ADVERTISEMENT

സിഡ്നി∙ ഓസ്ട്രേലിയൻ പര്യടനത്തിലെ ആദ്യ രണ്ട് ഏകദിനങ്ങളിലും ഇന്ത്യൻ ടീമിന്റെ പേടിസ്വപ്നമായി മാറിയ ഓസീസ് ഓപ്പണർ ഡേവിഡ് വാർണറിന്റെ പരുക്ക് ഉടനെയൊന്നും ഭേദമാകാതിരിക്കട്ടെ എന്ന് ‘ആശംസിച്ച’ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ കെ.എൽ. രാഹുൽ വിവാദക്കുരുക്കിൽ. സിഡ്നിയിൽ നടന്ന രണ്ടാം ഏകദിനത്തിൽ ഫീൽഡ് ചെയ്യുന്നതിനിടെയാണ് വാർണറിന് പരുക്കേറ്റത്. വാർണറിന്റെ പരുക്കിനെക്കുറിച്ച് മത്സരശേഷം ചോദ്യമുയർന്നപ്പോഴാണ്, ‘ഉടനെയൊന്നും സുഖപ്പെടാതിരിക്കട്ടെ’ എന്ന് രാഹുൽ ആശംസിച്ചത്. തമാശരൂപേണയാണ് രാഹുൽ ഇത് പറഞ്ഞതെങ്കിലും, രൂക്ഷ വിമർശനവുമായി ഒരു വിഭാഗം ആരാധകർ സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തി.

സിഡ്നിയിൽ നടന്ന രണ്ടാം ഏകദിനത്തിൽ ഫീൽഡ് ചെയ്യുന്നതിനിടെയാണ് വാർണറിന് പരുക്കേറ്റത്. മത്സരത്തിനിടെ മുടന്തി പുറത്തുപോയ വാർണറിന് മൂന്നാം ഏകദിനവും ട്വന്റി20 പരമ്പരയും പൂർണമായും നഷ്ടമാകും. വാർണറിന് പകരം ഡാർസി ഷോർട്ട് ഓസീസ് ടീമിനൊപ്പം ചേരും. ഡിസംബർ 17ന് അഡ്‌ലെയ്ഡിൽ ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കു മുന്നോടിയായി വാർണർ സുഖം പ്രാപിക്കുമെന്നാണ് പ്രതീക്ഷ. ഇതിനിടെയാണ് വാർണറിന്റെ പരുക്കു ഭേദമാകാതിരിക്കട്ടെ എന്ന് പറഞ്ഞ രാഹുലിനെതിരെ വിമർശനം ഉയരുന്നത്. രാഹുലിന്റെ വാക്കുകൾ ഇങ്ങനെ:

‘അദ്ദേഹത്തിന്റെ പരുക്ക് എത്രമാത്രം ഗൗരവമുള്ളതാണെന്ന് നമുക്കറിയില്ല. അദ്ദേഹത്തിന്റെ പരുക്ക് ദീർഘകാലം നീണ്ടുനിന്നാൽ അത്രയും നല്ലത്. ഓസ്ട്രേലിയയുടെ ഏറ്റവും പ്രധാനപ്പെട്ട ബാറ്റ്സ്മാനാണല്ലോ അദ്ദേഹം. ആരുടെയും പരുക്ക് ഭേദമാകാതിരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നത് ശരിയല്ല. എങ്കിലും ടീമിന് അതാണ് നല്ലത്. അദ്ദേഹത്തിന്റെ പരുക്ക് ഉടനെയൊന്നും ഭേദമായില്ലെങ്കിൽ അതാണ് നമ്മുടെ ടീമിന് നല്ലത്’ – രാഹുൽ പറഞ്ഞു.

ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയിൽ ആദ്യ രണ്ടു മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവച്ചതിനു പിന്നാലെയാണ് വാർണർ പരുക്കേറ്റ് പുറത്തായത്. സിഡ്നിയിൽ നടന്ന ഒന്നാം ഏകദിനത്തിലും 69 റൺസെടുത്ത വാർണർ, രണ്ടാം ഏകദിനത്തിൽ 83 റൺസുമെടുത്ത് ഓസീസിന് മികച്ച തുടക്കമാണ് സമ്മാനിച്ചത്. രണ്ട് മത്സരങ്ങളിലും ആരോൺ ഫി‍ഞ്ചിനൊപ്പം സെഞ്ചുറി കൂട്ടുകെട്ട് തീർക്കാനും വാർണറിനു കഴിഞ്ഞിരുന്നു.

English Summary: KL Rahul's David Warner injury remark invites sharp criticism from cricket fans

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com