ADVERTISEMENT

കൊച്ചി ∙ മലയാളികളുടെ കായിക മനസ്സിൽ കൊച്ചി സ്റ്റേഡിയം ഇടംപിടിച്ചിട്ട് 25 വർഷം. കേരളത്തിന്റെ കായിക സ്വപ്നങ്ങളെ പന്തു തട്ടി വളർത്തിയതിൽ കൊച്ചി കലൂർ ജവാഹർലാൽ നെഹ്റു രാജ്യാന്തര സ്റ്റേഡിയത്തിന്റെ പങ്ക് ഏറെ വലുതാണ്. മുളകൾ നാട്ടി കെട്ടിയൊരുക്കിയ സ്റ്റേഡിയങ്ങളിൽ നമ്മൾ പന്തു കളിച്ചിരുന്ന കാലത്താണ് അത്യാധുനിക രാജ്യാന്തര സ്റ്റേഡിയം കൊച്ചിയിൽ ഉയരുന്നത്. ആ സ്വപ്നത്തിനു പിന്നാലെ കേരളം മുഴുവൻ പാഞ്ഞപ്പോൾ ഒട്ടേറെ രാജ്യാന്തര കായിക മത്സരങ്ങൾ കൊച്ചിയിലെത്തി; 2017ൽ അണ്ടർ 17 ഫിഫ ഫുട്ബോൾ ലോകകപ്പും.

1998 ഏപ്രിൽ: സച്ചിൻ തെൻഡുൽക്കറെന്ന ബാറ്റിങ് പ്രതിഭ പന്തുകൊണ്ടു വിസ്മയം സൃഷ്ടിച്ച മത്സരം ഓർമയിലില്ലേ; 1998 ഏപ്രിൽ ഒന്നിന് കൊച്ചി കലൂർ ജവാഹർലാൽ നെഹ്റു രാജ്യാന്തര സ്റ്റേഡിയത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ സച്ചിന്റെ 5 വിക്കറ്റ് നേട്ടം. അതു മാത്രമല്ല, രാജ്യാന്തര ക്രിക്കറ്റിൽ സച്ചിന്റെ 2 അഞ്ചു വിക്കറ്റ് നേട്ടങ്ങളും കൊച്ചിയിൽ തന്നെ. 1998ൽ ഓസ്ട്രേലിയയ്ക്കെതിരെയും (5/32), 2005ൽ പാക്കിസ്ഥാനെതിരെയും (5/50).

അതിനും ഒരു വർഷം മുൻപ് 1997 ഏപ്രിൽ: കലൂർ സ്റ്റേഡിയത്തിൽ നെഹ്റു കപ്പ് ഫുട്ബോൾ മത്സരം നടക്കുന്നു. സെമിയിൽ ഇന്ത്യ– ഇറാഖ് പോരാട്ടം. സ്റ്റേഡിയത്തിന് ഉൾക്കൊള്ളാവുന്ന കാണികളുടെ പരമാവധി ശേഷി 70,000. എന്നാൽ, അന്ന് സ്റ്റേഡിയം നിറഞ്ഞു. നിറഞ്ഞെന്നു പറഞ്ഞാൽ പോരാ; നിറഞ്ഞു കവിഞ്ഞു കാണികൾ ത്രോ ലൈൻ വരെയെത്തി. ആ റെക്കോർഡ് ഇന്നും അവിടെ കിടക്കുന്നു– ഒരു ലക്ഷത്തിലേറെ പേരാണ് അന്ന് കളി കണ്ടത്.

അന്നത്തെ നെഹ്റു കപ്പിൽ ഇന്ത്യ ഒരു കളി പോലും ജയിച്ചില്ല. 3 സമനിലയും ഒരു പരാജയവും. എന്നിട്ടും സെമിയിലെത്തി. സെമിയിൽ ഇറാഖിനോട് പെനൽറ്റി ഷൂട്ടൗട്ടിൽ തോറ്റു (2–4). മുഴുവൻ സമയത്ത് ഇന്ത്യയും ഇറാഖും സമനില പാലിച്ചു (1–1). അന്ന് എഫ്സി കൊച്ചിൻ  താരമായിരുന്ന കാൾട്ടൻ ചാപ്മാനാണ് ഇന്ത്യയ്ക്കു വേണ്ടി സമനില ഗോൾ നേടിയത്. ചാപ്മാൻ ഇപ്പോഴില്ല. കഴിഞ്ഞ വർഷം ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം.

∙ കൊച്ചിയുടെ കിരീടം

കേരളത്തിൽ ഒരു രാജ്യാന്തര സ്റ്റേഡിയം വേണമെന്ന ആവശ്യത്തിനു വർഷങ്ങളുടെ പഴക്കമുണ്ട്. പല മന്ത്രിസഭകളും പരിഗണിച്ചെങ്കിലും കെ. കരുണാകരൻ മുഖ്യമന്ത്രിയായിരിക്കേയാണു പദ്ധതിക്കു മുൻകൈയെടുത്തത്. 1994 മാർച്ച് 27നു കെ. കരുണാകരൻ തന്നെയാണു തറക്കല്ലിട്ടതും. 365 ദിവസം കൊണ്ടു പൂർത്തിയാക്കാനായിരുന്നു ശ്രമമെങ്കിലും പണി തീരാൻ 515 ദിവസമെടുത്തു; സമയത്ത് ജോലി തീർക്കാനുളള ശ്രമങ്ങൾക്കു കാലാവസ്ഥയാണു തടസ്സമായത്.

1996 ഫെബ്രുവരി 14ന് അന്നത്തെ രാഷ്ട്രപതി ഡോ. ശങ്കർദയാൽ ശർമ സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു. അപ്പോൾ എ.കെ. ആന്റണിയായിരുന്നു മുഖ്യമന്ത്രി. കെ. കരുണാകരൻ കേന്ദ്ര വ്യവസായ വകുപ്പു മന്ത്രിയും. 70 കോടിയിലേറെ മുതൽമുടക്കിലാണു പദ്ധതി പൂർത്തിയാക്കിയത്. വിശാല കൊച്ചി വികസന അതോറിറ്റിയുടെ (ജിസിഡിഎ) നേതൃത്വത്തിലുള്ള നിർമാണത്തിൽ അന്നത്തെ ജിസിഡിഎ ചെയർമാൻ വി. ജോസഫ് തോമസിന്റെ പങ്കും ഏറെ ശ്രദ്ധേയം. 

∙ കേൾക്കട്ടെ, ലോകം

ലോകത്ത് ഏറ്റവും കൂടുതൽ ശബ്ദമുണ്ടാക്കുന്ന കാണികളുള്ള സ്റ്റേഡിയങ്ങളിലൊന്നാണു കലൂർ സ്റ്റേഡിയം. പ്രത്യേക രീതിയിലുളള സ്റ്റേഡിയത്തിന്റെ നിർമിതിയും ഇതിനു കാരണമാണ്. 2016ലെ ഇന്ത്യൻ സൂപ്പർ ലീഗിലെ കേരള ബ്ലാസ്റ്റേഴ്സ്– അത്‌ലറ്റിക്കോ ഡി കൊൽക്കത്ത ഫൈനൽ മത്സരത്തിനിടെയാണു കലൂരിലെ കാണികളുടെ ശബ്ദം ലോകമറിയുന്ന ഉച്ചത്തിൽ മുഴങ്ങിയത്.

1997ലെ നെഹ്റു‌ കപ്പ് ഫുട്ബോൾ ടൂർണമെന്റാണു ജവാഹർലാൽ നെഹ്റു സ്റ്റേഡിയം ആതിഥ്യം വഹിച്ച ആദ്യത്തെ പ്രധാന ചാംപ്യൻഷിപ്. തുടക്കത്തിൽ ഫുട്ബോൾ ടൂർണമെന്റുകൾക്കു വേദിയായെങ്കിലും ഇത് ഏറെക്കാലം നീണ്ടില്ല. ജിസിഡിഎയിൽ നിന്നു കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) വാടകയ്ക്ക് എടുത്തതോടെ കലൂർ സ്റ്റേഡിയം ക്രിക്കറ്റിന്റെ പിച്ചായി. പിന്നീട് 2014 വരെ കൊച്ചി കണ്ടത് ക്രിക്കറ്റ്.

∙ സച്ചിന്റെ ‘കൊച്ചി’

സച്ചിൻ തെൻ‍ഡുൽക്കർക്കു കൊച്ചിയോട് ഇഷ്ടം കൂടാനുള്ള ഒരു കാരണം കലൂർ സ്റ്റേഡിയം കൂടിയായിരുന്നു. സച്ചിന്റെ ഏറ്റവും മികച്ച ബോളിങ് പ്രകടനം കണ്ട സ്റ്റേഡിയം. 1998 ഏപ്രിലിൽ ഇന്ത്യ– ഓസ്ട്രേലിയ മത്സരത്തിൽ ബാറ്റിങ്ങിൽ സച്ചിൻ പരാജയപ്പെട്ടു, വെറും 8 റൺസ്. അജയ് ജഡേജയുടെ സെഞ്ചുറിയുടെ ബലത്തിൽ ഇന്ത്യ 309 റൺസ് എടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്ട്രേലിയയോടു പന്തു കൊണ്ടു സച്ചിൻ കണക്കു തീർത്തു. 32 റൺസ് വഴങ്ങി 5 വിക്കറ്റ്. സച്ചിന്റെ ആദ്യ 5 വിക്കറ്റ് പ്രകടനം. ഇന്ത്യയുടെ വിജയം 41 റൺസിന്.

2005 ഏപ്രിൽ: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മത്സരത്തിലും സച്ചിന്റെ പന്തേറിന്റെ മികവ് വീണ്ടും കണ്ടു. 50 റൺസ് വഴങ്ങി 5 വിക്കറ്റ്. അന്നും ബാറ്റിങ്ങിൽ സച്ചിൻ പരാജയമായിരുന്നു, വെറും 4 റൺസ്. വിരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും സെഞ്ചുറിയുടെ ബലത്തിൽ ഇന്ത്യ 281 റൺസ് നേടി. ബോളിങ്ങിൽ സച്ചിൻ വീണ്ടും തരംഗമായപ്പോൾ പാക്കിസ്ഥാൻ 194നു പുറത്ത്. ഇന്ത്യയുടെ വിജയം 87 റൺസിന്.

10 രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങൾ കൊച്ചിയിൽ നടന്നു. ആറിലും ഇന്ത്യ ജയിച്ചു. ഒരു മത്സരം മഴ കാരണം ഒരു പന്തു പോലും എറിയാതെ അവസാനിപ്പിക്കുകയും ചെയ്തു. 2014 ഒക്ടോബറിൽ വെസ്റ്റ് ഇൻഡീസിനെതിരെയായിരുന്നു അവസാന മത്സരം. അതിൽ ഇന്ത്യ തോറ്റു. ഓസ്ട്രേലിയയോടും (2007 ഒക്ടോബർ), സിംബാബ്‌വെയോടും (2002 മാർച്ച്) ഇന്ത്യ കൊച്ചിയിൽ തോറ്റിട്ടുമുണ്ട്.

∙ ഫുട്ബോൾ പൂരം

ഒരു ഫുട്ബോൾ സ്റ്റേഡിയമായാണു നിർമിച്ചതെങ്കിലും ഏറെക്കാലം കലൂർ സ്റ്റേഡിയത്തിൽ നടന്നത് ക്രിക്കറ്റായിരുന്നു. ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ഫുട്ബോളിന്റെ  ഫുട്ബോളിന്റെ തുടക്കത്തോടെ 2014 മുതൽ സ്റ്റേഡിയം കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടായി; പിന്നീട് ഫുട്ബോളിന്റെ പൂരവും. 2017ലെ ഫിഫ അണ്ടർ 17 ലോകകപ്പ് ഫുട്ബോളിന്റെ വേദി കൂടിയായതോടെ ക്രിക്കറ്റ് പിച്ചു പറിച്ചു തിരുവനന്തപുരത്തേക്കു പോയി.

ഐഎസ്എല്ലിന്റെ വരവോടെ ഫുട്ബോളിന്റെ ആരവങ്ങളാണു പിന്നീട് കലൂർ സ്റ്റേഡിയത്തിൽ മുഴങ്ങിയത്. ഐഎസ്എൽ ഫുട്ബോളിന്റെ ആദ്യ കാല എഡിഷനുകളിൽ സ്റ്റേഡിയം നിറഞ്ഞു കവിഞ്ഞു കാണികളെത്തി. 2014ലെ ഐഎസ്എല്ലിൽ ചെന്നൈയിൻ എഫ്സി– ബ്ലാസ്റ്റേഴ്സ് മത്സരം കണ്ടത് അറുപതിനായിരത്തിലേറെ കാണികളാണ്. എന്നാൽ ബ്ലാസ്റ്റേഴ്സിന്റെ തുടർച്ചയായ പരാജയങ്ങളോടെ കാണികളുടെ താൽപര്യം പോയി. കഴിഞ്ഞ തവണത്തെ ഐഎസ്എല്ലിൽ കാണികളുടെ എണ്ണം തീരെ കുറഞ്ഞു.

2017ലെ ഫിഫ അണ്ടർ 17 ലോകകപ്പ് ഫുട്ബോളിലെ 8 മത്സരങ്ങളാണു കൊച്ചിയിൽ നടന്നത്. സ്റ്റേഡിയത്തിലെ സീറ്റുകളുടെ എണ്ണം 41,700 ആയി നിജപ്പെടുത്തിയാണു ലോകകപ്പ് ഫുട്ബോൾ നടന്നത്. എന്നാൽ, ഒരിക്കൽ പോലും സ്റ്റേഡിയം നിറഞ്ഞു കവിയാനായി കാണികൾ എത്തിയില്ല. ഉത്തര കൊറിയയും നൈജറും തമ്മിലുള്ള മത്സരം കണ്ടതു വളരെ കുറച്ചു കാണികൾ മാത്രമായിരുന്നു. സാങ്കേതിക പിഴവുകളും ഫിഫയുടെ നിയന്ത്രണങ്ങളുമായിരുന്നു കാരണം.

∙ ആരവങ്ങൾ നിലച്ച്

കോവിഡ് കാലമായതോടെ നെഹ്റു സ്റ്റേഡിയത്തിലെ കായികാരവങ്ങൾ നിലച്ചു. ഐഎസ്എൽ വേദിയും ഗോവയിലേക്കു മാറ്റിയതോടെ സ്റ്റേഡിയം പൂർണ നിശബ്ദം. പ്രഭാത നടത്തത്തിനായി സ്റ്റേഡിയത്തിനു ചുറ്റുമുള്ള റോഡുകളിൽ എത്തുന്നവരുടെ കാലൊച്ചകൾ മാത്രമാണ് ഇപ്പോൾ ഇവിടെയുള്ളത്.

കൊച്ചി സ്റ്റേഡിയം ഐഎസ്എല്ലിനു വിട്ടു കൊടുത്തതോടെ ക്രിക്കറ്റ് കൊച്ചി വിട്ടു തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലേക്കു പോയി. 2018ൽ ഇന്ത്യ– വെസ്റ്റ് ഇൻഡീസ് ഏകദിന മത്സരം കൊച്ചിയിലെത്തിക്കാനുള്ള ശ്രമം നടന്നെങ്കിലും വിജയിച്ചില്ല. കോവിഡായതോടെ അടഞ്ഞു കിടക്കുന്ന സ്റ്റേഡിയം ഇനി പൂർണ സജ്ജമാകാൻ ദിവസങ്ങളെടുക്കും. കോവിഡ് കാലം മാറി അടുത്ത വർഷത്തെ ഐഎസ്എല്ലും ഒപ്പം ക്രിക്കറ്റും വീണ്ടും കലൂർ സ്റ്റേഡിയത്തിലേക്കു തിരിച്ചു വരുമെന്ന പ്രതീക്ഷയിലാണു കൊച്ചിയിലെ കായിക പ്രേമികൾ.

English Summary: 25 Years of Kaloor Jawaharlal Nehru Stadium

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com