ADVERTISEMENT

അഹമ്മദാബാദ് ∙ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരിൽ പുനർനാമകരണം ചെയ്ത മൊട്ടേര സ്റ്റേഡിയത്തിലെ ആദ്യ രാജ്യാന്തര ക്രിക്കറ്റ് ടെസ്റ്റിന് രണ്ടു ദിവസം കൊണ്ട് പരിസമാപ്തി. ബാറ്റ്സ്മാൻമാരുടെ ശവപ്പറമ്പായി മാറിയ മൊട്ടേരയിലെ പിച്ചിൽ സ്പിന്നർമാർ സംഹാര താണ്ഡവമാടിയതോടെ, ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് 10 വിക്കറ്റിന്റെ തകർപ്പൻ ജയം. ഇംഗ്ലണ്ട് ഉയർത്തിയ 49 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ, 7.4 ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ ലക്ഷ്യത്തിലെത്തി. ഓപ്പണർമാരായ രോഹിത് ശർമ (25 പന്തിൽ 25), ശുഭ്മാൻ ഗിൽ (21 പന്തിൽ 15) എന്നിവരാണ് വിക്കറ്റ് നഷ്ടം കൂടാതെ ഇന്ത്യയെ വിജയത്തിലേക്ക് കൈപിടിച്ചത്. ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ടിന്റെ പന്തിൽ സിക്സടിച്ചാണ് രോഹിത് ശർമ ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. ഇതോടെ, നാലു ടെസ്റ്റുകൾ ഉൾപ്പെടുന്ന പരമ്പരയിൽ ഇന്ത്യ 2–1ന് മുന്നിലെത്തി. പരമ്പരയിലെ അവസാന ടെസ്റ്റ് ഇതേ വേദിയിൽ മാർച്ച് നാലു മുതൽ നടക്കും.

സ്കോർ: ഇംഗ്ലണ്ട് – 112 & 81, ഇന്ത്യ – 145 & 49/0

ഇന്ത്യയ്ക്ക് 33 റൺസ് മാത്രം ഒന്നാം ഇന്നിങ്സ് ലീഡ് സമ്മാനിച്ചതിന്റെ ആവേശത്തിൽ രണ്ടാം ഇന്നിങ്സ് ആരംഭിച്ച ഇംഗ്ലണ്ട്, 30.4 ഓവറിൽ 81 റൺസിന് എല്ലാവരും പുറത്തായതോടെയാണ് ഇന്ത്യയ്ക്ക് മുന്നിൽ 49 റൺസ് വിജയലക്ഷ്യമുയർന്നത്. തുടർച്ചയായ രണ്ടാം ഇന്നിങ്സിലും അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി മത്സരത്തിലാകെ 11 വിക്കറ്റ് വീഴ്ത്തിയ ‘ലോക്കൽ ബോയ്’ അക്ഷർ പട്ടേലാണ് ഇംഗ്ലണ്ടിനെ വീണ്ടും തകർത്തത്. അശ്വിൻ നാലും വാഷിങ്ടൻ സുന്ദർ ഒരു വിക്കറ്റും വീഴ്ത്തി. ഈ മത്സരത്തോടെ ‌അശ്വിൻ ടെസ്റ്റിൽ 400 വിക്കറ്റ് നേട്ടം സ്വന്തമാക്കി.

34 പന്തിൽ മൂന്നു ഫോറുകൾ സഹിതം 25 റൺസെടുത്ത ബെൻ സ്റ്റോക്സാണ് രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ. സ്റ്റോക്സിനു പുറമെ ഇംഗ്ലിഷ് നിരയിൽ രണ്ടക്കം കണ്ടത് രണ്ടു പേർ മാത്രം. 45 പന്തിൽ 19 റൺസെടുത്ത ക്യാപ്റ്റൻ ജോ റൂട്ട്, 15 പന്തിൽ രണ്ടു ഫോറുകൾ സഹിതം 12 റൺസെടുത്ത ഒലീ പോപ്പ് എന്നിവർ. ഓപ്പണർമാരായ സാക് ക്രൗളി (0), ഡൊമിനിക് സിബ്‍ലി (ഏഴ്), ജോണി ബെയർസ്റ്റോ (0), ബെൻ ഫോക്സ് (8), ജോഫ്ര ആർച്ചർ (0), ജാക്ക് ലീച്ച് (9), ജയിംസ് ആൻഡേഴ്സൻ (0) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. സ്റ്റുവാർട്ട് ബ്രോഡ് ഒരു റണ്ണുമായി പുറത്താകാതെ നിന്നു.

∙ ഇന്ത്യയ്ക്കും ‘ക്ഷീണം’

നേരത്തെ ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം വ്യക്തമായ മേധാവിത്തത്തോടെ അവസാനിപ്പിച്ച ഇന്ത്യ രണ്ടാം ദിനത്തിൽ വൻ തകർച്ച നേരിട്ടു. മൂന്നു വിക്കറ്റ് നഷ്ടത്തിൽ 99 റൺസെന്ന നിലയിൽ മികച്ച ലീഡ് ലക്ഷ്യമിട്ട് രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് വെറും 46 റൺസിനിടെ ശേഷിച്ച ഏഴു വിക്കറ്റുകളും നഷ്ടമായി. ഫലം, ഒന്നാം ഇന്നിങ്സിൽ വെറും 33 റൺസ് ലീഡുമായി ഇന്ത്യ 53.2 ഓവറിൽ 145 റൺസിന് പുറത്ത്. 6.2 ഓവറിൽ എട്ട് റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് പിഴുത ഇംഗ്ലിഷ് ക്യാപ്റ്റന്‍ ജോ റൂട്ടിന്റെ പാർട്ട് ടൈം സ്പിന്നിനു മുന്നിലാണ് ഇന്ത്യ രണ്ടാം ദിനത്തിൽ തകർന്നത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽത്തന്നെ റൂട്ടിന്റെ ഏറ്റവും മികച്ച ബോളിങ് പ്രകടനമാണിത്. സ്പെഷലിസ്റ്റ് സ്പിന്നർ ജാക്ക് ലീച്ച് 20 ഓവറിൽ 54 റൺസ് വഴങ്ങി നാലു വിക്കറ്റും വീഴ്ത്തി.

സ്പിന്നർമാരെ അതിരറ്റ് തുണയ്ക്കുന്ന പിച്ചിൽ ഇന്ത്യൻ നിരയിൽ രണ്ടക്കം കണ്ടത് നാലു പേർ മാത്രം. ഓപ്പണർ രോഹിത് ശർമ (96 പന്തിൽ 66), ക്യാപ്റ്റൻ വിരാട് കോലി (58 പന്തിൽ 27), രവിചന്ദ്രൻ അശ്വിൻ (32 പന്തിൽ 17), ഇഷാന്ത് ശർമ (20 പന്തിൽ പുറത്താകാതെ 10) എന്നിവരാണ് രണ്ടക്കം കണ്ടത്. അജിൻക്യ രഹാനെ (25 പന്തിൽ ഏഴ്), ഋഷഭ് പന്ത് (ഒന്ന്), വാഷിങ്ടൻ സുന്ദർ (0)‌, അക്ഷർ പട്ടേൽ (0), ജസ്പ്രീത് ബുമ്ര (ഒന്ന്) എന്നിവർ പൂർണമായും നിരാശപ്പെടുത്തി. ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സിൽ 112 റൺസിന് പുറത്തായിരുന്നു.

∙ ഈ ടെസ്റ്റിൽ ഇംഗ്ലണ്ട് ആകെ നേടിയ 193 റൺസ് 1984നുശേഷം അവരുടെ ഏറ്റവും ചെറിയ സ്കോറാണ്. 1983–84ൽ ക്രൈസ്റ്റ് ചർച്ചിൽ ന്യൂസീലൻഡിനെതിരെ രണ്ട് ഇന്നിങ്സിലുമായി 175 റൺസ് നേടിയിരുന്നു (93 & 82).

∙ പകൽ–രാത്രി ടെസ്റ്റുകളിലെ ഏറ്റവും മികച്ച ബോളിങ് പ്രകടനങ്ങൾ

11/70 അക്ഷർ പട്ടേൽ ഇംഗ്ലണ്ടിനെതിരെ, അഹമ്മദാബാദിൽ, 2020/21 *
10/62 പാറ്റ് കമ്മിൻസ് ശ്രീലങ്കയ്‍ക്കെതിരെ, ബ്രിസ്ബേനിൽ, 2018/19
10/174 ദേവേന്ദ്ര ബിഷൂ പാക്കിസ്ഥാനെതിരെ, ദുബായിൽ, 2016/17

∙ ഏറ്റവും വേഗത്തിൽ ടെസ്റ്റിൽ 400 വിക്കറ്റ് വീഴ്ത്തിയവർ

72 മുത്തയ്യ മുരളീധരൻ
77 രവിചന്ദ്രൻ അശ്വിൻ
80 റിച്ചാർഡ് ഹാഡ്‍ലി, ഡെയ്ൽ സ്റ്റെയ്ൻ
84 രംഗണ ഹെറാത്ത്
85 അനിൽ കുംബ്ലെ

∙ ടെസ്റ്റിൽ അശ്വിൻ ഏറ്റവും കൂടുതൽ തവണ പുറത്താക്കിയ താരങ്ങൾ

11 – ബെൻ സ്റ്റോക്സ്
10 – ഡേവിഡ് വാർണർ
9 – അലിസ്റ്റയർ കുക്ക്
7 – എഡ് കോവൻ, ജയിംസ് ആൻഡേഴ്സൻ

∙ ഒരു ഇന്നിങ്സിന്റെ ആദ്യ പന്തിൽ സ്പിന്നർ വിക്കറ്റ് നേടുന്നത് ഇത് നാലാം തവണ മാത്രം. ഇംഗ്ലിഷ് ഓപ്പണർ സാക് ക്രൗളിയെ അക്ഷർ പട്ടേലാണ് രണ്ടാം ഇന്നിങ്സിലെ ആദ്യ പന്തിൽ പുറത്താക്കിയത്.

ബോബി പീൽ ഓസ്ട്രേലിയയ്ക്കെതിരെ, 1888
ബെർട്ട് വോഗ്ലർ ഇംഗ്ലണ്ടിനെതിരെ, 1907
രവിചന്ദ്രൻ അശ്വിൻ ഇംഗ്ലണ്ടിനെതിരെ, 2020–21
അക്ഷർ പട്ടേൽ ഇംഗ്ലണ്ടിനെതിരെ, 2020–21

∙ ഇന്ത്യയ്‍ക്കെതിരെ ഇംഗ്ലണ്ടിന്റെ ‌ചെറിയ സ്കോറുകൾ

81 അഹമ്മദാബാദ്, 2020/21 *
101 ഓവൽ, 1971
102 മുംബൈ, 1979/80
102 ലീഡ്സ്, 1986
112 അഹമ്മദാബാദ്, 2020/21

∙ ഡേ–നൈറ്റ് ടെസ്റ്റിൽ സ്പിന്നര്‍മാർക്ക് കൂടുതൽ വിക്കറ്റ്

28 ഇന്ത്യ–ഇംഗ്ലണ്ട്, അഹമ്മദാബാദിൽ, 2020/21 *
24 പാക്കിസ്ഥാൻ–ശ്രീലങ്ക, ദുബായിൽ, 2017/18
22 പാക്കിസ്ഥാൻ–വെസ്റ്റിൻഡീസ്, ദുബായിൽ, 2016/17
08 ഓസ്ട്രേലിയ–ന്യൂസീലൻഡ്, പെർത്ത്, 2019/20

English Summary: India vs England, 3rd Test, Day Two - Live Cricket Score

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com