ADVERTISEMENT

ചെന്നൈ∙ ആവേശം വാനോളമുയർന്ന ഐപിഎൽ താരലേലം ചെന്നൈയിൽ സമാപിക്കുമ്പോൾ, ചരിത്രം തിരുത്തി ദക്ഷിണാഫ്രിക്കൻ താരം ക്രിസ് മോറിസ്. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയായ 16.25 കോടി രൂപയ്ക്ക് മോറിസിനെ രാജസ്ഥാന്‍ റോയൽസ് സ്വന്തമാക്കി. മുൻ ഇന്ത്യൻ താരം യുവരാജ് സിങ്ങിന്റെ പേരിലുണ്ടായിരുന്ന 16 കോടിയുടെ (2015ൽ ഡൽഹി ക്യാപിറ്റൽസ് – അന്ന് ഡൽഹി ഡൽഹി ഡെയർഡെവിൾസ്) റെക്കോർഡ് തകർത്താണ് മോറിസിനെ രാജസ്ഥാൻ റാഞ്ചിയത്. പഞ്ചാബ് കിങ്സുമായുള്ള വാശിയേറിയ ലേലത്തിനൊടുവിലാണ് രാജസ്ഥാൻ മോറിസിനെ സ്വന്തമാക്കിയത്. റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ ഇത്തവണ റിലീസ് ചെയ്ത താരമാണ് മോറിസ്. 15 കോടി രൂപയ്ക്ക് റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ സ്വന്തമാക്കിയ കിവീസ് പേസർ കൈൽ ജാമിസണാണ് ഉയർന്ന രണ്ടാമത്തെ തുക നേടിയത്. 14.25 കോടിക്ക് ബാംഗ്ലൂർ തന്നെ സ്വന്തമാക്കിയ ഓസീസ് താരം ഗ്ലെൻ മാക്സ്‌വെൽ മൂന്നാമതും 14 കോടിക്ക് പഞ്ചാബ് കിങ്സ് ടീമിലെത്തിച്ച ഓസീസ് താരം ജൈ റിച്ചാർഡ്സൻ നാലാമതുമുണ്ട്.

9.25 കോടി രൂപയ്ക്ക് ചെന്നൈ സൂപ്പർ കിങ്സ് സ്വന്തമാക്കിയ കൃഷ്ണപ്പ ഗൗതമാണ് ഇന്ത്യൻ താരങ്ങളിൽ ഒന്നാമൻ. ദേശീയ ജഴ്സിയണിയാത്ത താരങ്ങളിൽ ഉയർന്ന വില ലഭിച്ചതും ഗൗതത്തിനു തന്നെ. 20 ലക്ഷം രൂപ അടിസ്ഥാന വിലയുമായെത്തി എട്ടു കോടി രൂപയ്ക്ക് പഞ്ചാബ് കിങ്സിലെത്തിയ ഓസ്ട്രേലിയൻ താരം റിലീ മെറിഡിത്തും താരലേലത്തിലെ ആവേശസാന്നിധ്യമായി. മോയിൻ അലിയെ ഏഴു കോടി രൂപയ്ക്ക് ചെന്നൈയും ടോം കറനെ 5.25 കോടി രൂപയ്ക്ക് ഡൽഹിയും നഥാൻ കൂൾട്ടർനീലിനെ 5 കോടി രൂപയ്ക്ക് മുംബൈ ഇന്ത്യൻസും ടീമിലെത്തിച്ചു. 20 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന തമിഴ്നാട്ടിൽനിന്നുള്ള യുവതാരം ഷാരൂഖ് ഖാൻ 5.25 കോടി രൂപ നേടി പഞ്ചാബ് കിങ്സിലെത്തി. ശിവം ദുബെയെ 4.4 കോടി രൂപയ്ക്ക് രാജസ്ഥാൻ റോയൽസും സ്വന്തമാക്കി. മലയാളി താരങ്ങളിൽ സച്ചിൻ ബേബി, മുഹമ്മദ് അസ്ഹറുദ്ദീൻ എന്നിവരെ അടിസ്ഥാന വിലയായ 20 ലക്ഷത്തിന് റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരും വിഷ്ണു വിനോദിനെ ഇതേ തുകയ്ക്ക് ഡൽഹി ക്യാപിറ്റൽസും സ്വന്തമാക്കി. അതേസമയം, എസ്. മിഥുനെ ലേലത്തില്‍ വാങ്ങാൻ ആരുമുണ്ടായില്ല.

164 ഇന്ത്യൻ താരങ്ങൾ ഉൾപ്പെടെ 292 പേരാണു മിനി ലേലത്തിൽ പങ്കെടുക്കുന്നത്. 8 ടീമുകളിലായി പരമാവധി 61 താരങ്ങൾക്ക് അവസരമൊരുങ്ങും. വിദേശതാരങ്ങളിൽനിന്ന് 22 പേർക്കാണു ടീമുകളുടെ വിളിയെത്തുക. താരലേലത്തിനു മുന്നോടിയായി എട്ടു ടീമുകളും ചേർന്ന് 139 താരങ്ങളെയാണ് നിലനിർത്തിയത്. 57 താരങ്ങളെ റിലീസ് ചെയ്തു. ചെന്നൈയിൽ പുരോഗമിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിന്റെ താരലേലത്തിൽ പഞ്ചാബ് കിങ്സാണ് ശ്രദ്ധാകേന്ദ്രം. ടീമുകൾക്ക് അനുവദിച്ച ആകെ ലേലത്തുകയുടെ (85 കോടി) 75 ശതമാനവും ചെലവിടണമെന്ന ബിസിസിഐ നിർദേശമാണു കിങ്സിനെ ശ്രദ്ധാകേന്ദ്രമാക്കുന്നത്. ലേലത്തിൽ 53. 2 കോടി രൂപയുടെ വമ്പൻ ബജറ്റുമായെത്തുന്ന കിങ്സിനു 9 താരങ്ങൾക്കായി 31.7 കോടി നിർബന്ധമായും ചെലവിടേണ്ടിവരും.

∙ ലേലത്തിന്റെ വിശദാംശങ്ങൾ അറിയാം

∙ പഞ്ചാബ് കിങ്സ്

തുക – 53.2 കോടി, സ്ലോട്ട് – 9, വിദേശതാരം – 5

ജൈ റിച്ചാർഡ്സൻ (14 കോടി), റിലി മെറിഡിത്ത് (8 കോടി), ഷാരൂഖ് ഖാൻ (5.25 കോടി), മോയ്സസ് ഹെൻറിക്വസ് (4.20 കോടി), ഡേവിഡ് മലൻ (1.50 കോടി), ഫാബിയൻ അലൻ (75 ലക്ഷം), ജലജ് സക്സേന (30 ലക്ഷം), ഉത്കർഷ് സിങ് (20 ലക്ഷം), സൗരഭ് കുമാർ (20 ലക്ഷം)

∙ റോയൽ ചാലഞ്ചേഴ്സ്

തുക – 35.4 കോടി, സ്ലോട്ട് – 11, വിദേശതാരം – 3

ഗ്ലെൻ മാക്സ്‌വെൽ (14.25 കോടി), കൈൽ ജാമിസൺ (15 കോടി), ഡാനിയൽ ക്രിസ്റ്റ്യൻ (4.80 കോടി), സച്ചിൻ ബേബി (20 ലക്ഷം), രജത് പാട്ടിദാർ (20 ലക്ഷം), മുഹമ്മദ് അസ്ഹറുദ്ദീൻ (20 ലക്ഷം), സുയേഷ് പ്രഭുദേശായ് (20 ലക്ഷം), കെ.എസ്. ഭരത് (20 ലക്ഷം), ആകാശ് സിങ് (20 ലക്ഷം)

∙ രാജസ്ഥാൻ റോയൽസ്

തുക – 37.85 കോടി, സ്ലോട്ട് – 9, വിദേശതാരം – 3

ക്രിസ് മോറിസ് (16.25 കോടി), ശിവം ദുബെ (4.4 കോടി), ചേതൻ സക്കാരിയ (1.20 കോടി), മുസ്താഫിസുർ റഹ്മാൻ (1 കോടി), ലിയാം ലിവിങ്സ്റ്റൺ (75 ലക്ഷം), കെ.സി. കരിയപ്പ (20 ലക്ഷം)

∙ ചെന്നൈ സൂപ്പർ കിങ്സ്

തുക – 19.9 കോടി, സ്ലോട്ട് – 6, വിദേശതാരം – 1

കൃഷ്ണപ്പ ഗൗതം (9.25 കോടി), മോയിൻ അലി (ഏഴ് കോടി), ചേതേശ്വർ പൂജാര (50 ലക്ഷം), എം.ഹരിശങ്കർ റെഡ്ഡി (20 ലക്ഷം), കെ. ഭഗത് വർമ (20 ലക്ഷം), സി. ഹരിനിഷാന്ത് (20 ലക്ഷം)

∙ മുംബൈ ഇന്ത്യൻസ്

തുക – 15.35 കോടി, സ്ലോട്ട് – 7, വിദേശതാരം – 4

നഥാൻ കൂൾട്ടർനീൽ (5 കോടി), ആദം മില്‍നെ (3.20 കോടി), പിയൂഷ് ചൗള (2.40 കോടി), ജിമ്മി നീഷം (50 ലക്ഷം), യുദ്‌വീർ ചാരക് (20 ലക്ഷം), മാർക്കോ ജെൻസൺ, അർജുൻ തെൻഡുൽക്കർ (20 ലക്ഷം)

∙ ഡൽഹി ക്യാപ്പിറ്റൽസ്

തുക – 13.4 കോടി, സ്ലോട്ട് – 8, വിദേശതാരം – 3

ടോം കറൻ (5.25 കോടി), സ്റ്റീവ് സ്മിത്ത് (2.20 കോടി), സാം ബില്ലിങ്സ് (2 കോടി), ഉമേഷ് യാദവ് (ഒരു കോടി), വിഷ്ണു വിനോദ് (20 ലക്ഷം), റിപാൽ പട്ടേൽ (20 ലക്ഷം), ലുക്മാൻ ഹുസൈൻ മെറിവാല (20 ലക്ഷം), എം. സിദ്ധാർഥ് (20 ലക്ഷം)

∙ കൊൽക്കത്ത നൈറ്റ്റൈഡേഴ്സ്

തുക – 10.75 കോടി, സ്ലോട്ട് – 8, വിദേശതാരം – 2

ഷാക്കിബ് അൽ ഹസൻ (3.20 കോടി), ഹർഭജൻ സിങ് (2 കോടി), ബെൻ കട്ടിങ് (75 ലക്ഷം), കരുൺ നായർ (50 ലക്ഷം), പവൻ നേഗി (50 ലക്ഷം), ഷെൽഡൻ ജാക്സൻ (20 ലക്ഷം), വൈഭവ് അറോറ (20 ലക്ഷം), വെങ്കടേഷ് അയ്യർ (20 ലക്ഷം)

∙ സൺറൈസേഴ്സ് ഹൈദരാബാദ്

തുക – 10. 75 കോടി, സ്ലോട്ട് – 3, വിദേശതാരം – 1

കേദാർ ജാദവ് (2 കോടി), മുജീബുർ റഹ്മാൻ (1.50 കോടി), ജെ. സുചിത് (30 ലക്ഷം)

English Summary: IPL 2021 Player Auction Today - Live

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com