ADVERTISEMENT

മുംബൈ∙ 350 റൺസിനു മുകളിലുള്ള വിജയലക്ഷ്യം പിന്തുടരണമെങ്കിൽ വിരാട് കോലിക്കും സംഘത്തിനും ഓപ്പണർ രോഹിത് ശർമയുടെ സഹായം കൂടിയേ തീരൂവെന്ന് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. ഓസ്ട്രേലിയയ്ക്കെതിരായ തുടർച്ചയായ രണ്ടാം ഏകദിനത്തിലും 350 റൺസിനു മുകളിലുള്ള വിജയലക്ഷ്യം എത്തിപ്പിടിക്കാനാകാതെ ഇന്ത്യ തോറ്റ സാഹചര്യത്തിലാണ് ആകാശ് ചോപ്രയുടെ പ്രസ്താവന. സിഡ്നിയിൽ നടന്ന ഒന്നാം ഏകദിനത്തിൽ 66 റൺസിനും രണ്ടാം ഏകദിനത്തിൽ 51 റൺസിനുമാണ് ഇന്ത്യ തോറ്റത്. ഇരു മത്സരങ്ങളിലും യഥാക്രമം 374, 389 എന്നിങ്ങനെയാണ് ഓസീസ് സ്കോർ ചെയ്തത്.

ഓസ്ട്രേലിയയിൽ പര്യടനം നടത്തുന്ന ഇപ്പോഴത്തെ ഇന്ത്യൻ ടീമിൽ രോഹിത് ശർമയില്ല. ആദ്യം ടീം പ്രഖ്യാപിച്ചപ്പോൾ രോഹിത്തിനെ ഉള്‍പ്പെടുത്താതിരുന്നത് വൻ വിവാദമായിരുന്നു. ഇതേ തുടർന്ന് ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിൽ പിന്നീട് ഉൾപ്പെടുത്തി. അതേസമയം, പരുക്കു ഭേദമാകില്ലെന്ന് വ്യക്തമായതോടെ ടെസ്റ്റ് പരമ്പരയ്ക്കും രോഹിത് ഉണ്ടാകില്ലെന്ന് ബിസിസിഐ വ്യക്തമാക്കിയിരുന്നു.

ഓസ്ട്രേലിയയിലെത്തിയ ഇന്ത്യൻ ടീം ആദ്യം കളിച്ച രണ്ട് ഏകദിനങ്ങളിലും തോൽവി വഴങ്ങിയിരുന്നു. രണ്ട് മത്സരങ്ങളിലും ആദ്യം ബാറ്റു ചെയ്ത ഓസീസ് കൂറ്റൻ സ്കോർ നേടിയതോടെയാണ് ഇന്ത്യ മത്സരം കൈവിട്ടത്. രണ്ട് മത്സരങ്ങളിലും ഓപ്പണിങ് വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ട് തീർത്ത ഓസീസിനായി, മുൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് രണ്ട് തവണ സെഞ്ചുറിയും കുറിച്ചു.

‘ഓസ്ട്രേലിയ കൂറ്റൻ സ്കോർ നേടിയത് ഇന്ത്യൻ ബാറ്റ്സ്മാൻമാർക്ക് താങ്ങാവുന്നതിലേറെയായിരുന്നു. രോഹിത് ശർമ കൂടി ടീമിലുണ്ടായിരുന്നെങ്കിൽ ഇന്ത്യയ്ക്ക് കൂറ്റൻ വിജയലക്ഷ്യം എത്തിപ്പിടിക്കാൻ ശ്രമിച്ചുനോക്കാമായിരുന്നു. രോഹിത് ഇല്ലാത്ത സാഹചര്യത്തിലാണ് ഈ തോൽവികൾ. 350 റൺ‌സിനു മുകളിൽ സ്കോർ ചെയ്യണമെങ്കിൽ രോഹിത് ശർമ ടീമിൽ ഉണ്ടായേ തീരൂ. പ്രത്യേകിച്ചും ചേസിങ്ങിൽ’ – ചോപ്ര പറഞ്ഞു.

English Summary: India need Rohit Sharma if they are chasing more than 350: Aakash Chopra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com