sections
MORE

തിരക്കിനിടയിലും ദൃശ്യം 2 കണ്ടതിന് മോഹൻലാലിന്റെ നന്ദി; അശ്വിന്റെ ‘ലാലേട്ടൻ’ വൈറൽ!

mohanlal-ashwin
മോഹൻലാൽ, അശ്വിൻ
SHARE

ചെന്നൈ∙ മോഹൻലാൽ നായകനായ മലയാള ചിത്രം ദൃശ്യത്തിന്റെ രണ്ടാം ഭാഗം കണ്ട് ഇഷ്ടപ്പെട്ട് നല്ല വാക്കുകളുമായി ഇന്ത്യൻ ക്രിക്കറ്റിലെ മിന്നും താരം രവിചന്ദ്രൻ അശ്വിൻ. രാജ്യാന്തര മത്സരങ്ങളുടെ തിരക്കിനിടയിലും ആദ്യ ആഴ്ചതന്നെ ദൃശ്യം 2 കാണാൻ സമയം കണ്ടെത്തിയ അശ്വിന് നന്ദിയറിയിച്ച് മോഹൻലാൽ. ഒടുവിൽ, ‘ലാലേട്ടൻ’ എന്ന സ്നേഹമൂറുന്ന വിളിയിൽ ‌മോഹൻലാലിന്റെ നന്ദിവാക്കുകൾ പങ്കുവച്ച് വീണ്ടും അശ്വിൻ. അഭ്രപാളിയിലെയും ക്രിക്കറ്റ് കളത്തിലെയും രണ്ട് പ്രിയതാരങ്ങൾ ട്വിറ്ററിലൂടെ മനസ്സു തുറക്കുമ്പോൾ, മനസ്സു നിറഞ്ഞ നിലയിൽ ആരാധകരും!

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസം ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്ത ദൃശ്യം 2 കണ്ട് ട്വിറ്ററിൽ അശ്വിൻ കുറിച്ച നല്ല വാക്കുകളിലാണ് തുടക്കം. ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ പന്തുകൊണ്ടും ബാറ്റുകൊണ്ടും ടീമിന്റെ വിജയശിൽപിയായി അധികം വൈകും മുൻപാണ് ദൃശ്യത്തിന്റെ രണ്ടാം ഭാഗം കണ്ടതും ഇഷ്ടമായതും ട്വിറ്ററിലൂടെ അശ്വിൻ തുറന്നുപറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ:

‘ദൃശ്യം 2ൽ മോഹൻലാൽ അവതരിപ്പിച്ച ജോർജ്കുട്ടി കോടതിക്കുള്ളിൽ സൃഷ്ടിച്ച ട്വിസ്റ്റ് കണ്ട് ഉച്ചത്തിൽ ചിരിച്ചുപോയി. ഇതുവരെ കാണാത്തവർ ദൃശ്യം ഒന്നു മുതൽ കാണുക. മികച്ച ചിത്രമാണ്. വളരെ മികച്ച ചിത്രം’ – അശ്വിൻ ട്വിറ്ററിൽ കുറിച്ചു.

ഇതോടെ താരത്തിന് മറുപടിയുമായി നടൻ മോഹൻലാൽ നേരിട്ട് രംഗത്തെത്തി. 

‘വലിയ തിരക്കുകൾക്കിടയിലും ദൃശ്യം 2 കാണാനും അതേക്കുറിച്ച് നല്ല വാക്കുകൾ പറയാനും സമയം കണ്ടെത്തിയതിന് നന്ദി. താങ്കളുടെ ഈ പ്രവൃത്തി ഞങ്ങളുടെയെല്ലാം പ്രതീക്ഷകളെപ്പോലും മറികടന്നു. താങ്കളുടെ കരിയറിന് എല്ലാ ആശംസകളും’ – മോഹൻലാൽ കുറിച്ചു.

താരത്തിന്റെ ഈ നന്ദി ട്വീറ്റാണ് ‘ലാലേട്ടൻ’ എന്ന വിളിയോടെ അശ്വിൻ ഇന്ന് പങ്കുവച്ചത്. ഇതിനകം ഈ ട്വീറ്റിന് ഇരുപതിനായിരത്തോളം ലൈക്കുകളാണ് ലഭിച്ചത്. ആയിരത്തഞ്ഞൂറോളം പേർ ഇത് ഷെയറും ചെയ്തിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ നിർണായക മത്സരം ബുധനാഴ്ച അഹമ്മദാബാദിലെ സർദാർ പട്ടേൽ സ്റ്റേഡിയത്തിൽ ആരംഭിക്കാനിരിക്കെയാണ് അശ്വിന്റെ ട്വീറ്റെത്തിയത്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്ത ദൃശ്യം 2 വളരെ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. മോഹൻലാലും മീനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ സിദ്ധിഖ്, മുരളി ഗോപി, സായ്കുമാർ, ആശാ ശരത്, അൻസിബ ഹസൻ, എസ്തേർ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. ദൃശ്യത്തിന്റെ ആദ്യഭാഗം ഒരുക്കിയ ജീത്തു ജോസഫാണ് രണ്ടാം ഭാഗവും തിരക്കഥയെഴുതി സംവിധാനം ചെയ്തത്.

Content Highlights: Mohanlal, Drishyam 2, Ravichandran Ashwin

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA