ADVERTISEMENT

സിഡ്നി∙ ഓസ്ട്രേലിയയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ കരിയറിലെ ഏറ്റവും വേഗം കുറഞ്ഞ അർധസെഞ്ചുറിയുമായി വാർത്തകളിൽ ഇടംപിടിച്ച ചേതേശ്വർ പൂജാരയ്ക്ക്, ഷോട്ടുകൾ കളിക്കാൻ ഭയമാണെന്ന ആരോപണവുമായി മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ അലൻ ബോർഡർ രംഗത്ത്. റൺസ് കണ്ടെത്തി പോരാട്ടം ഓസ്ട്രേലിയൻ ക്യാംപിലേക്ക് നയിക്കുന്നതിനു പകരം വിക്കറ്റ് നഷ്ടമാക്കാതെ ക്രീസിൽ നിൽക്കുന്നതിൽ മാത്രമാണ് പൂജാര ശ്രദ്ധിക്കുന്നതെന്ന് ബോർഡർ അഭിപ്രായപ്പെട്ടു. പൂജാരയുടെ ബാറ്റിങ് ശൈലിയേക്കുറിച്ച് വിഭിന്നാഭിപ്രായങ്ങൾ ഉയരുന്നതിനിടെയാണ് നിലപാട് തുറന്നുപറഞ്ഞ് ബോർഡറിന്റെ രംഗപ്രവേശം.

സിഡ്നി ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ ഉറച്ച പ്രതിരോധവുമായി കളത്തിൽ നിന്ന പൂജാര, കരിയറിലെ ഏറ്റവും വേഗം കുറഞ്ഞ അർധസെഞ്ചുറിയെന്ന പ്രത്യേകതയോടെയാണ് 50 റൺസ് പിന്നിട്ടത്. ഇവിടെ 174–ാം പന്തിലാണ് പൂജാര അർധസെഞ്ചുറി പിന്നിട്ടത്. ഇതിനു മുൻപ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ജൊഹാനാസ്ബർഗിൽ 173 പന്തിൽ നേടിയ അർധസെഞ്ചുറിയായിരുന്നു ഏറ്റവും വേഗം കുറഞ്ഞത്. അന്നും ഇന്നും അർധസെഞ്ചുറി പൂർത്തിയാക്കിയതിനു തൊട്ടുപിന്നാലെ വിക്കറ്റ് കീപ്പറിനു ക്യാച്ച് സമ്മാനിച്ചാണ് പൂജാര പുറത്തായതെന്ന പ്രത്യേകതയുമുണ്ട്. ഒന്നാം ഇന്നിങ്സിൽ ഓസീസിനു മുന്നിൽ 94 റൺസ് ലീഡ് വഴങ്ങിയ ഇന്ത്യ 244 റൺസിന് പുറത്തായിരുന്നു.

‘പൂജാരയ്ക്ക് ഷോട്ടുകൾ കളിക്കാൻ ഭയമാണെന്നാണ് തോന്നുന്നത്. അല്ലേ? റൺസ് സ്കോർ ചെയ്യുന്നതിനേക്കാൾ വിക്കറ്റ് കളയാതിരിക്കുന്നതിലാണ് പൂജാരയുടെ ശ്രദ്ധ’ – ഫോക്സ്‌ സ്പോർട്സുമായി സംസാരിക്കവെ ബോർഡർ പറഞ്ഞു.

‘റൺസ് നേടാൻ കൂടുതൽ സമയവും പന്തുമെടുക്കുന്നതിനാൽ പൂജാരയുടെ സമീപനം ടീമിന് സഹായകരമെന്ന് പറയാൻ വയ്യ. അദ്ദേഹം ക്രീസിൽ അനക്കമില്ലാതെ നിൽക്കുന്നത് ടീമിന്റെ മൊത്തത്തിലുള്ള ബാറ്റിങ്ങിന്റെ താളത്തെ ബാധിക്കുന്നുണ്ട്. ഓസ്ട്രേലിയൻ ബോളിങ്ങിനു മേൽ ആധിപത്യം സ്ഥാപിക്കാൻ ഇതുമൂലം ഇന്ത്യൻ താരങ്ങൾക്ക് കഴിയാതെ പോകുന്നു’ – ബോർഡർ പറഞ്ഞു.

2018019 സീസണിൽ ഇന്ത്യ ഓസ്ട്രേലിയൻ മണ്ണിൽ 2–1ന് ടെസ്റ്റ് പരമ്പര നേടി ചരിത്രമെഴുതുമ്പോൾ നിർണായകമായത് പരമ്പരയിലാകെ 521 റൺസ് നേടിയ പൂജാരയുടെ പ്രകടനമാണ്. എന്നാൽ, ഇത്തവണ കൂടുതൽ സമയം ക്രീസിൽ നിൽക്കുന്നുണ്ടെങ്കിലും സ്ട്രൈക്ക് റൊട്ടേറ്റു ചെയ്യാൻ സാധിക്കാത്തത് മറ്റുള്ളവർക്ക് സമ്മർദ്ദമേറ്റുന്നുവെന്ന വിമർശനം ശക്തമാണ്.

പൂജാരയുടെ ബാറ്റിങ് ശൈലി മറ്റു താരങ്ങൾക്കുമേൽ സമ്മർദ്ദമേറ്റുന്നതായി ഓസ്ട്രേലിയയുടെ മുൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്ങും അഭിപ്രായപ്പെട്ടു. അതുകൊണ്ടുതന്നെ ബാറ്റിങ്ങിൽ കുറച്ചുകൂടി ക്രിയാത്മകമായ ശൈലി സ്വീകരിക്കാനും അദ്ദേഹം പൂജാരയെ ഉപദേശിച്ചു. അതേസമയം, പൂജാരയുടെ ബാറ്റിങ് ശൈലിയെ പഴിക്കുന്നതിൽ കാര്യമില്ലെന്ന് മുൻ ഓസ്ട്രേലിയൻ താരവും പരിശീലകനുമായ ടോം മൂഡി അഭിപ്രായപ്പെട്ടു.

‘ഇവിടെ പൂജാരയാണ് കുറ്റക്കാരനെന്ന് ഞാൻ കരുതുന്നില്ല. അദ്ദേഹത്തിന്റെ കരിയറിൽ ഉടനീളം ഇതേ ശൈലിയില്‍ത്തന്നെയാണ് അദ്ദേഹം കളിച്ചിട്ടുള്ളത്. പെട്ടെന്നൊരു ദിവസം ശൈലി മാറ്റാൻ അദ്ദേഹത്തോട് ആവശ്യപ്പെടുന്നതിൽ യുക്തിയില്ല’ – മൂഡി പറഞ്ഞു.

English Summary: Pujara was scared to play shots, played to survive than score runs: Border

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com