ADVERTISEMENT

ചെന്നൈ∙ മോഹൻലാൽ നായകനായ മലയാള ചിത്രം ദൃശ്യത്തിന്റെ രണ്ടാം ഭാഗം കണ്ട് ആരാധകരായി മാറിയവരുടെ ഗണത്തിലേക്ക് ഒരു ക്രിക്കറ്റ് താരം കൂടി. ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യൻ വിജയശിൽപിയായ തമിഴ്നാട്ടുകാരൻ സ്പിന്നർ രവിചന്ദ്രൻ അശ്വിനാണ് ദൃശ്യം 2 കണ്ട് ആകൃഷ്ടനായത്. ചിത്രം തകർപ്പനാണെന്നും ഇതുവരെ കാണാത്തവർ ദൃശ്യത്തിന്റെ ആദ്യഭാഗം മുതൽ കാണണമെന്നും അശ്വിൻ ട്വീറ്റ് ചെയ്തു.

‘ദൃശ്യം 2ൽ മോഹൻലാൽ അവതരിപ്പിച്ച ജോർജ്കുട്ടി കോടതിക്കുള്ളിൽ സൃഷ്ടിച്ച ട്വിസ്റ്റ് കണ്ട് ഉച്ചത്തിൽ ചിരിച്ചുപോയി. ഇതുവരെ കാണാത്തവർ ദൃശ്യം ഒന്നു മുതൽ കാണുക. മികച്ച ചിത്രമാണ്. വളരെ മികച്ച ചിത്രം’ – അശ്വിൻ ട്വിറ്ററിൽ കുറിച്ചു.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്ത ദൃശ്യം 2 വളരെ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. മോഹൻലാലും മീനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ സിദ്ധിഖ്, മുരളി ഗോപി, സായ്കുമാർ, ആശാ ശരത്, അൻസിബ ഹസൻ, എസ്തേർ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. ദൃശ്യത്തിന്റെ ആദ്യഭാഗം ഒരുക്കിയ ജീത്തു ജോസഫാണ് രണ്ടാം ഭാഗവും തിരക്കഥയെഴുതി സംവിധാനം ചെയ്തത്.

∙ ടോട്ടനത്തിലും ‘ദൃശ്യം ഇഫക്ട്’

നേരത്തെ, ബ്രിട്ടനിലെ വിഖ്യാതമായ ടോട്ടനം ഹോട്‍സ്‌പർ ഫുട്ബോൾ ക്ലബ്ബ് ഈ ചിത്രത്തിലെ ഡയലോഗ് കടമെടുത്ത് സമൂഹമാധ്യമത്തിൽ കുറിച്ച വാക്കുകളും പോസ്റ്റും സൂപ്പർഹിറ്റായിരുന്നു. ഇംഗ്ലിഷ് പ്രീമിയർ ലീഗിലെ പ്രമുഖ ക്ലബ്ബായ ടോട്ടനം മലയാളത്തിലാണ് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടത്. വെള്ളിയാഴ്ച പോസ്റ്റ് ചെയ്ത കുറിപ്പിന് ആയിരക്കണക്കിന് ലൈക്കുകളാണ് ലഭിച്ചത്. ദൃശ്യത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്ന ജോർജ് കുട്ടി എന്ന കഥാപാത്രത്തെക്കുറിച്ചുള്ള ഡയലോഗ് കടമെടുത്താണ് ടോട്ടനം ഹോട്സ്‌പർ മലയാളത്തിൽ പോസ്റ്റിട്ടത്. ടോട്ടനത്തിന്റെ ദക്ഷിണകൊറിയൻ സൂപ്പർതാരം സൺ ഹ്യൂങ് മിന്നിനു വേണ്ടിയാണ് ഈ ഡയലോഗ് കടമെടുത്തത്. സണ്ണിന്റെ ചിത്രം സഹിതം ടോട്ടനത്തിന്റെ പോസ്റ്റ് ഇങ്ങനെ:

‘അയാൾ അയാളുടെ ടീമിനെ സഹായിക്കാൻ ഏതറ്റം വരെയും പോകും’ – He is a classic footballer എന്ന ഇംഗ്ലിഷ് വാചകത്തിനൊപ്പം ടോട്ടനം കുറിച്ചു. #Drishyam2 #HeungMinSon എന്നീ ഹാഷ്ടാഗുകളുമുണ്ട്.

ടോട്ടനം ഹോട്‌സ്‌പർ പോസ്റ്റ് ചെയ്ത ചിത്രവും കുറിപ്പും. ദൃശ്യം 2വിൽ മോഹൻലാൽ.
ടോട്ടനം ഹോട്‌സ്‌പർ പോസ്റ്റ് ചെയ്ത ചിത്രവും കുറിപ്പും. ദൃശ്യം 2വിൽ മോഹൻലാൽ.

English Summary: Drishyam 2 is just fabulous, says cricketer R.Ashwin

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com