ADVERTISEMENT

സിഡ്നി∙ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 13–ാം സീസണിൽ തീർത്തും ദയനീയമായ പ്രകടനത്തോടെ ടീമിന്റെ തോൽവിക്കു തന്നെ കാരണമായി മാറിയവരാണ് ഓസീസ് താരം ഗ്ലെൻ മാക്സ്‍വെലും ന്യൂസീലൻഡ് താരം ജിമ്മി നീഷമും. ക്യാപ്റ്റൻ കെ.എൽ. രാഹുൽ ഉൾപ്പെടെയുള്ളവർ തകർപ്പൻ പ്രകടനവുമായി കളം നിറഞ്ഞിട്ടും പഞ്ചാബ് ടീം പിന്നിലായിപ്പോയതിൽ വിദേശ താരങ്ങളായ ഇരുവരുടെയും മോശം ഫോമിനും പ്രധാന പങ്കുണ്ട്. ഐപിഎലിൽ നിറം മങ്ങിയെങ്കിലും ദേശീയ ടീമിലേക്ക് തിരികെയെത്തിയതോടെ ‘തനി നിറം’ കാട്ടിയിരിക്കുകയാണ് മാക്സ്‍വെലും നീഷമും. ഇതിൽ മാക്സ്‍വെലിന്റെ കടന്നാക്രമണത്തിൽ തിരിച്ചടി നേരിട്ടത് അദ്ദേഹത്തിന്റെ ഐപിഎൽ ടീമായ കിങ്സ് ഇലവൻ പ‍ഞ്ചാബിന്റെ നായകൻ കെ.എൽ. രാഹുൽ ഉൾപ്പെടുന്ന ടീം ഇന്ത്യയ്ക്കും!

ഐപിഎലിലെ മങ്ങിയ പ്രകടനത്തിനുശേഷം ദേശീയ ടീമിനായി ഇരുവരും മിന്നിത്തിളങ്ങിയതോടെ സമൂഹമാധ്യമങ്ങളിൽ ട്രോളുകളും വ്യാപകം. കെ.എൽ. രാഹുലിന്റെ ടീമിലുണ്ടായിരുന്ന സമയത്ത് ദയനീയ പ്രകടനവുമായി ടീമിന്റെ തോൽവിക്ക് കാരണക്കാരനായി മാറിയ മാക്സ്‍വെൽ, രാഹുലിന്റെ എതിരാളിയായി വന്നപ്പോൾ ടീമിന്റെ വിജയശിൽപിയായതാണ് ട്രോളുകളുടെ കാതൽ! ഇതിലൊരെണ്ണത്തിന് ജിമ്മി നീഷമും പിന്നാലെ മാക്സ്‍വെലും പ്രതികരിക്കുക കൂടി ചെയ്തതോടെ സംഭവം സൂപ്പർഹിറ്റ്!

ദേശീയ ടീമുകൾക്കായി മാക്സ്‍വെലിന്റെയും നീഷമിന്റെയും പ്രകടനം കണ്ട് രാഹുലിന്റെ പ്രതികരണം എന്ന രീതിയിലാണ് ട്രോൾ. ഇത് പങ്കുവച്ച നീഷം മാക്സ്‍വെലിനെ ടാഗ് ചെയ്ത് ഇങ്ങനെ കുറിച്ചു; ‘ഹഹഹ.. ഇത് വളരെ രസകരമായിരിക്കുന്നു’.

പിന്നാലെ മാക്സ്‍വെലിന്റെ മറുപടിയെത്തി: ഞാൻ ബാറ്റു ചെയ്യുന്ന സമയത്ത് അദ്ദേഹത്തോട് മാപ്പു ചോദിച്ചിരുന്നു’ – #kxipfriends എന്ന ഹാഷ്ടാഗ് സഹിതം മാക്സ്‌വെൽ കുറിച്ചു.

നേരത്തെ, കെ.എൽ. രാഹുൽ വിക്കറ്റിനു പിന്നിൽ സാക്ഷിയായി നിൽക്കുമ്പോഴാണ് സിഡ്നി ഏകദിനത്തിൽ ഓസീസിനായി ഗ്ലെൻ മാക്സ്‍വെൽ തകർത്തടിച്ചത്. ഒന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്കെതിരെ ഓസീസ് കൂറ്റൻ സ്കോർ കുറിച്ചതിൽ മാക്സ്‍വെലിനും വ്യക്തമായ പങ്കുണ്ട്. അഞ്ചാമനായി ക്രീസിലെത്തിയ മാക്സ്‍വെൽ വെറും 19 പന്തിൽനിന്ന് അഞ്ച് ഫോറും മൂന്നു സിക്സും സഹിതം മിന്നൽവേഗത്തിൽ അടിച്ചുകൂട്ടിയ 45 റൺസാണ് ഓസീസ് സ്കോർ 350 കടത്തിയത്. ഐപിഎലിൽ മാക്സ്‍വെലിന്റെ മോശം ഫോം കാരണം ‘പണി കിട്ടിയ’ പഞ്ചാബ് നായകൻ രാഹുൽ വിക്കറ്റിനു പിന്നിൽ നിൽക്കുമ്പോഴായിരുന്നു മാക്സ്‍വെലിന്റെ കടന്നാക്രമണം!

സമാനമാണ് ജിമ്മി നീഷമിന്റെയും കാര്യം. ഐപിഎലിൽ മോശം ഫോമിലായിരുന്നെങ്കിലും ന്യൂസീലൻഡ് ജഴ്സിയണിഞ്ഞപ്പോൾ നീഷമും ‘തനി സ്വരൂപം’ പുറത്തെടുത്തു. വെസ്റ്റിൻഡീസിനെതിരായ ഒന്നാം ട്വന്റി20യിൽ ന്യൂസീലൻഡിന് തകർപ്പൻ വിജയം സമ്മാനിച്ചത് ജിമ്മി നീഷമിന്റെ ബാറ്റിങ്ങായിരുന്നു. വെസ്റ്റിന്‍ഡീസ് ഉയർത്തിയ 181 രൺസ് വിജയലക്ഷ്യം പിന്തുടരുമ്പോൾ ന്യൂസീലൻഡിന് കരുത്തായത് നീഷമിന്റെ ഇന്നിങ്സാണ്. ഒരുവേള നാലിന് 63 റൺസെന്ന നിലയിൽ തകർന്ന കിവീസിനെ കരകയറ്റിയത് നീഷമിന്റെ പ്രകടനമാണ്. അഞ്ചാം വിക്കറ്റിൽ ഡിവോൺ കോൺവേയ്‌ക്കൊപ്പം 77 റൺസ് കൂട്ടുകെട്ട് തീർത്ത നീഷം, പിരിയാത്ത ആറാം വിക്കറ്റിൽ മിച്ചൽ സാന്റ്നറിനൊപ്പം വെറും 18 പന്തിൽനിന്ന് അടിച്ചുകൂട്ടിയത് 39 റൺസ്! മഴനിയമപ്രകാരം കിവീസ് അഞ്ച് വിക്കറ്റിന് വിജയിച്ച മത്സരത്തിൽ നീഷം 24 പന്തിൽ അഞ്ച് ഫോറും മൂന്നു സിക്സും സഹിതം 48 റൺസുമായി പുറത്താകാതെ നിന്നു!

English Summary: Apologised to KL Rahul when batting in 1st ODI: Glenn Maxwell responds to KXIP teammate James Neehsam's post

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com