക്സ്‍വെൽ, കളത്തിൽ തികഞ്ഞ പരാജയമായിരുന്നു. ഈ സാഹചര്യത്തിൽ ‘10 കോടിയുടെ ചിയർലീഡർ’ എന്നത് ഉൾപ്പെടെയുള്ള രൂക്ഷ പരാമർശങ്ങളോടെ സേവാഗ് രംഗത്തെത്തിയിരുന്നു. ഐപിഎലിലെ അഞ്ച് മോശം താരങ്ങളെ തിരഞ്ഞെടുക്കുമ്പോഴാണ് സേവാഗ് മാക്സ്‌വെലിനെ രൂക്ഷമായി പരിഹസിച്ചത്. ഈ പരിഹാസങ്ങളോടാണ് മാക്സ്‍വെൽ പ്രതികരിച്ചത്.

സേവാഗിൽനിന്ന് ഇത്തരം പരാമർശങ്ങളും പരിഹാസങ്ങളും ഉയർന്നതിൽ തനിക്ക് ഒട്ടും അദ്ഭുതമില്ലെന്നായിരുന്നു മാക്സ്‌വെലിന്റെ ആദ്യ പ്രതികരണം. തന്റെ പ്രകടനത്തിൽ കിങ്സ് ഇലവൻ പ‍ഞ്ചാബിന്റെ മുൻ താരം കൂടിയായ സേവാഗ് പരസ്യമായി നിരാശ പ്രകടിപ്പിച്ചതിൽ പ്രശ്നമില്ലെന്നും മാക്സ്‍‌വെൽ പറഞ്ഞു.

‘അതു കുഴപ്പമില്ല. എന്റെ പ്രകടനത്തിലുള്ള അനിഷ്ടം വീരു പരസ്യമായി പ്രകടിപ്പിച്ചതിലും പ്രശ്നമില്ല. അദ്ദേഹത്തിന് ഇഷ്ടമുള്ളതെല്ലാം പറയാനുള്ള സ്വാതന്ത്ര്യമുണ്ടല്ലോ. ഇത്തരം പ്രസ്താവനകൾകൊണ്ട് എന്നും വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തിയാണ് സേവാഗ്’ – മാക്സ്‍വെൽ ചൂണ്ടിക്കാട്ടി.

‘ഇത്തരം വിമർശനങ്ങളോട് കുറച്ചുകൂടി ക്രിയാത്മകമായി പ്രതികരിക്കാൻ ഇപ്പോൾ എനിക്കാകുന്നുണ്ട്. പ്രതികൂല സാഹചര്യങ്ങളോട് പൊരുതാൻ ലഭിച്ച അവസരമായിരുന്നു ഇത്. ഈ വർഷം പ്രത്യേകിച്ചും’ – മാക്സ്‍വെൽ പറഞ്ഞു.

കണക്കുകൾ പ്രകാരം മാക്സ്‍വെലിന്റെ ഐപിഎൽ കരിയറിലെ ഏറ്റവും മോശം സീസണായിരുന്നു ഇത്. സീസണിൽ തുടർച്ചയായി ആറു മത്സരങ്ങൾ തോറ്റ കിങ്സ് ഇലവൻ പഞ്ചാബിന്, മാക്സ്‍വെലിന്റെ മോശം ഫോമാണ് ഏറ്റവുമധികം വിനയായത്. 13 മത്സരങ്ങളിൽനിന്ന് ആകെ നേടാനായത് 103 റൺസ് മാത്രം. 32 റൺസാണ് ഉയർന്ന സ്കോർ. ഈ സീസണിൽ മാക്സ്‍വെലിന് ഒരു സിക്സർ പോലും നേടാനായില്ലെന്ന പ്രത്യേകതയുമുണ്ട്. 2017ൽ 26 സിക്സർ നേടിയ താരമാണ് മാക്സ്‍വെൽ. 

∙സേവാഗിന്റെ പരിഹാസം

‘ഗ്ലെൻ മാക്സ്‍വെൽ. 10 കോടിയുടെ ഈ ചിയർലീഡർ ഇത്തവണ കിങ്സ് ഇലവൻ പഞ്ചാബിന് വൻ നഷ്ടക്കച്ചവടമായിപ്പോയി. വിശ്രമിക്കാനായി ജോലിയിൽനിന്ന് കുറച്ചുകാലം മാറിനിൽക്കുന്നതുപോലെയാണ് വർഷങ്ങളായി മാക്സ്‍വെലിന്റെ ഐപിഎൽ കരിയർ. ഇത്തവണ ആ റെക്കോർഡും തകർന്നു. വൻ ശമ്പളത്തോടെയുള്ള അവധിയെന്ന് പറയുന്നത് ഇതിനെയാണ്.’

English Summary: Glenn Maxwell responds to Virender Sehwag’s ’10 crore cheerleader’ remark

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com