ADVERTISEMENT

ചെന്നൈ∙ ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടന്ന ആദ്യ ടെസ്റ്റിൽ കാര്യങ്ങളെല്ലാം ഇംഗ്ലണ്ടിന് അനുകൂലമായിരുന്നെങ്കിൽ രണ്ടാം ടെസ്റ്റിൽ നേരെ തിരിച്ചാണ്. ടോസ് മുതൽ ബാറ്റിങ്ങിലും ബോളിങ്ങിലും അടക്കം നിയന്ത്രണം ഇന്ത്യയുടെ കൈകളിലാണ്. ആദ്യ ടെസ്റ്റിൽ 227 റൺസിനാണ് ഇംഗ്ലണ്ടിന്റെ വിജയം. 2017ന് ശേഷം ഇന്ത്യ ഒരു ഹോം മത്സരം തോൽക്കുന്നതും ആദ്യമായിട്ടാണ്. രണ്ടാം മത്സരത്തിൽ ജയിച്ച് ഇന്ത്യ പരമ്പരയിലേക്കു തിരിച്ചെത്തുമെന്നാണു ആരാധകരുടെ പ്രതീക്ഷ.

ആദ്യ ഇന്നിങ്സിൽ രോഹിത് ശർമയുടെ സെഞ്ചുറിക്കരുത്തിൽ ഇന്ത്യ 329 റൺസാണു നേടിയത്. ഇംഗ്ലണ്ട് 134 ന് പുറത്തായി. രണ്ടാം ഇന്നിങ്സിലും ഇന്ത്യ മികവ് ആവർത്തിച്ചാൽ ഇംഗ്ലണ്ടിന് തിരിച്ചുവരവ് പ്രയാസമാകും. ഗ്രൗണ്ടിലും തോൽവി മണത്ത ഇംഗ്ലിഷ് താരങ്ങൾ അസ്വസ്ഥതകള്‍ പ്രകടമാക്കി തുടങ്ങി. വിക്കറ്റു നേടാനുള്ള തിടുക്കത്തിൽ ഇംഗ്ലണ്ട് ടീമിന് പറ്റിയ പിഴവാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ ചർച്ചാ വിഷയം. ഇന്ത്യൻ ഓൾ റൗണ്ടർ ആർ. അശ്വിനെതിരെയായിരുന്നു ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ടിന്റെ നീക്കം.

തിങ്കളാഴ്ച ഉച്ചഭക്ഷണത്തിനു പിരിയുന്നതിന് തൊട്ടുമുൻപ് 48–ാം ഓവറിലായിരുന്നു സംഭവം. അശ്വിനെ നേരിടുന്നത് പാർട്ട് ടൈം സ്പിന്നർ ഡാൻ ലോറൻസ്. ഡാന്റെ ഫുൾ‌ ലെങ്ത് ബോൾ അശ്വിൻ ഫ്ലിക് ചെയ്യാൻ ശ്രമിക്കുന്നു. ഇതിനു സാധിക്കാതെ പോയതോടെ പന്ത് വിക്കറ്റ് കീപ്പറുടെ കൈകളിലേക്ക്. ഒറ്റക്കൈകൊണ്ട് പന്ത് പിടിച്ചെടുത്ത കീപ്പർ ബെൻ ഫോക്സ് അപ്പീൽ ചെയ്തു. ഫീൽഡർമാരും ഒപ്പം ചേർന്നെങ്കിലും അംപയർ നിതിൻ മേനോൻ ഔട്ട് അനുവദിച്ചില്ല.

അശ്വിൻ പന്ത് എഡ്ജ് ചെയ്തെന്ന വിശ്വാസത്തിൽ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട് റിവ്യൂ ആവശ്യപ്പെട്ടു. എന്നാൽ റീപ്ലേകളിൽ സംഭവം വ്യക്തമായതോടെ ഇംഗ്ലണ്ട് ടീം ഒന്നാകെ നിരാശയിലായി. ഇംഗ്ലണ്ടിന്റെ അമളിയിൽ പരിഹസിച്ച് ഓസീസ് മുൻ സ്പിന്നർ ഷെയ്ൻ വോൺ ഉൾപ്പെടെ രംഗത്തെത്തി. മോശം റിവ്യൂകളിൽ ഗ്രാൻഡ് ഫൈനലിലെത്താവുന്നതാണോ അതെന്നായിരുന്നു വോൺ ട്വിറ്ററിൽ ചോദിച്ചത്. റിവ്യു ഓഫ് ദ് ഇയർ എന്നായിരുന്നു ഹർഷ ഭോഗ്‍ലയുടെ പ്രതികരണം. ഇംഗ്ലണ്ടിന്റെ നീക്കം ഡിആർഎസിന് തന്നെ അപമാനമാണെന്നാണ് ഒരു ആരാധകന്റെ വിമർശനം. ശേഷിക്കുന്ന റിവ്യൂ അവസരങ്ങൾ ഇംഗ്ലണ്ടിന് നൽകരുതെന്നും ആരാധകർ ആവശ്യപ്പെടുന്നു.

English Summary: England brutally trolled for bizarre DRS call on Day 3

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com