ADVERTISEMENT

മെൽബൺ∙ നിർണായക സമയത്ത് ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റൻസി ഏറ്റെടുത്ത അജിൻക്യ രഹാനെ ഓസ്ട്രേലിയ‌യ്‌ക്കെതിരെ രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം ചില തീരുമാനങ്ങൾകൊണ്ടും ഞെട്ടിച്ചു. ആദ്യ മണിക്കൂറിൽ തന്നെ അശ്വിനെ കൊണ്ടു വന്നതായിരുന്നു രഹാനെയുടെ ആദ്യത്തെ മികച്ച തീരുമാനം. 

അശ്വിന്റെ ടേണിലും ബൗൺസിലും വശംകെട്ട മാത്യു വെയ്ഡ് ആക്രമിച്ചു കളിക്കാൻ തുടങ്ങി. അതിലൊന്നു പിഴയ്ക്കുകയും ചെയ്തു. ടോപ് എഡ്ജ് ചെയ്ത പന്തിനായി ജഡേജയും ഗില്ലും ഓടി ആശയക്കുഴപ്പമുണ്ടായെങ്കിലും ജഡേജ കൈവിട്ടില്ല. പിന്നാലെ തന്റെ ‘സ്ഥിരം ഇര’യായ സ്റ്റീവ് സ്മിത്തിനെ പൂജ്യത്തിനു മടക്കി അശ്വിൻ ഓസീസിനെ പ്രതിസന്ധിയിലാക്കി. ലെഗ് സ്ലിപ്പിൽ പൂജാരയ്ക്കു ക്യാച്ച്.

ആദ്യ സെഷനിൽ ബോൾ ചെയ്യാൻ രവീന്ദ്ര ജഡേജയ്ക്ക് അവസരം നൽകുകയും അരങ്ങേറ്റക്കാരൻ മുഹമ്മദ് സിറാജിന് അവസരം നൽകാതിരിക്കുകയും ചെയ്ത രഹാനയുടെ തീരുമാനവും ചർച്ചയായി. ലഞ്ചിന് ശേഷമാണ് രഹാനെ സിറാജിന് ഓവർ നൽ‌കിയത്. എന്നാൽ രണ്ട് ഓസ്ട്രേലിയൻ ബാറ്റ്സ്മാന്മാരെ പുറത്താക്കി സിറാജ് ക്യാപ്റ്റന്റെ വിശ്വാസം കാത്തു. 

തുടക്കത്തിൽ സിറാജിന്റെ ഷോർട്ട് ബോളുകൾ ഓസീസ് ബാറ്റ്സ്മാൻമാർ നന്നായി കളിച്ചു.  ഓസീസിന് ആശ്വാസം നൽകിയ കൂട്ടുകെട്ടായിരുന്നു 4–ാം വിക്കറ്റിൽ മാർനസ് ലബുഷെയ്നും (48) ട്രാവിസ് ഹെഡും (38) ചേർന്നു നേടിയത് 86 റൺസ്.  ഒടുവിൽ ബുമ്ര തന്നെ കൂട്ടുകെട്ട് പൊളിച്ചു. ഹെഡിന്റെ ബാറ്റിലുരസി വന്ന പന്ത് ഉജ്വല ക്യാച്ചിലൂടെ രഹാനെ കയ്യിലൊതുക്കി. 10 റൺസ് കൂട്ടിച്ചേർത്തപ്പോഴേക്കും ലബുഷെയ്നും മടങ്ങി. 

പാഡിലേക്കു വന്ന സിറാജിന്റെ ഫുൾലെങ്ത് പന്ത് ഫ്ലിക്ക് ചെയ്ത ലബുഷെയ്നു പിഴച്ചു. ബാക്ക്‌വേഡ് സ്ക്വയർ ലെഗിൽ കാത്തു നിന്ന മറ്റൊരു അരങ്ങേറ്റ താരം ഗില്ലിനു ക്യാച്ച്. സിറാജിനു ടെസ്റ്റിലെ കന്നി വിക്കറ്റ്. പിതാവിന്റെ മരണവാർത്തയറിഞ്ഞിട്ടും നാട്ടിലേക്കു മടങ്ങാതെ ടീമിനൊപ്പം തുടർന്ന സിറാജിനു വികാരനിർഭരമായ നിമിഷം. പിന്നാലെ കാമറൂൺ ഗ്രീനിനെയും വിക്കറ്റിനു മുന്നിൽ കുരുക്കി സിറാജിന് രണ്ടാം വിക്കറ്റ്.

അതേസമയം, രഹാനയുടെ തീരുമാനത്തെക്കുറിച്ച് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ടീമംഗം രവീന്ദ്ര ജഡേജ. ആദ്യദിനം അത്രയും നേരത്തെ ബോൾ െചയ്യാൻ അവസരം നൽകുമെന്ന് കരുതിയിരുന്നില്ലെന്ന് രവീന്ദ്ര ജഡേജ പറഞ്ഞു. രണ്ടും പേസർമാരും അശ്വിനും ചേർന്ന് നന്നായി ബോൾ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴുന്നുമുണ്ട്.

Australia India Cricket
ലബുഷെയ്നെ പുറത്താക്കി ടെസ്റ്റിലെ ആദ്യ വിക്കറ്റ് സ്വന്തമാക്കിയ മുഹമ്മദ് സിറാജ് പിതാവിന്റെ ഓർമകളിൽ ആകാശത്തേക്കു വിരലുയർത്തിയപ്പോൾ.

എന്നാൽ കയ്യിലേക്ക് ബോൾ എറിഞ്ഞു തന്നിട്ട് ലഞ്ചിന് മുൻപ് കുറച്ച് ഓവറുകൾ എറിയാൻ തയാറാകാൻ രഹാനെ തന്നോട് പറഞ്ഞതായി ജഡേജ പറഞ്ഞു. അശ്വിൻ ബാറ്റ്സ്മാന്മാരെ സമ്മർ‌ദ്ദത്തിലാക്കുന്നതു കണ്ട് തന്റെ സ്പിൻ ബോളിങ്ങിനും അത് സാധിക്കുമെന്ന് രഹാനെ കണക്കുകൂട്ടിയിരിക്കാം. ആദ്യ സെഷനിൽ ജഡേജ വിക്കറ്റ് വീഴ്ത്തിയില്ലെങ്കിലും ഓസ്ട്രേലിയൻ ബാറ്റ്സ്മാന്മാരെ സമ്മർദ്ദത്തിലാക്കാൻ സാധിച്ചു. 

ആദ്യ സെഷനിൽ ഇന്ത്യയ്ക്ക് മൂന്നു വിക്കറ്റ് വീഴ്ത്താൻ സാധിച്ചെന്നും അതിൽ രണ്ടും അശ്വിന്റെ വകയായിരുന്നെന്നും ജ‍ഡേജ പറഞ്ഞു. രണ്ടാം സെഷനിൽ ആദ്യ ഓവർ സിറാജിന് നൽകിയ രഹാനെയും തീരുമാനവും ‘സർപ്രൈസ്’ ആയിരുന്നു. 

English Summary: Debutant Mohammed Siraj didn’t bowl in first session of Day 1

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com