ADVERTISEMENT

സിഡ്നി∙ ബിഗ്ബാഷ് ക്രിക്കറ്റ് ആവേശത്തിലാണ് ഓസ്ട്രേലിയ. ഗ്രൗണ്ടിൽ പൊരിഞ്ഞ പോരാട്ടം നടക്കുമ്പോൾ താരങ്ങൾ തമ്മിൽ കൊമ്പു കോർക്കുന്നതും പതിവു കാഴ്ചയാണ്. എന്നാൽ ഗ്രൗണ്ടിലെ മോശം പ്രകടനത്തിന്റെ പേരിൽ പുലിവാലു പിടിച്ചിരിക്കുകയാണ് ഓസീസ് ബാറ്റ്സ്മാൻ മിച്ചൽ മാർഷ്. മത്സരത്തിനിടെ അംപയറുടെ തീരുമാനത്തിനെതിരെ രോഷം പ്രകടിപ്പിച്ച മാർഷിന് കിട്ടിയത് 5000 ഡോളർ പിഴ. പെർത്ത് സ്കോർചേഴ്സും സിഡ്നി സിക്സേഴ്സും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു സംഭവം.

ബിഗ് ബാഷിൽ പെർത്ത് സ്കോർചേഴ്സിന്റെ താരമാണ് മാർഷ്. സ്പിന്നർ സ്റ്റീവ് ഒകീഫ് എറിഞ്ഞ പതിമൂന്നാം ഓവറിലെ അഞ്ചാം പന്തിൽ മാർഷ് ഫ്ലിക്ക് ചെയ്യാൻ ശ്രമിച്ചു. സിഡ്നി വിക്കറ്റ് കീപ്പര്‍ ജോഷ് ഹെയ്സൽവുഡ് പന്ത് പിടിച്ചെടുത്തതോടെ അംപയർ കയ്യുയർത്തി ഔട്ട് വിളിച്ചു. ഇതോടെ മാർഷ് അംപയർക്കു നേരെ തിരിയുകയായിരുന്നു. രോഷത്തോടെ കയ്യുയർ‌ത്തി അംപയറോട് തർക്കിച്ച ശേഷമാണ് മാർഷ് ഗ്രൗണ്ട് വിട്ടത്. അഞ്ച് പന്തുകൾ നേരിട്ട താരത്തിന് നേടാനായത് രണ്ട് റൺസ് മാത്രം.

ക്രിക്കറ്റ് ഓസ്ട്രേലിയയാണ് മോശം പെരുമാറ്റത്തിൽ താരത്തിന് പിഴയിട്ടത്. ലെവൽ 2വിൽ വരുന്ന കുറ്റത്തിന് 5000 ഡോളറാണു പിഴ. മാർഷ് കുറ്റം സമ്മതിച്ചതായും പിഴ അടയ്ക്കുമെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ പ്രസ്താവനയിൽ അറിയിച്ചു. തന്റെ പ്രതികരണം മോശമായിപ്പോയെന്ന് മാർഷ് പിന്നീടു വ്യക്തമാക്കി. അംപയർമാരോട് അങ്ങേയറ്റം ബഹുമാനമുണ്ട്. തെറ്റിൽനിന്ന് പാഠം ഉള്‍ക്കൊള്ളുന്നതായും മാർഷ് വ്യക്തമാക്കി. ഈ മത്സരത്തിൽ സിഡ്നി സിക്സേഴ്സ് 9 വിക്കറ്റിനാണു ജയിച്ചത്.

English Summary: BBL 2020-21: Mitchell Marsh fined $5000 for his angry reaction to an umpiring decision

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com