ADVERTISEMENT

ബ്രിസ്ബെയ്ൻ∙ കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലധികമായി ഓസ്ട്രേലിയക്കാർ വിദേശ ശക്തികൾക്ക് വിട്ടുകൊടുക്കാതെ ഭദ്രമായി കാത്ത ഗാബയിലെ കോട്ടയാണ് ഇന്ത്യയുടെ തേരോട്ടത്തിനു മുന്നിൽ ഇന്ന് കീഴടങ്ങിയത്. അതും ഏതാണ്ട് 32 വർഷത്തെ ഇടവേളയ്ക്കു ശേഷം! ഇതിനു മുൻപ് ഓസ്ട്രേലിയ ഗാബയിൽ തോറ്റത് 1989ലാണ്. അതിനുശേഷം ഇവിടെ ഓസ്ട്രേലിയൻ ടീമിന്റെ സര്‍വാധിപത്യമായിരുന്നു. സിഡ്നിയിൽ നടന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ ഇന്ത്യയുടെ രവിചന്ദ്രന്‍ അശ്വിനുമായി ഉരസിയ ഓസീസ് ക്യാപ്റ്റൻ ടിം പെയ്ൻ, ‘ഗാബയിലേക്ക് വാ, കാണിച്ചുതരാം’ എന്ന് വെല്ലുവിളിച്ചത് വെറുതെയല്ല!

ഗാബയിലെ ഓസീസിന്റെ അവസാന രണ്ട് തോൽവികൾക്കിടയിലെ കാലദൈർഘ്യം അടയാളപ്പെടുത്താൻ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ ട്വിറ്ററിൽ കുറിച്ചിട്ട വാക്കുകൾ ഇങ്ങനെ:

ഇതിനു മുൻപ് ഓസ്ട്രേലിയ ഗാബയിൽ തോൽക്കുമ്പോൾ...

∙ ജോർജ് എച്ച്. ഡബ്ല്യു. ബുഷ് യുഎസ് പ്രസിഡന്റ് സ്ഥാനത്തെത്തിയിട്ട് ദിവസങ്ങൾ മാത്രം.
∙ ബോൺ ജോവിയുടെ ബാഡ് മെഡിസിൻ അന്ന് സംഗീത ചാർട്ടുകളിൽ ഒന്നാമതായിരുന്നു...
∙ വിരാട് കോലിക്ക് പ്രായം വെറും 16 ദിവസം മാത്രം
∙ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ ടെസ്റ്റ് അരങ്ങേറ്റം കുറിക്കാൻ അന്ന് ഒരു വർഷം ബാക്കിയും.

നോക്കൂ, ഗാബയിൽ ഓസ്ട്രേലിയ പുലർത്തിയ ഈ അജയ്യതയുടെ കടയ്ക്കലാണ് ഇന്ത്യൻ ടീം ഇന്ന് കോടാലി വച്ചത്!

∙ ‘ഗാബക്കോട്ട’ തകർത്ത ടീം ഇന്ത്യ

ഇന്ത്യ ഓസ്ട്രേലിയയെ തോൽപ്പിച്ചു എന്നതിനേക്കാൾ, തോൽപ്പിച്ച ഇന്ത്യൻ ടീമിന്റെ പരിചയക്കുറവാണ് മത്സരഫലത്തിന് ചരിത്രപ്രാധാന്യം നൽകുന്നത്. ക്യാപ്റ്റൻ വിരാട് കോലി കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് ആദ്യ ടെസ്റ്റിലെ തോൽവിക്കു പിന്നാലെ നാട്ടിലേക്ക് മടങ്ങിയതോടെ, സമീപകാല ടെസ്റ്റ് വിജയങ്ങളിലെ ആണിക്കല്ലാണ് ടീം ഇന്ത്യയ്ക്ക് നഷ്ടമായത്. ഇതിനിടെയാണ് പേസ് ബോളിങ് വിഭാഗത്തിലെ വൻമരങ്ങൾ ഓരോന്നായി വീണത്. പരമ്പരയ്ക്കു മുൻപേ ഇഷാന്ത് ശർമയും ഭുവനേശ്വർ കുമാറും പരുക്കേറ്റ് പുറത്തായിരുന്നു. ഒന്നാം ടെസ്റ്റിനു പിന്നാലെ മുഹമ്മദ് ഷമി, രണ്ടാം ടെസ്റ്റിനു പിന്നാലെ ഉമേഷ് യാദവ്, മൂന്നാം ടെസ്റ്റിനു പിന്നാലെ ജസ്പ്രീത് ബുമ്ര എന്നിവർ വീണു.

ഇതിനു പുറമെയാണ് സ്പിൻ ഡിപ്പാർട്മെന്റിലെ രണ്ട് കരുത്തരും ഒന്നിച്ച് പുറത്തായത്. രവിചന്ദ്രൻ അശ്വിനും രവീന്ദ്ര ജഡേജയുമാണ് മൂന്നാം ടെസ്റ്റിനു പിന്നാലെ ടീമിനു പുറത്തായത്. ഇവർക്കൊപ്പം മൂന്നാം ടെസ്റ്റിൽ ഇന്ത്യയെ രക്ഷപ്പെടുത്തിയ ഹനുമ വിഹാരിയും ചേർന്നതോടെ ഇന്ത്യയുടെ കാര്യം കൂടുതൽ ദയനീയമായി.

ഒടുവിൽ, ടെസ്റ്റ് പരമ്പരയിൽ ടീമിന് പരിശീലിക്കാൻ പന്തെറിയാൻ കൊണ്ടുവന്ന ടി.നടരാജൻ, ശാർദൂൽ താക്കൂർ, വാഷിങ്ടൻ സുന്ദർ എന്നിവരെ ഒന്നിച്ച് ടീമിൽ ഉൾപ്പെടുത്തേണ്ടി വന്നു. ഇതിൽ നടരാജന്റെയും സുന്ദറിന്റെയും അരങ്ങേറ്റ മത്സരമായിരുന്നു ഇത്. കളത്തിൽ പക്ഷേ, ഇന്ത്യൻ താരങ്ങൾ അസാമാന്യ പോരാളികളായി. ഈ പരമ്പരയിലെ രണ്ടാം മത്സരത്തിൽ മാത്രം അരങ്ങറിയ മുഹമ്മദ് സിറാജായിരുന്നു ഇന്ത്യൻ പേസ് വിഭാഗത്തിന്റെ നേതാവ്. അരങ്ങേറ്റ മത്സരം കളിച്ച വാഷിങ്ടൻ സുന്ദർ ഏക സ്പിന്നറായി. ഇന്ത്യയുടെ പ്രധാന ബോളർമാരായ സിറാജ്, നവ്ദീപ് സെയ്നി, ശാർദൂൽ താക്കൂർ, ടി.നടരാജൻ, വാഷിങ്ടൻ സുന്ദർ എന്നിവരെയെല്ലാം ചേർത്താൽ ഈ മത്സരത്തിനു മുൻപ് രാജ്യാന്തര ടെസ്റ്റിലെ മത്സരപരിചയം വെറും നാലു ടെസ്റ്റുകളിൽ ഒതുങ്ങും! എന്നിട്ടും രണ്ട് ഇന്നിങ്സിലും ഓസീസിനെ എറിഞ്ഞിടാൻ ഇവർക്ക് സാധിച്ചത് നിർണായകമായി.

team-india-celebrates

ബാറ്റിങ്ങിലാണ് അപ്രതീക്ഷിത താരോദയങ്ങൾ കണ്ടത്. തലങ്ങും വിലങ്ങും ഏറു കൊണ്ടിട്ടും ഓസീസ് ബോളിങ്ങിനെ പ്രതിരോധിച്ചുനിന്ന ചേതേശ്വർ പൂജാരയ്ക്കാണ് ഇന്ത്യ കയ്യടിക്കേണ്ടത്. രണ്ടാം ഇന്നിങ്ങ്സിൽ 328 റൺസ് വിജയലക്ഷ്യവുമായി ഇന്ത്യ ബാറ്റു ചെയ്യുമ്പോൾ പൂജാര പ്രതിരോധിച്ച ആ 211 പന്തുകൾക്കും നേടിയ 56 റൺസിനും എത്ര നന്ദി പറഞ്ഞാലാണ് മതിയാകുക. അതിനു പുറമെ ചില അപ്രതീക്ഷിത താരോദയങ്ങൾ കൂടിയായതോടെ ഇന്ത്യ ഗാബയിൽ ചരിത്രമെഴുതി. ഒന്നാം ഇന്നിങ്സിൽ ആറിന് 186 റൺസ് എന്ന നിലയിൽ തകർന്ന ഇന്ത്യയെ കരകയറ്റിയ വാഷിങ്ടൻ സുന്ദർ – ശാര്‍ദൂൽ താക്കൂർ സഖ്യമാണ് ഈ ടെസ്റ്റിലെ ആദ്യ ബാറ്റിങ് വിസ്മയം.

പിന്നീട് മറ്റൊരു വിസ്മയം കണ്ടത് രണ്ടാം ഇന്നിങ്സിലാണ്. പരിചയസമ്പന്നനും ഇന്ത്യ പ്രതീക്ഷ വച്ചിരുന്ന പ്രധാന താരവുമായിരുന്ന രോഹിത് ശർമ അഞ്ചാം ദിനം തുടക്കത്തിൽത്തന്നെ പുറത്തായിട്ടും, ഇന്ത്യൻ ബാറ്റിങ്ങിന് ദിശാബോധം നൽകിയ ബാറ്റിങ് കാഴ്ചവച്ച ശുഭ്മാൻ ഗില്ലാണ് അതിലൊന്ന്. 146 പന്തിൽ എട്ടു ഫോറും രണ്ടു സിക്സും സഹിതം 91 റൺസെടുത്ത ഗില്ലാണ് ഇന്ത്യൻ ബാറ്റിങ്ങിന് ദിശാബോധം നൽകിയത്. പിന്നീട്, തന്റെ വേഗം കുറഞ്ഞ അർധസെഞ്ചുറിയുടെ റെക്കോർഡ് ഒരിക്കൽക്കൂടി തിരുത്തി 196 പന്തിൽ 50 കടന്ന ചേതേശ്വർ പൂജാരയുടെ ‘ചോര കിനിയുന്ന’ ഇന്നിങ്സ് കാണാതെ പോകാമോ?

ഇടയ്ക്ക് പൂജാരയുടെ പ്രതിരോധവും ഓസീസ് ബോളർമാർ തകർത്തെങ്കിലും, ഓസീസ് മണ്ണിലെ അസാമാന്യ ഫോം അവസാന ടെസ്റ്റിലും തുടർന്ന ഋഷഭ് പന്താണ് ക്ലൈമാക്സിലെ ഹീറോ. 138 പന്തുകൾ േനരിട്ട പന്ത്, ഒൻപത് ഫോറും ഒരു സിക്സും സഹിതം 89 റൺസുമായി പുറത്താകാതെ നിന്നു. പൂജാര പുറത്തായശേഷമെത്തി 29 പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 22 റൺസെടുത്ത വാഷിങ്ടൻ സുന്ദറിന്റെ പോരാട്ടവീര്യവും വിജയത്തിൽ നിർണായകമായി. പന്തും സുന്ദറും ചേർന്ന് 53 റൺസ് കൂട്ടിച്ചേർത്താണ് ഇന്ത്യയെ വിജയതീരത്തെത്തിച്ചത്.

pujara-batting

∙ ഒരേ വേദിയിൽ തോൽവിയറിയാതെ കൂടുതൽ വിജയങ്ങൾ

34 പാക്കിസ്ഥാൻ, കറാച്ചി നാഷനൽ സ്റ്റേഡിയത്തിൽ (1955-00)

31 ഓസ്ട്രേലിയ, ഗാബയിൽ (1989-19) *

27 വെസ്റ്റിൻഡീസ്, കെൻസിങ്ടൺ ഓവലിൽ (1948-93)

25 ഇംഗ്ലണ്ട്, ഓൾഡ് ട്രാഫഡിൽ (1905-54)

19 വെസ്റ്റിൻഡീസ്, സബീനാ പാർക്കിൽ (1958-89)

∙ ഇന്ത്യ ചേസ് ചെയ്തു നേടിയ വലിയ വിജയങ്ങൾ

406 വെസ്റ്റിൻഡീസിനെതിരെ, പോർട്ട് ഓഫ് സ്െപയിനിൽ, 1975/76

387 ഇംഗ്ലണ്ടിനെതിരെ ചെന്നൈയിൽ, 2008/09

328 ഓസീസിനെതിരെ ബ്രിസ്ബെയ്നിൽ, 2020/21 *

276 വിൻഡീസിനെതിരെ ഡൽഹിയിൽ, 2011/12

264 ശ്രീലങ്കയ്‌ക്കെതിരെ കാൻഡിയിൽ, 2001

∙ ഓസ്ട്രേലിയയ്ക്കെതിരെ ഓസ്ട്രേലിയയിൽ ഉയർന്ന റൺ ചേസുകൾ

414 ദക്ഷിണാഫ്രിക്ക, പെർത്തിൽ, 2008/09

332 ഇംഗ്ലണ്ട്, മെൽബണിൽ, 1928/29

329 ഇന്ത്യ, ബ്രിസ്ബെയ്നിൽ, 2020/21

∙ ആദ്യ ടെസ്റ്റ് തോറ്റ ശേഷം തിരിച്ചടിച്ച് ഇന്ത്യ നേടിയ പരമ്പരകൾ

2-1 ഇംഗ്ലണ്ടിനെതിരെ ഇന്ത്യയിൽ, 1972/73

2-1 ഓസ്ട്രേലിയയ്‌ക്കെതിരെ ഇന്ത്യയിൽ, 2000/01

2-1 ശ്രീലങ്കയ്ക്കെതിരെ ശ്രീലങ്കയിൽ, 2015

2-1 ഓസ്ട്രേലിയയ്‌ക്കെതിരെ ഇന്ത്യയിൽ, 2016/17

2-1 ഓസ്ട്രേലിയയ്ക്കെതിരെ ഓസ്ട്രേലിയയിൽ, 2020/21

∙ അഞ്ചാം ദിനം കൂടുതൽ റൺസ് നേടിയ ജയിച്ച ടെസ്റ്റുകൾ

404 ഓസ്ട്രേലിയ ഇംഗ്ലണ്ടിനെതിരെ, ലീഡ്സിൽ, 1948

344 വിൻഡീസ് ഇംഗ്ലണ്ടിനെതിരെ, ലോ‍ർഡ്സിൽ, 1984

325 ഇന്ത്യ ഓസ്ട്രേലിയയ്‌ക്കെതിരെ, ബ്രിസ്ബെയ്നിൽ, 2020/21 *

317 ഓസ്ട്രേലിയ ഇന്ത്യയ്‌ക്കെതിരെ, പെർത്തിൽ, 1977/78

317 വിൻഡീസ് ഇംഗ്ലണ്ടിനെതിരെ, ലീഡ്സിൽ, 2017

English Summary: India's Historical Win at Gabba

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com