ADVERTISEMENT

സിഡ്നി∙ ഇന്ത്യ–ഓസ്ട്രേലിയ രണ്ടാം ട്വന്റി20ക്കിടെ കൗതുകം സമ്മാനിച്ച് ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പർ മാത്യു വെയ്ഡിന്റെ ‘കുറ്റസമ്മതം’ സ്റ്റംപ് മൈക്കിൽ. മത്സരത്തിൽ ഇന്ത്യൻ ഓപ്പണർ ശിഖർ ധവാനെ സ്റ്റംപ് ചെയ്യാൻ ലഭിച്ച അവസരം മുതലെടുക്കാൻ വെയ്ഡിന് കഴിഞ്ഞിരുന്നില്ല. ഇതിനു പിന്നാലെയാണ് ‘ഞാൻ ധോണിയല്ല, ധോണിയുടെ വേഗം എനിക്കില്ല’ എന്ന് ധവാനോടായി മാത്യു വെയ്ഡ് പറഞ്ഞത്. വെയ്ഡിന്റെ വാക്കുകൾക്ക് ധവാൻ ചിരിയോടെ തലയാട്ടുന്നത് ഉൾപ്പെടെയുള്ള വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

ഓസ്ട്രേലിയ ഉയർത്തിയ 195 റൺസ് വിജയലക്ഷ്യവുമായി ഇന്ത്യ ബാറ്റ് ചെയ്യുമ്പോഴാണ് സംഭവം. ഒൻപതാം ഓവർ ബോൾ ചെയ്ത മിച്ചൽ സ്വെപ്സണിന്റെ പന്തിലാണ്, ധവാനെ പുറത്താക്കാൻ ഓസീസ് നായകൻ കൂടിയായ വെയ്ഡിന് അവസരം ലഭിച്ചത്. ഓസ്ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ചിനു പകരമാണ് ഈ മത്സരത്തിൽ വെയ്ഡ് ഓസീസിനെ നയിച്ചത്. ഈ സമയം 25 പന്തിൽ 39 റൺസുമായി ധവാൻ ക്രീസിൽ നിൽക്കുന്നു.

ഇതിനിടെ ധവാനെതിരെ മിച്ചൽ സ്വെപ്സണിന്റെ വൈഡ്. കട്ട് ചെയ്യാൻ ശ്രമിച്ച ധവാന് പന്തിൽ തൊടാനായില്ല. പന്ത് പിടിച്ചെടുത്ത വെയ്ഡ് ധവാന്റെ കാൽപ്പാദം ക്രീസിൽനിന്ന് ഉയരുന്ന നിമിഷത്തിനായി കാത്തിരുന്ന് സ്റ്റംപിളക്കിയെങ്കിലും റീപ്ലേയിൽ ധവാൻ പുറത്തല്ലെന്ന് വ്യക്തമായി. 2016ലെ ട്വന്റി20 ലോകകപ്പിൽ ബംഗ്ലദേശ് താരം സാബിർ റഹ്മാനെ കാൽപ്പാദം ക്രീസിൽനിന്നുയർന്ന നിമിഷം സ്റ്റംപ് ചെയ്ത മഹേന്ദ്രസിങ് ധോണിയുടെ മാതൃകയാണ് വെയ്ഡ് ഉദ്ദേശിച്ചതെങ്കിലും, ധവാൻ കൃത്യസമയത്ത് ക്രീസിൽ കയറിയതോടെ വെയ്ഡിന്റെ നീക്കം പൊളിഞ്ഞു.

ഇതിനു പിന്നാലെയായിരുന്നു ‘ഞാൻ ധോണിയല്ല’ എന്ന വെയ്ഡിന്റെ പരാമർശം. സ്റ്റംപിളക്കുമ്പോൾ ധവാൻ ക്രീസിലുണ്ടായിരുന്നുവെന്ന് വ്യക്തമായതിനു പിന്നാലെ വെയ്ഡിന്റെ വാക്കുകൾ ഇങ്ങനെ: ‘(ഞാൻ) ധോണിയല്ല. ധോണിയുടെ വേഗവുമില്ല’. വിഡിയോ കാണാം:

English Summary: ‘Not quick enough like MS Dhoni’: When Matthew Wade recalled MSD in Sydney

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com