sections
MORE

കരിയറിലെ ഉയർന്ന സ്കോറുമായി പാണ്ഡ്യ; എന്നിട്ടും ഇന്ത്യയ്ക്ക് 66 റൺസ് തോൽവി

Shikhar-Dhawan
ഓസ്ട്രേലിയയ്‌ക്കെതിരായ മത്സരത്തിനിടെ പന്ത് കാലുകൊണ്ട് തട്ടുന്ന ശിഖർ ധവാൻ (ഐസിസി ട്വീറ്റ് ചെയ്ത ചിത്രം)
SHARE

സിഡ്നി ∙ ക്യാപ്റ്റൻ ആരോൺ ഫിഞ്ച്, മുൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് എന്നിവരുടെ സെഞ്ചുറിക്കരുത്തിൽ ഓസ്ട്രേലിയ പടുത്തുയർ‌ത്തിയ കൂറ്റൻ വിജയലക്ഷ്യം മറികടക്കാൻ ഓപ്പണർ ശിഖർ ധവാൻ, ഹാർദിക് പാണ്ഡ്യ എന്നിവരുടെ അർധസെഞ്ചുറികൾ മാത്രം ഇന്ത്യയ്ക്ക് മതിയായില്ല. ഫലം, കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിക്കുശേഷം ആദ്യ രാജ്യാന്തര മത്സരത്തിന് ഇറങ്ങിയ ഇന്ത്യയ്ക്ക് കയ്പേറിയൊരു തോൽവിയുമായി കളത്തിലേക്ക് മടങ്ങിവരവ്. സിഡ്നിയിൽ നടന്ന ഒന്നാം ഏകദിനത്തിൽ 66 റൺസിനാണ് ആതിഥേയർ ഇന്ത്യയെ തകർത്തത്. ഓസ്ട്രേലിയ ഉയർത്തിയ 375 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് ആകെ നേടാനായത് 308 റൺസ് മാത്രം. നിശ്ചിത 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 308 റൺസെടുത്തത്. ഇതോടെ മൂന്ന് ഏകദിനങ്ങളടങ്ങിയ പരമ്പരയിൽ ഓസ്ട്രേലിയ 1–0ന് മുന്നിലെത്തി.

കോവിഡ് പ്രതിസന്ധി സൃഷ്ടിച്ച ഇടവേളയുണ്ടെങ്കിലും ഏകദിനത്തിൽ ഇന്ത്യയുടെ തുടർച്ചയായ നാലാം തോൽവിയാണിത്. 2016നുശേഷം ഇതാദ്യമായാണ് ഇന്ത്യ തുടർച്ചയായി നാല് ഏകദിനങ്ങൾ തോൽക്കുന്നത്. ഓസ്ട്രേലിയയിൽ നടക്കുന്ന ഏകദിന മത്സരങ്ങളിൽ ഏറ്റവും കൂടുതൽ റൺസ് പിറന്ന രണ്ടാമത്തെ മത്സരം കൂടിയാണിത്. ഇന്ന് ഇന്ത്യയും ഓസീസും ചേർന്ന് അടിച്ചെടുത്തത് 682 റൺസാണ്. മുന്നിലുള്ളത് 2015ൽ ഇതേ വേദിയിൽ നടന്ന ഓസ്ട്രേലിയ – ശ്രീലങ്ക മത്സരം. അന്ന് ഇരു ടീമുകളും ചേർന്ന് നേടിയത് 688 റൺസ്.

∙ പാണ്ഡ്യ പൊരുതി, ധവാനും

ഏകദിനത്തിലെ കന്നി സെഞ്ചുറിയെന്ന സ്വപ്നത്തിന് 10 റൺസ് മാത്രം അകലെ പൊരുതിവീണ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. 76 പന്തുകൾ നേരിട്ട പാണ്ഡ്യ ഏഴു ഫോറും നാലു സിക്സും സഹിതം 90 റൺസെടുത്തു. ഏകദിനത്തിൽ പാണ്ഡ്യയുടെ ഉയർന്ന സ്കോർ കൂടിയാണിത്. 86 പന്തിൽ 10 ഫോറുകളുടെ അകമ്പടിയോടെ 74 റൺസെടുത്ത ഓപ്പണർ ധവാനും ഇന്ത്യയുടെ തോൽവിഭാരം കുറച്ചു.

Team-India

വിക്കറ്റ് നഷ്ടം കൂടാതെ 53 റൺസെന്ന നിലയിൽനിന്ന് നാലു വിക്കറ്റ് നഷ്ടത്തിൽ 101 റൺസെന്ന നിലയിൽ തകർന്ന ഇന്ത്യയ്ക്ക്, അഞ്ചാം വിക്കറ്റിൽ പാണ്ഡ്യ–ധവാൻ കൂട്ടുകെട്ട് പടുത്തുയർത്തിയ സെഞ്ചുറി കൂട്ടുകെട്ടാണ് കരുത്തായത്. 21 ഓവർ ക്രീസിൽനിന്ന ഇരുവരും 128 റൺസ് കൂട്ടിച്ചേർത്തതോടെ ഇന്ത്യ വിജയം സ്വപ്നം കണ്ടെങ്കിലും, ഓസീസ് സ്പിന്നർ ആദം സാംപയുടെ ഇരട്ടപ്രഹരം തിരിച്ചടിയായി. ഇവരുടേത് ഉൾപ്പെടെ സാംപ 10 ഓവറിൽ 54 റൺസ് വഴങ്ങി നാലു വിക്കറ്റ് പിഴുതു. ജോഷ് ഹെയ്സൽവുഡ് 10 ഓവറിൽ 54 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റും വീഴ്ത്തി.

ഓപ്പണർ മായങ്ക് അഗർവാൾ (18 പന്തിൽ 22), ക്യാപ്റ്റൻ വിരാട് കോലി (21 പന്തിൽ 21), രവീന്ദ്ര ജഡേജ (37 പന്തിൽ 25), കെ.എൽ. രാഹുൽ (15 പന്തിൽ 12), മുഹമ്മദ് ഷമി (10 പന്തിൽ 13), ശ്രേയസ് അയ്യർ (രണ്ട് പന്തിൽ രണ്ട്) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. നവ്ദീപ് സെയ്നി 35 പന്തിൽ 29 റണ്‍സുമായി പുറത്താകാതെ നിന്നു. ഓസീസ് ബോളർമാർ എക്സ്ട്രാ ഇനത്തിൽ 20 റൺസ് കൂടി വഴങ്ങിയതോടെയാണ് ഇന്ത്യൻ സ്കോർ 300 കടന്നത്.

∙ ക്യാപ്റ്റനടിച്ചു, മുൻ ക്യാപ്റ്റനും!

നേരത്തെ, ക്യാപ്റ്റൻ ആരോൺ ഫിഞ്ചിന്റെയും മുൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിന്റെയും സെഞ്ചുറിക്കരുത്തിലാണ് ഓസ്ട്രേലിയ കൂറ്റൻ സ്കോർ കുറിച്ചത്. ആരോൺ ഫിഞ്ച് 124 പന്തിൽ ഒൻപതു ഫോറും രണ്ടു സിക്സും സഹിതം 114 റൺസെടുത്തു. സ്റ്റീവ് സ്മിത്ത് 66 പന്തിൽ 11 ഫോറും അഞ്ച് സിക്സും സഹിതം 105 റൺസുമെടുത്തു. ഇവർക്കു പുറമെ ഡേവിഡ് വാർണർ (69), ഗ്ലെൻ മാക്സ്‌വെൽ (19 പന്തിൽ 45) എന്നിവരുടെ ബാറ്റിങ്ങും ഓസീസിന് കരുത്തായി.

Team-Australia

ഓപ്പണിങ് വിക്കറ്റിൽ ആരോൺ ഫിഞ്ചും ഡേവിഡ് വാർണറും ചേർന്ന് 156 റൺസാണ് അടിച്ചുകൂട്ടിയത്. തുടർന്ന് ഫിഞ്ചും സ്മിത്തും ചേർന്ന് 108 റൺസ് കൂട്ടുകെട്ടും പടുത്തുയർത്തി. 124 പന്തുകൾ നേരിട്ട് രണ്ടു സിക്സും ഒൻപതു ഫോറുമുൾപ്പെടെയാണ് ആരോൺ ഫിഞ്ച് 114 റൺസ് നേടിയത്. 66 പന്തുകൾ മാത്രം നേരിട്ട് നാലു സിക്സും 11 ഫോറും സഹിതമാണ് സ്മിത്ത് 105 റൺസെടുത്തത്.

മാർക്കസ് സ്റ്റോയ്നിസ് (പൂജ്യം), മാർനസ് ലബുഷെയ്ൻ (2 റൺസ്) എന്നിവരാണ് പുറത്തായ മറ്റു ബാറ്റ്സ്മാന്മാർ. അലക്സ് ക്യാരി (17 റൺസ്), പാറ്റ് കമ്മിൻസ് (ഒരു റൺ) എന്നിവർ പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കു വേണ്ടി മുഹമ്മദ് ഷമി മൂന്നു വിക്കറ്റും ജസ്പ്രീത് ബുംറ, നവ്ദീപ് സെയ്നി, യുസ്‌വേന്ദ്ര ചെഹൽ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

English Summary: India vs Australia 1st one day international match at Sydney

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA