sections
MORE

ഐപിഎലിനു മുൻപേ അടിതുടങ്ങി കിഷൻ (94 പന്തിൽ 173); ഇൻഡോറിൽ റെക്കോർഡ് മഴ!

ishan-kishan-batting
മധ്യപ്രദേശിനെതിരെ ഇഷാൻ കിഷൻ സെഞ്ചുറിയിലേക്ക് (ട്വിറ്റർ ചിത്രം)
SHARE

ഇൻഡോർ∙ ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, വിജയ് ഹസാരെ ട്രോഫിയിൽ കണ്ണഞ്ചിക്കുന്ന പ്രകടനവുമായി ജാർഖണ്ഡ് ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ ഇഷാൻ കിഷൻ. വിജയ് ഹസാരെ ഏകദിന ടൂർണമെന്റിന്റെ ആദ്യ ദിനമായ ഇന്ന്, മധ്യപ്രദേശിനെതിരായ മത്സരത്തിലാണ് ഇഷാൻ കിഷന്റെ തകർപ്പൻ പ്രകടനം. ഓപ്പണറായിറങ്ങി വെറും 94 പന്തിൽനിന്ന് 173 റൺസ് നേടിയ ഇഷാൻ കിഷന്റെ മികവിൽ, ജാർഖണ്ഡ് വിജയ് ഹസാരെ ട്രോഫിയിലെ റെക്കോർഡ് സ്കോറും പടുത്തുയർത്തി. 50 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ ജാർഖണ്ഡ് നേടിയ 422 റൺസ്, ഏകദിന ഫോർമാറ്റിൽ ഒരു ആഭ്യന്തര ടീമിന്റെ ഉയർന്ന സ്കോറാണ്. 2010ൽ റെയിൽവേസിനെതിരെ മധ്യപ്രദേശ് ആറു വിക്കറ്റ് നഷ്ടത്തിൽ നേടിയ 412 റൺസിന്റെ റെക്കോർഡാണ് തകർന്നത്.

കൂറ്റൻ വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മധ്യപ്രദേശ് കൂട്ടത്തകർച്ച നേരിട്ട് 18.4 ഓവറിൽ 98 റൺസിന് പുറത്തായതോടെ, ജാർഖണ്ഡ് 325 റൺസിന്റെ കൂറ്റൻ വിജയവും സ്വന്തമാക്കി. ഇത് ലിസ്റ്റ് എ ക്രിക്കറ്റിന്റെ തന്നെ ചരിത്രത്തിലെ ഉയർന്ന രണ്ടാമത്തെ വിജയമാണ്. മുന്നിലുള്ളത് 1990ൽ ഡിവോണിനെതിരെ സോമർസെറ്റ് നേടിയ 346 റൺസിന്റെ വിജയം മാത്രം. വിജയ് ഹസാരെ ട്രോഫിയിൽ 2018ൽ സിക്കിമിനെതിരെ ബിഹാർ നേടിയ 292 റൺസ് വിജയത്തിന്റെ റെക്കോർഡും ജാർഖണ്ഡ് സ്വന്തം പേരിലാക്കി.

അനായാസം ഇരട്ടസെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന കിഷന്, നിർഭാഗ്യം കൊണ്ട് മാത്രമാണ് അതുല്യ നേട്ടം നഷ്ടമായത്. 28–ാം ഓവറിന്റെ നാലാം പന്തിൽ ഗൗരവ് യാദവിന്റെ പന്തിൽ ശുഭം ശർമയ്‌ക്ക് ക്യാച്ച് സമ്മാനിച്ച് പുറത്താകുമ്പോഴേയ്ക്കും 94 പന്തിൽ 19 ഫോറും 11 സിക്സും സഹിതം കിഷൻ നേടിയത് 173 റൺസ്. ഇതിനിടെ രണ്ട് സെഞ്ചുറി കൂട്ടുകെട്ടുകളിലും കിഷൻ പങ്കാളിയായി. രണ്ടാം വിക്കറ്റിൽ കുശാഗ്ര കുമാറിനൊപ്പം 113, മൂന്നാം വിക്കറ്റിൽ വിരാട് സിങ്ങിനൊപ്പം 117 റൺസ് എന്നിങ്ങനെയാണ് കിഷൻ കൂട്ടിച്ചേർത്തത്. അഞ്ചാം വിക്കറ്റിൽ സുമിത് കുമാർ – അനുകൂൽ റോയ് സഖ്യവും സെഞ്ചുറി കൂട്ടുകെട്ട് തീർത്തു.

ഇൻഡോറിലെ ഹോൽക്കർ സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ജാർഖണ്ഡിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. സ്കോർ ബോർഡിൽ 10 റൺസ് മാത്രമുള്ളപ്പോൾ ഓപ്പണർ ഓപ്പണർ ഉത്‌കർഷ് സിങ് പുറത്ത്. ആറു പന്തിൽ ആറു റൺസെടുത്ത സിങ്ങിനെ ചന്ദ്ര പാണ്ഡെ പുറത്താക്കി. ഇതിനുശേഷമായിരുന്നു ഇഷാൻ കിഷന്റെ നേതൃത്വത്തിൽ ജാർഖണ്ഡ് താരങ്ങളുടെ തിരിച്ചടി. 48 ഓവർ പൂർത്തിയാകുമ്പോൾ 411 റൺസെന്ന നിലയിലായിരുന്ന ജാർഖണ്ഡിന്, അവസാന രണ്ട് ഓവറിൽ കൂട്ടത്തോടെ വിക്കറ്റ് നഷ്ടമായത് കൂടുതൽ മികച്ച സ്കോർ നഷ്ടമാക്കി. അവസാന 14 പന്തിൽ വെറും 11 റൺസിനിടെ അഞ്ച് വിക്കറ്റുകളാണ് ജാർഖണ്ഡ് നഷ്ടമാക്കിയത്. മധ്യപ്രദേശിനായി ഗൗരവ് യാദവ് നാലു വിക്കറ്റ് വീഴ്ത്തി.

പിന്നീട് മറുപടി ബാറ്റിങ്ങിൽ മധ്യപ്രദേശ് നേരിട്ടത് കൂട്ടത്തകർച്ച. മധ്യപ്രദേശ് നിരയിൽ രണ്ടക്കം കണ്ടത് രണ്ടു പേർ മാത്രം. ഓപ്പണർ അഭിഷേക് ഭണ്ഡാരി (57 പന്തിൽ 42), വെങ്കടേഷ് അയ്യർ (17 പന്തിൽ മൂന്നു ഫോറും ഒരു സിക്സും സഹിതം 23 റൺസ്) എന്നിവർ. ഒൻപത് പേർ ഒറ്റയക്കത്തിൽ ഒതുങ്ങി. ഇതിൽ ക്യാപ്റ്റൻ പാർഥ് സഹാനി ഉൾപ്പെടെ നാലു പേർ പൂജ്യത്തിന് പുറത്തായി. 5.4 ഓവറിൽ 37 റൺസ് വഴങ്ങി ആറു വിക്കറ്റെടുത്ത വരുൺ ആരോണിന്റെ പ്രകടനമാണ് മധ്യപ്രദേശിനെ തകർത്തത്.

English Summary: Ishan Kishan hits 173 vs MP as Jharkhand post highest total by an Indian domestic side in 50-over cricket

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA