ADVERTISEMENT

പ്രധാനികളിൽ കേമനാരെന്ന ചോദ്യത്തിനുള്ള ഉത്തരം മാറിക്കൊണ്ടിരിക്കുകയാണ് കുറച്ചു കാലങ്ങളായി. ലോക ക്രിക്കറ്റിലെ നിലവിലുളള ഏറ്റവും മികച്ച ബാറ്റ്സ്മാൻ ആരെന്ന ഉത്തരത്തിന് കുറച്ചു കാലങ്ങളായി വിരാട് കോഹ്‌ലിയെന്നോ സ്റ്റീവ് സ്മിത്ത് എന്നോ ആയിരുന്നു ഉത്തരം. ബാറ്റിങ് റാങ്കിങ്ങിൽ ഇവർ മാറിമാറി ഒന്നാം സ്ഥാനത്തേക്കു വന്നുകൊണ്ടിരുന്നപ്പോഴും ഒപ്പമുണ്ടായിരുന്നു കെയ്ൻ വില്യംസൺ എന്ന ന്യൂസീലൻഡ് താരം.

ഇപ്പോഴിതാ കോഹ്‌ലിയേയും സ്മിത്തിനെയും മറികടന്ന് ലോകത്തിലെ ഏറ്റവും മികച്ച ടെസ്റ്റ് താരം എന്ന തിളക്കത്തിലെത്തി, ഈ ന്യൂസീലൻഡ് ക്യാപ്റ്റൻ. അടുത്തടുത്തായി നേടിയ രണ്ട് ഇരട്ട സെഞ്ചുറികളോടെ പാക്കിസ്ഥാനെതിരായ ടെസ്റ്റ് പരമ്പര നാട്ടിൽ ആഘോഷമാക്കുകയാണ് വില്യംസൺ.

2020 ഒടുക്കവും 2021 തുടക്കവും വില്യംസൺ ഇരട്ട സെഞ്ചുറികളോടെയാണ് കൊണ്ടാടിയത്. ഈ സീസണിൽ കളിച്ച മൂന്നു ടെസ്റ്റുകളിൽ വില്യംസന്റെ സ്കോർ ഇങ്ങനെ: 251, 129, 21, 238. എന്താല്ലേ! പാക്കിസ്ഥാനെതിരായ രണ്ടു ടെസ്റ്റ് പരമ്പര തൂത്തുവാരിയപ്പോൾ മാൻ ഓഫ് ദ് സീരീസും മറ്റാരുമല്ല.

വർഷങ്ങൾക്കു മുൻപ്, ലോക ക്രിക്കറ്റിനെ അടക്കിവാഴാനുള്ള പ്രതിഭകളായി നാലു താരങ്ങളെയാണു വാഴ്ത്തിപ്പാടിയിരുന്നത്. വിരാട് കോഹ്‌ലിയും സ്മിത്തും വില്യംസണും പുറമേ ഇംഗ്ലണ്ട് താരം ജോ റൂട്ടും. ഒപ്പത്തിനൊപ്പമായിരുന്നു നാലു പേരും ആദ്യകാലത്ത്. കട്ടിൽക്കാലുപോലെ കട്ടയ്ക്കു നിൽക്കുന്ന നാലു യുവതുർക്കികൾ. പിന്നീട് റൂട്ട് പതുക്കെ പിന്തള്ളപ്പെട്ടു. കോഹ്‌ലിയും സ്മിത്തും മാറിമാറി താരങ്ങളായി. ബഹളങ്ങളൊന്നുമുണ്ടാക്കാതെ ഓരം പറ്റി പ്രതിഭയുടെ പ്രഭാപൂരം പ്രസരിപ്പിച്ചുകൊണ്ടിരുന്നു വില്യംസൺ. ഇപ്പോഴിതാ എല്ലാവരെയും വകഞ്ഞുമാറ്റി തലപ്പത്തിരിക്കുന്നു ലോക ക്രിക്കറ്റിലെ മാന്യശ്രീമാൻ. നിലവിലെ റാങ്കിങ്ങിൽ 890 പോയിന്റോടെയാണ് വില്യംസൺ ഒന്നാമനായത്. കോഹ്‍ലി (879), സ്മിത്ത് (877) എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളപ്പോൾ റൂട്ട് (738) ഒൻപതാമതാണ്.

കളിക്കളത്തിൽ പൊട്ടിത്തെറിക്കുന്ന താരമല്ല വില്യംസൺ. ശാന്തപ്രകൃതം. പ്രകോപിപ്പിക്കാൻ പാടാണ് ഈ താടിക്കാരനെ. വില്യംസണുവേണ്ടി സംസാരിച്ചുകൊണ്ടിരിക്കുന്നത് ആ ബാറ്റാണ്. എതിരാളികളോട് ആ ബാറ്റ് നിരന്തരം കലഹിച്ചുകൊണ്ടിരിക്കും. അനായാസം റൺസ് നേടി ഏതു ബോളിങ്ങിനെയും മെരുക്കും.

കഴിഞ്ഞ ഏകദിന ലോകകപ്പിൽ ഇംഗ്ലണ്ട് കിരീടം സ്വന്തമാക്കിയ കലാശപ്പോരാട്ടത്തിനൊടുവിൽ എത്ര പക്വമായാണ് വില്യംസൺ പ്രതികരിച്ചത്. സൂപ്പർ ഓവറിലേക്കു നീണ്ട മത്സരത്തിൽ ഇംഗ്ലണ്ട് ജയിച്ചത് വിവാദത്തിന്റെ പിൻബലത്തോടെയായിരുന്നല്ലോ. കയ്യിൽനിന്നു സ്വപ്നകിരീടം നഷ്ടമായ ആ വേളയിലും വാക്കുകളിൽ മാന്യത പുലർത്തിയിരുന്നു വില്യംസൺ. ആ ലോകകപ്പിന്റെ താരവും വില്യംസണായിരുന്നല്ലോ.

കിവിപ്പടയുടെ വിശ്വസ്തനായ വില്യംസന്റെ നാലാം ഇരട്ട സെഞ്ചുറിയായിരുന്നു ഏറ്റവുമൊടുവിൽ പാക്കിസ്ഥാനെതിരെ സംഭവിച്ചത്. ടെസ്റ്റ് കരിയറിലാകെ 24 സെഞ്ചുറികൾ; ഇനിയുമേറെയുണ്ട് വരാൻ. 83 മത്സരങ്ങളിൽനിന്ന് 7115 റൺസ്. 151ഏകദിനങ്ങളിൽ 13 സെഞ്ചുറികളോടെ 6173 റൺസ്. ട്വന്റി20യിലും മോശമല്ല. 33 റൺസ് ശരാശരിയിൽ 62 കളികളിൽനിന്ന് 1723 റൺസ്. ടെസ്റ്റിൽ 54 നും ഏകദിനത്തിൽ 47 നും മുകളിലാണ് ശരാശരി. അത്യാവശ്യം ബോളിങ്ങും കക്ഷിയുടെ കയ്ക്കു പാകം. ടെസ്റ്റിൽ 30, ഏകദിനത്തിൽ 37, ട്വന്റി20യിൽ ആറ് വിക്കറ്റുകളും സ്വന്തം.

ഐപിഎലിലും ഈ വലംകയ്യന്റെ പ്രകടനത്തിനു നാം കയ്യടിച്ചതാണ്. രണ്ടാം ക്വാളിഫയറിൽ ഡൽഹിയോടു തോറ്റു പുറത്തായ സൺറൈസേഴ്സ് ഹൈദരാബാദിന്റെ ആത്മവിശ്വാസവും ഈ ബാറ്റിങ് തന്നെയായിരുന്നു. നിർണായക മത്സരത്തിൽ 17 റൺസിനു തോറ്റു പുറത്തായെങ്കിലും വില്യംസൺ 45 പന്തിൽ 67 റൺസെടുത്ത് ആവോളം പൊരുതി.

പെരുമാറ്റത്തിലെ പക്വതക്കൂടുതൽ കാഴ്ചയിലും വില്യംസണു തോന്നും. പക്ഷെ, കക്ഷി ചെറുപ്പമാണ്. പ്രായം 30 നടപ്പ്. ഇന്ത്യയ്ക്കെതിരെ നന്നായി കളിക്കുന്ന പ്രകൃതമുള്ള വില്യംസൺ ടെസ്റ്റിലും ഏകദിനത്തിലും അരങ്ങേറിയതും ഇന്ത്യയ്ക്കെതിരെ തന്നെ; 2010ൽ. 2010– 20 ദശകത്തിന്റെ ടെസ്റ്റ് ടീമിൽ ഉൾപ്പെട്ട ഏക ന്യൂസീലൻഡ് താരവും മറ്റാരുമല്ല.

കോഹ്‌ലിയും സ്മിത്തും വില്യംസണും തമ്മിലുള്ള പോരാട്ടം മുറുകട്ടെ. ലബുഷൈനെയും ശുഭ്മാൻ ഗില്ലിനെയും പോലുള്ള പുതിയ താരങ്ങളും ക്ലാസ് തെളിയിക്കട്ടെ. അങ്ങനെ ബാറ്റിങ് എന്ന കല കൂടുതൽ അനായാസ സുന്ദരമായി മാറട്ടെ. 

English Summary: Kane Williamson, World Number One Batsman in Test in ICC Ranking

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com