ADVERTISEMENT

സിഡ്നി∙ ഓസ്ട്രേലിയയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ഭേദപ്പെട്ട നിലയിൽ. രണ്ടാം ദിനം കളി നിർത്തുമ്പോൾ ഒന്നാം ഇന്നിങ്സിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 96 റൺസ് എന്ന നിലയിലാണ് ഇന്ത്യ. ക്യാപ്റ്റൻ അജിൻക്യ രഹാനെ അഞ്ച് റൺസോടെയും ചേതേശ്വർ പൂജാര ഒൻപത് റൺസോടെയും ക്രീസിൽ. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 338 റൺസിനേക്കാൾ 242 റൺസ് പിന്നിലാണ് ഇന്ത്യ. ഓപ്പണർമാരായ രോഹിത് ശർമ (77 പന്തിൽ 26), ശുഭ്മാൻ ഗിൽ (100 പന്തിൽ 50) എന്നിവരാണ് ഇന്ത്യൻ നിരയിൽ പുറത്തായത്. ഉറച്ച പ്രതിരോധവുമായി ക്രീസിലുള്ള പൂജാര – രഹാനെ സഖ്യം 77 പന്തിൽനിന്ന് ഇതുവരെ നേടിയത് 11 റൺസ് മാത്രം. ഓസീസിനായി പാറ്റ് കമ്മിൻസ്, ജോഷ് ഹെയ്‍സൽവുഡ് എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.

രാജ്യാന്തര ക്രിക്കറ്റിലെ രണ്ടാം ക്രിക്കറ്റിൽ രണ്ടാം ടെസ്റ്റിൽത്തന്നെ കന്നി അർധസെഞ്ചുറി കുറിച്ച യുവ ഓപ്പണർ ശുഭ്മാൻ ഗില്ലാണ് ഇന്ത്യൻ ബാറ്റിങ്ങിൽ തിളങ്ങിയത്. 101 പന്തിൽ എട്ട് ഫോറുകൾ സഹിതം 50 റൺസെടുത്ത ഗില്ലിനെ, പാറ്റ് കമ്മിൻസാണ് പുറത്താക്കിയത്. കാമറൂൺ ഗ്രീൻ ക്യാച്ചെടുത്തു. 100 പന്തിൽനിന്ന് എട്ടു ഫോറുകൾ സഹിതമാണ് ഗിൽ കന്നി അർധസെഞ്ചുറി കുറിച്ചത്. മെൽബണിൽ നടന്ന ഓസ്ട്രേലിയയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിലാണ് ഗിൽ അരങ്ങേറ്റം കുറിച്ചത്.

നേരത്തെ, ഓപ്പണിങ് വിക്കറ്റിൽ രോഹിത് ശർമയ്‌ക്കൊപ്പം അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്ത് ഇന്ത്യയ്ക്ക് മികച്ച തുടക്കം നൽകാനും ഗില്ലിനു കഴിഞ്ഞു. ഓപ്പണിങ് വിക്കറ്റിൽ 27 ഓവർ ക്രീസിൽനിന്ന ഗിൽ – രോഹിത് സഖ്യം 70 റൺസാണ് അടിച്ചെടുത്തത്. ജോഷ് ഹെയ്‍സൽവുഡിന്റെ പന്തിൽ അദ്ദേഹത്തിനു തന്നെ ക്യാച്ച് സമ്മാനിച്ച് മടങ്ങുമ്പോൾ രോഹിത് നേടിയത് 26 റൺസ്. 77 പന്തിൽ മൂന്നു ഫോറും ഒരു സിക്സും ഉൾപ്പെടുന്ന ഇന്നിങ്സ്.

∙ ഏഷ്യയ്ക്ക് പുറത്ത് 50+ സ്കോർ നേടുന്ന പ്രായം കുറഞ്ഞ ഇന്ത്യൻ ഓപ്പണർമാർ
20 വർഷവും 44 ദിവസവും – രവി ശാസ്ത്രി ഇംഗ്ലണ്ടിൽ, 1982
20 വർഷവും 108 ദിവസവും –മാധവ് ആപ്തെ വെസ്റ്റിൻഡീസിൽ, 1952/53 (ആ പരമ്പരയിൽ ആപ്തെ നാലു തവണ 50+ സ്കോർ നേടി)
20 വർഷും 112 ദിവസവും – പൃഥ്വി ഷാ ന്യൂസീലൻഡിൽ, 2019/20
21 വർഷവും 122 ദിവസവും – ശുഭ്മാൻ ഗിൽ ഓസ്ട്രേലിയയിൽ, 2020/21

∙ ‘സ്മൂത്താ’യി സ്മിത്ത്!

നേരത്തെ, താരതമ്യേന നീണ്ട ഇടവേളയ്ക്കുശേഷം സെഞ്ചുറിയുമായി കരുത്തുകാട്ടിയ മുൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിന്റെ മികവിലാണ് ഓസീസ് ഭേദപ്പെട്ട സ്കോറിൽ എത്തിയത്. 105.4 ഓവറിൽ 338 റൺസാണ് ഓസീസ് നേടിയത്. 226 പന്തുകൾ നേരിട്ട സ്മിത്ത് 16 ഫോറുകൾ സഹിതം 131 റൺസെടുത്തു. രവീന്ദ്ര ജഡേജയുടെ നേരിട്ടുള്ള ഏറിൽ റണ്ണൗട്ടായി പത്താമനായാണ് സ്മിത്ത് മടങ്ങിയത്. സ്മിത്തിനു പുറമെ ഓപ്പണർ വിൽ പുകോവ്സ്കി (110 പന്തിൽ 62), മാർനസ് ലബുഷെയ്ൻ (196 പന്തിൽ 91) എന്നിവരുടെ ഇന്നിങ്സുകളും ഓസീസിന് കരുത്തായി.

അതേസമയം പരുക്കു മാറി തിരിച്ചെത്തിയ ഓപ്പണർ ഡേവിഡ് വാർണർ (എട്ട് പന്തിൽ അഞ്ച്), മാത്യു വെയ്ഡ് (16 പന്തിൽ 13), കാമറൂൺ ഗ്രീൻ (0), ക്യാപ്റ്റൻ ടിം പെയ്ൻ (10 പന്തിൽ ഒന്ന്), പാറ്റ് കമ്മിൻസ് (0), നഥാൻ ലയോൺ (0) എന്നിവർ ഓസീസ് നിരയിൽ നിരാശപ്പെടുത്തി. മിച്ചൽ സ്റ്റാർക്ക് 30 പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 24 റൺസെടുത്തു. ജോഷ് ഹെയ്‍സൽവുഡ് ഒരു റണ്ണുമായി പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ 18 ഓവറിൽ 62 റൺസ് വഴങ്ങി നാലു വിക്കറ്റ് പിഴുതു. ഇന്ത്യയ്ക്ക് പുറത്ത് ജഡേജയുടെ മികച്ച മൂന്നാമത്തെ പ്രകടനമാണിത്. ജസ്പ്രീത് ബുമ്ര, അരങ്ങേറ്റ മത്സരം കളിച്ച നവ്ദീപ് സെയ്നി എന്നിവർക്ക് രണ്ടു വിക്കറ്റ് വീതം ലഭിച്ചു. മുഹമ്മദ് സിറാജിനാണ് ശേഷിച്ച വിക്കറ്റ്.

ഒരു ഘട്ടത്തിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 232 റൺസുമായി ശക്തമായ നിലയിലായിരുന്ന ഓസീസിനെ, സ്വപ്നതുല്യമായ തിരിച്ചുവരവിലൂടെയാണ് ഇന്ത്യൻ പേസർമാർ 338 റൺസിൽ ഒതുക്കിയത്. 106 റണ്‍സിനിടെയാണ് ഓസീസിന് അവസാനത്തെ ഏഴു വിക്കറ്റുകൾ നഷ്ടമായത്. രണ്ടാം വിക്കറ്റിൽ പുകോവ്സ്കി – ലബുഷെയ്ൻ സഖ്യവും (185 പന്തിൽ 100), മൂന്നാം വിക്കറ്റിൽ സ്റ്റീവ് സ്മിത്ത് – ലബുഷെയ്ൻ സഖ്യവും (220 പന്തിൽ 100) കൂട്ടിച്ചേർത്ത സെഞ്ചുറി കൂട്ടുകെട്ടുകളാണ് ഓസീസിന് ഇന്നിങ്സിന്റെ നട്ടെല്ല്. എട്ടാം വിക്കറ്റിൽ സ്റ്റാർക്കിനൊപ്പം സ്മിത്ത് കൂട്ടിച്ചേർത്ത 32 റണ്‍സും അവസാന വിക്കറ്റിൽ ലയണിനൊപ്പം കൂട്ടിച്ചേർത്ത 22 റൺസും ഓസീസ് സ്കോർ 300 കടക്കുന്നതിൽ നിർണായകമായി.

ആഷസ് പരമ്പര മാറ്റിനിർത്തിയാൽ നീണ്ട മൂന്നു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് സ്റ്റീവ് സ്മിത്ത് ടെസ്റ്റിൽ സെഞ്ചുറി നേടുന്നത്. ഇതിനു മുൻപ് 2017 മാർച്ച് 25ന് ധരംശാലയിൽ ഇന്ത്യയ്‌ക്കെതിരെയായിരുന്നു ഇതിനു മുൻപ് ആഷസ് പരമ്പരയ്ക്കു പുറമെ സ്മിത്തിന്റെ അവസാന സെഞ്ചുറി. ഇതിനിടെ നീണ്ട 22 ഇന്നിങ്സുകളാണ് സെഞ്ചുറിയില്ലാതെ കടന്നുപോയത്. അതേസമയം, ഇതേ കാലയളവിൽ ഇംഗ്ലണ്ടിനെതിരെ കളിച്ച 14 ടെസ്റ്റ് ഇന്നിങ്സുകളിൽ സ്മിത്ത് ആറു സെഞ്ചുറികൾ നേടി. ഇതിനു പുറമെ അഞ്ച് അർധസെഞ്ചുറികളും!

സിഡ്നിയിലെ സെഞ്ചുറിയോടെ ഇന്ത്യയ്‌ക്കെതിരെ ഏറ്റവും കൂടുതൽ ടെസ്റ്റ് സെഞ്ചുറികൾ നേടിയ താരങ്ങളുടെ പട്ടികയിൽ സ്മിത്തും ഒന്നാമതെത്തി. എട്ട് സെഞ്ചുറികൾ വീതം നേടിയ വെസ്റ്റിൻഡീസ് താരങ്ങളായ ഗാരി സോബേഴ്സ്, വിവിയൻ റിച്ചാർഡ്സ്, ഓസ്ട്രേലിയൻ താരം റിക്കി പോണ്ടിങ് എന്നിവർക്കൊപ്പമാണ് സ്മിത്തും. അതേസമയം, വേഗത്തിൽ ഈ നേട്ടത്തിലെത്തിയ താരം സ്മിത്താണ്. സോബേഴ്സ് 30 ഇന്നിങ്സുകളിൽനിന്നും റിച്ചാർഡ്സ് 41 ഇന്നിങ്സുകളിൽനിന്നും പോണ്ടിങ് 51 ഇന്നിങ്സുകളിൽനിന്നുമാണ് എട്ട് സെഞ്ചുറി നേടിയത്. സ്മിത്തിന് വേണ്ടിവന്നത് വെറും 25 ഇന്നിങ്സുകൾ മാത്രം.

∙ ഇന്ത്യയ്ക്ക് പുറത്ത് ജഡേജയുടെ മികച്ച ബോളിങ് പ്രകടനം

6/138 ദക്ഷിണാഫ്രിക്കയ‌്ക്കെതിരെ ജൊഹാനാസ്ബർഗിൽ, 2013/14
5/152 ശ്രീലങ്കയ്‌ക്കെതിരെ കൊളംബോയിൽ, 2017
4/62 ഓസ്ട്രേലിയയ്‌ക്കെതിരെ സിഡ്നിയിൽ, 2020/21 *
4/79 ഇംഗ്ലണ്ടിനെതിരെ ഓവലിൽ, 2018

English Summary: Australia vs India, 3rd Test - Live Cricket Score

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com