ADVERTISEMENT

കൊച്ചി∙ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 14–ാം സീസണിനു മുന്നോടിയായുള്ള താരലേലം കഴിഞ്ഞിട്ട് ദിവസങ്ങളായെങ്കിലും സമൂഹമാധ്യമങ്ങളിൽ വൈറലായി മലയാളി ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന്റെ ഒരു കമന്റ്! ഐപിഎൽ ടീമായ പഞ്ചാബ് കിങ്സിന്റെ ഉടമയും നടിയുമായ പ്രീതി സിന്റയുടെ പോസ്റ്റിനു താഴെ ശ്രീശാന്ത് കുറിച്ച കമന്റാണ് വൈറലായത്. ഐപിഎൽ ഒത്തുകളിയുമായി ബന്ധപ്പെട്ട വിലക്കിനുശേഷം സജീവ ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ ശ്രീ, ഇത്തവണ താരലേലത്തിലൂടെ ഐപിഎലിലേക്കും തിരിച്ചെത്താമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാൽ, താരലേലത്തിനുള്ള അന്തിമ പട്ടിക പുറത്തുവന്നപ്പോൾ ഇടംപിടിക്കാനാകാതെ പോയത് താരത്തിന് തിരിച്ചടിയായി.

ഇതിനിടെയാണ് പ്രീതി സിന്റയുടെ പോസ്റ്റിന് ശ്രീശാന്ത് കുറിച്ച കമന്റ് വൈറലായി മാറിയത്. ഐപിഎൽ താരലേലത്തിനുള്ള പട്ടികയിൽനിന്ന് പുറത്തായെങ്കിലും തോറ്റു പിൻമാറില്ലെന്ന് പ്രഖ്യാപിച്ച ശ്രീശാന്ത്, ഈ വർഷത്തെ ഐപിഎലിൽ കളിക്കാനുള്ള താൽപര്യമാണ് പകുതി കാര്യമായും പകുതി തമാശയായും ഈ കമന്റിലൂടെ പ്രകടിപ്പിച്ചത്.

സംഭവം ഇങ്ങനെ: ചെന്നൈയിൽ ഫെബ്രുവരി 18ന് നടന്ന താരലേലത്തിന് മുന്നോടിയായി പ്രീതി സിന്റ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് തുടക്കം. അതിങ്ങനെ: ‘ഐപിഎൽ താരലേലത്തിനായി ചെന്നൈയിലെത്തി. ഈ വർഷം പഞ്ചാബ് കിങ്സിൽ നിങ്ങൾ കാണാൻ ആഗ്രഹിക്കുന്ന താരങ്ങൾ ആരെല്ലാമെന്ന് അറിയാൻ കൗതുകമുണ്ട്. നിങ്ങളുടെ ആഗ്രഹം തുറന്നു പറയൂ. ഞാൻ കേൾക്കാം’ – വിമാനത്താവളത്തിൽനിന്നുള്ള ചിത്രം സഹിതം പ്രീതി സിന്റ കുറിച്ചു.

ഈ പോസ്റ്റിനു താഴെയാണ് ശ്രീശാന്തിന്റെ പ്രതികരണമെത്തിയത്. ഒന്നല്ല, ഒരു കൂട്ടം കമന്റുകളുമായാണ് താരം പ്രീതി സിന്റയുടെ പോസ്റ്റിനോട് പ്രതികരിച്ചത്. ഇത്തവണ പഞ്ചാബ് കിങ്സ് ജഴ്സിയിൽ കാണാൻ താൽപര്യമുള്ള താരങ്ങൾ ആരെല്ലാമെന്ന ചോദ്യത്തിന്, ‘ശ്രീശാന്ത്’ എന്നാണ് താരം കമന്റിട്ടത്. പിന്നാലെ മറ്റൊരു കമന്റുമിട്ടു.

sreesanth-comments

‘താരലേലത്തിനുള്ള പട്ടികയിൽ ഞാനില്ല. എങ്കിലും നിങ്ങൾക്ക് എന്നെ തിരഞ്ഞെടുക്കാം.’ മൂന്നാമത്തെ കമന്റിൽ ശ്രീശാന്ത് എല്ലാവർക്കും ആശംസകൾ നേർന്നു. ‘എല്ലാ ആശംസകളും. ദൈവം അനുഗ്രഹിക്കട്ടെ’ – ശ്രീശാന്ത് കുറിച്ചു.

ശ്രീശാന്ത് തന്റെ ഐപിഎൽ കരിയറിന് തുടക്കം കുറിച്ചത് ഇപ്പോൾ പഞ്ചാബ് കിങ്സ് എന്ന് പേരുമാറ്റിയ കിങ്സ് ഇലവൻ പഞ്ചാബിന് ഒപ്പമാണെന്നതും ശ്രദ്ധേയം. 2008ൽ പഞ്ചാബിലെത്തിയ ശ്രീശാന്ത് 2010 വരെ അവിടെ തുടർന്നു. ഐപിഎലിലെ കന്നി സീസണിൽ പാക്കിസ്ഥാൻ താരം സുഹൈൽ തൻവീറിനു പിന്നിൽ 18 ഇരകളുമായി വിക്കറ്റ് വേട്ടക്കാരിൽ രണ്ടാമനായിരുന്നു ശ്രീശാന്ത്. ഇടയ്ക്ക് ഐപിഎലിൽ മുഖംകാട്ടിയ കൊച്ചി ടസ്കേഴ്സ് കേരളയ്ക്കായി കളത്തിലിറങ്ങിയ ശ്രീശാന്ത്, പിന്നീട് രാജസ്ഥാൻ റോയൽസിന്റെ ഭാഗമായി.

English Summary: May be you can still pick me’ – S Sreesanth tells Preity Zinta before IPL 2021 Auction

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com