ADVERTISEMENT

മുംബൈ∙ ഐപിഎൽ സീസണിൽ രണ്ടാം സ്ഥാനം സ്വന്തമാക്കിയെങ്കിലും ഡൽഹി ക്യാപിറ്റൽസ് ടീമിനു രണ്ട് കാര്യങ്ങളിൽ വലിയ നിരാശയാണു ലഭിച്ചതെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ആകാശ് ചോപ്ര. യുവതാരങ്ങളായ പൃഥ്വി ഷായും ഋഷഭ് പന്തുമാണു ഡൽഹിക്കു നിരാശ സമ്മാനിച്ചതെന്ന് ആകാശ് പ്രതികരിച്ചു. ഡല്‍ഹിക്ക് ഒന്നല്ല, രണ്ട് കാര്യങ്ങളിലാണു നിരാശയുണ്ടായത്–യൂട്യൂബ് ചാനലിലെ പുതിയ വിഡിയോയിൽ ആകാശ് പ്രതികരിച്ചു.

ഡൽഹി ബാറ്റിങ് നിരയ്ക്ക് ഷാ മികച്ച തുടക്കം സമ്മാനിക്കുമെന്നും, പന്തുകൾ അടിച്ചു പറത്തി പന്ത് മികച്ച രീതിയിൽ ഫിനിഷ് ചെയ്യുമെന്നുമാണു പ്രതീക്ഷിച്ചിരുന്നത്. ഈ രണ്ടു താരങ്ങളെ ചുറ്റിപ്പറ്റിയാണ് ഡൽഹി തന്ത്രങ്ങൾ മെനഞ്ഞത്. എന്നാൽ അതൊന്നും നടന്നില്ല. ടീമില്‍ പന്തിന്റെ സ്ഥാനമെന്തെന്നു വ്യക്തമായിരുന്നു. എന്നാല്‍ അദ്ദേഹത്തിന് യഥാർഥ രീതിയിൽ കളിക്കാൻ സാധിച്ചിട്ടില്ല. പൃഥ്വി ഷായ്ക്കു മികച്ച തുടക്കം തന്നെ ലഭിച്ചു. എന്നാൽ പിന്നീട് അദ്ദേഹത്തിന് താളം നഷ്ടപ്പെട്ടു, തിരികെ വരാനും സാധിച്ചില്ല– ആകാശ് വ്യക്തമാക്കി.

ഫൈനലിൽ പന്ത് റൺസ് നേടിയിട്ടുണ്ട്. പക്ഷേ അതിനു മുൻപ് അദ്ദേഹത്തിന്റെ ബാറ്റ് നിശബ്ദമായിരുന്നു. പന്ത് സൂക്ഷിച്ചു ബാറ്റ് ചെയ്യുന്നതായാണു തോന്നിയത്. അദ്ദേഹത്തിന്റെ ചുമതലകളെക്കുറിച്ചു വ്യക്തതയില്ലായിരുന്നെന്നും തോന്നുന്നു. പൃഥ്വി ഷായ്ക്ക് ബാറ്റിങ്ങിൽ തിരികെയെത്താൻ സാധിക്കാതിരുന്നതും നല്ല കാര്യമല്ല. ഷാ യുവതാരമാണ്, എന്നാൽ ഒരു ഇന്ത്യൻ കളിക്കാരൻ എന്ന നിലയിൽ സ്ഥിരതയാർന്ന പ്രകടനമാണ് ഉണ്ടാകേണ്ടത്. ഇത്തരം രീതികള്‍ കാരണം അടുത്ത സീസണിൽ ഡല്‍ഹി പൃഥ്വി ഷായെ ടീമിൽ നിലനിർത്തിയേക്കില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

ഐപിഎല്‍ സീസണിൽ‌ 13 മത്സരങ്ങള്‍ കളിച്ച പൃഥ്വി ഷാ 228 റൺസാണ് ആകെ നേടിയത്. 14 കളികളിൽ ഇറങ്ങിയ പന്ത് 343 റൺസ് സ്വന്തമാക്കി. ഐപിഎൽ 13–ാം സീസണിൽ രണ്ടാം സ്ഥാനക്കാരായാണ് ഡൽഹി ക്യാപിറ്റൽ‌സ് യുഎഇയിൽനിന്നും മടങ്ങിയത്. ഫൈനലിൽ കന്നികിരീടം തേടിയിറങ്ങിയ ഡൽഹി മുംബൈ ഇന്ത്യൻസിനോടു പരാജയപ്പെടുകയായിരുന്നു.

English Summary: Prithvi Shaw and Rishabh Pant were biggest disappointments for Delhi Capitals in IPL 2020: Aakash Chopra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com